ഒരു പുതിയ സിനിമയുടെ സെറ്റിലെത്തിയാല്‍ താന്‍ ആരോടും മിണ്ടാറില്ലെന്ന് നടന്‍ സുധീര്‍ കരമന. താൻ മോശം നടനായാൽ പേരുദോഷം തന്‍റെ അച്ഛനാണെന്നും സുധീര്‍ കരമന പറയുന്നു. മതം, ജാതി, രാഷ്ട്രീയം എന്നീ കാഴ്‌ചപ്പാടുകളിലൊക്കെ വലിയ നിയന്ത്രണം സംഭവിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുധീർ കരമനയുടെ 'പുലിയാട്ടം' എന്ന ചിത്രം അടുത്തിടെയാണ് ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്. 2023 മാര്‍ച്ചില്‍ തിയേറ്റര്‍ റിലീസായ ചിത്രം 2024 ഓഗസ്‌റ്റ് 28നാണ് ഒടിടിയില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ ഇടിവി ഭാരതിനോട് തന്‍റെ കെരിയര്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
'പുലിയാട്ട'ത്തില്‍ പുലി ജോസ് എന്ന കഥാപാത്രത്തെയാണ് സുധീർ കരമന അവതരിപ്പിച്ചത്. ചിത്രം തിയേറ്ററിൽ വലിയ സാമ്പത്തിക വിജയമാകാത്തതില്‍ മലയാളി പ്രേക്ഷകരുടെ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുധീർ കരമന.
'നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ട് പോകുന്നത് ഒരിക്കലും മലയാളി പ്രേക്ഷകരുടെ കുറ്റമല്ല. ഒരു സിനിമയുടെ കഥയും തിരക്കഥയും ആഖ്യാന രീതിയുമൊക്കെ മികച്ചതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കുക തന്നെ ചെയ്യും. എന്ത് സൃഷ്‌ടിയിലും മസാല ഉണ്ടെങ്കിൽ മാത്രം ജനശ്രദ്ധ പിടിച്ചു പറ്റുമെന്ന വസ്‌തുതയോട് യോജിക്കാനാകില്ല. ഇവിടത്തെ പ്രധാന പ്രശ്‌നം എന്തെന്നാൽ ഒരു ചെറിയ സിനിമ നിർമ്മിക്കുന്നതിനേക്കാൾ ചിലവാണ് ഒരു സിനിമയെ, തിയേറ്ററില്‍ എത്തിക്കാനും അതിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വിധത്തിൽ പ്രൊമോഷൻ ചെയ്യാനും.
അത്തരത്തിൽ പുലിയാട്ടം അടക്കമുള്ള ചില ചിത്രങ്ങളുടെ നിർമ്മാതാക്കൾ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പണം മുടക്കാൻ തയ്യാറാകാതിരുന്നതിനാൽ ഒരു സിനിമയുടെ പുൾ ഫാക്‌ടർ ഉണ്ടാകാതെ പോകും. നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മികച്ച പബ്ലിസിറ്റിയും ആവശ്യമാണ്. ഇനി സിനിമകളിലെ മസാല എന്ന വസ്‌തുതയെ കുറിച്ച് സംസാരിച്ചാൽ അതിനൊരിക്കലും ഞാൻ എതിരല്ല.
ഒരു സിനിമയെ മെച്ചപ്പെടുത്താൻ ഏതൊക്കെ മാർഗം സ്വീകരിക്കാമോ അതെല്ലാം ഉപയോഗപ്പെടുത്തണം എന്നുള്ളതാണ്. സിനിമ കാണാൻ എത്തുന്നത് ഒരു പ്രായത്തിൽ മാത്രം ഒതുങ്ങുന്ന ജനവിഭാഗം അല്ല. പ്രായഭേദമന്യേ ഒരു സിനിമ എല്ലാ പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തണം. അത്തരമൊരു പ്രേക്ഷക പ്രീതി ലഭിക്കാൻ മസാലയുടെ ആവശ്യമില്ല. പക്ഷേ മികച്ച പബ്ലിസിറ്റി അത്യാവശ്യമാണ്.
പുലിയാട്ടം കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെ. സിനിമയിലെ കഥാപാത്രമായ പുലി ജോസ് ആയി മാറാൻ പുലിക്കളി പഠിക്കാൻ തീരുമാനിച്ചു. തൃശ്ശൂരിൽ നിന്നുള്ള ഒരു സംഘം എത്തി തന്നെ പുലികളി നന്നായി പഠിപ്പിച്ചു. പുലിക്കളി പഠിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പുലി വേഷ പകർച്ച. പുലി വേഷമെന്ന് പറയുമ്പോൾ വളരെ നിസ്സാരമായി കാണേണ്ട കാര്യമല്ല. പൂരത്തിന് ഒക്കെ കാണുന്ന വയറുള്ള പുലികൾ ഒക്കെ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള തന്ത്രം മാത്രമാണ്.
യഥാർത്ഥ പുലിയുടെ രൂപവും ഭാവവും ഒക്കെ വളരെ വ്യത്യസ്തമാർന്നതാണ്. കരിമ്പുലി, പുള്ളിപ്പുലി അങ്ങനെ നിരവധി പുലി വേഷങ്ങളുണ്ട്. ഒട്ടുമിക്ക പുലി വേഷങ്ങളും ഈ ചിത്രത്തിന് വേണ്ടി ഞാൻ ധരിച്ചു. പുലർച്ചെ മൂന്നര മണിക്കാകും പലപ്പോഴും മേക്കപ്പ് ആരംഭിക്കുക. എന്നാൽ മാത്രമേ രാവിലെ എട്ട് മണിയോടു കൂടിയെങ്കിലും ആദ്യ ഷോട്ട് എടുക്കാനാകു. വേഷത്തിൽ കയറിയാൽ പിന്നെ ഭക്ഷണം കഴിക്കാനോ ഇരിക്കാനോ സാധിക്കില്ല. രാത്രി 10 മണി വരെ ചിത്രീകരണം നീണ്ടു പോകും. അഞ്ചാറ് ദിവസത്തോളം ഇതെ രീതി തുടരേണ്ടി വന്നു.
സാധാരണ പുലിവേഷക്കാർ ആട്ടം കഴിഞ്ഞ് പുഴയിലെ കുളത്തില്‍ ഇറങ്ങിക്കിടന്ന് ദേഹത്തെ ചായം കളയാറാണ് പതിവ്. അതിന് ഒരുപക്ഷേ മണിക്കൂറുകളോളം സമയമെടുക്കും. നമുക്ക് അതിനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട്, ഒരാളുടെ സഹായത്തോടെ ലൊക്കേഷനിൽ തന്നെയാകും പുലി വേഷം അഴിക്കാനുള്ള പെടാപ്പാട് നടത്തുക.
സപ്‌തമ ശ്രീ തസ്‌കര എന്ന ചിത്രത്തിലെ ലീഫ് വാസുവിനെ ആരും മറക്കാൻ ഇടയില്ല. ഇതേതാ പടം. ഇത് അതല്ല, നല്ല പടം.. എന്നാൽ എന്‍റെ ഡയലോഗ് ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. എന്‍റെ കഥാപാത്രത്തിന്‍റെ കിളി പോയുള്ള ഇരുപ്പും ഇപ്പോഴും മീമായി ഉപയോഗിക്കാറുണ്ട്. സംവിധായകന്‍റെ അനുമതിയോടു കൂടി തന്‍റേതായ രീതിയിലുള്ള കോൺട്രിബ്യൂഷൻസ് ആ കഥാപാത്രത്തിന് നൽകി.
ജീവിതത്തിലെ 10 മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'സിറ്റി ഓഫ് ഗോഡി'ലെ കഥാപാത്രം. ഏതു ഭാഷക്കാരനായും, ഏതൊരു രീതിയിലുള്ള വ്യക്തിയായും പെട്ടെന്ന് മാറാനുള്ള എന്‍റെ രൂപം അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിന് സഹായിക്കും. സിനിമയിലെ കഥാപാത്രങ്ങൾ പലപ്പോഴും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് നമ്മുടെ ചുറ്റുപാടിൽ കാണുന്ന ചിലരെ പോലെ തോന്നുന്നത് കൊണ്ടാണ് ജനപ്രിയമാകുന്നത്. ചില കഥാപാത്രങ്ങൾ വ്യത്യസ്‌തമായാൽ പിന്നെ ജനങ്ങൾ ആ കഥാപാത്രത്തെ മറക്കുകയുമില്ല. മേൽപ്പറഞ്ഞ എന്‍റെ രണ്ടു കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നത് അതുകൊണ്ടാണ്.
അധ്യാപന ജോലിയിൽ ഇരിക്കെ 'മറവിയുടെ മണം' എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്. പൃഥ്വിരാജ് നായകനായ 'വാസ്‌തവം' ആയിരുന്നു ആദ്യ സിനിമ.
അച്ഛൻ കരമന ജനാർദ്ദനൻ നായർ സിനിമയിൽ ഉണ്ടാക്കിയെടുത്ത ഒരു പേരുണ്ട്. അദ്ദേഹത്തിന്‍റെ പേര് മകനായ ഞാൻ അഭിനയത്തിലേക്ക് കടന്നുവന്ന് കളഞ്ഞു കുളിക്കരുത് എന്നുള്ള ഒരു ഭയം അക്കാലത്തുമുണ്ട് ഇക്കാലത്തുമുണ്ട്. ഒരു നടന്‍റെ മകൻ അഭിനയ ലോകത്തേക്ക് കടന്നുവന്ന് മികച്ച പ്രകടനം കാഴ്‌ചവച്ചാൽ പ്രേക്ഷകർക്ക് അത്, ഓക്കെ. പക്ഷേ ഒന്ന് പാളിയാൽ അതിന്‍റെ പേരുദോഷം മകനല്ല, അച്ഛനാവും ലഭിക്കുക.
ഒരു കപ്പലണ്ടി തിന്നുന്ന ലാഘവത്തിൽ സമീപിക്കാവുന്ന മേഖലയല്ല അഭിനയം. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളുമ്പോൾ അതിനൊരു പെയിനുണ്ട്. അത്തരം ഒരു ഉൾക്കൊള്ളൽ കാരണം പലപ്പോഴും പല സിനിമകളുടെയും സെറ്റിൽ ആദ്യ ദിവസങ്ങൾ എത്തുമ്പോൾ ആരോടും സംസാരിക്കാറുകൂടിയില്ല. ലാഘവത്തോടെ സമീപിക്കാതെ ഈ ചെയ്യുന്നത് നമ്മുടെ ഒരു ജോലി കൂടിയാണെന്ന് തിരിച്ചറിഞ്ഞാൽ നമ്മളെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കും. അതിന് ഉദാഹരണമാണ് ഞാൻ.
250 ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒരു സുപ്രഭാതത്തിൽ അഭിനയിച്ചു കളയാം എന്ന മോഹവുമായി ഇറങ്ങിത്തിരിച്ചതല്ല. അഭിനയ മോഹം കുട്ടിക്കാലം മുതൽക്കേ ഉണ്ട്. അതിലെ ജീവിതത്തിൽ അച്ഛൻ തന്നെയാണ് ഗുരു. പിന്നെ ഗോപി, നെടുമുടി വേണു, തിലകൻ, മമ്മൂട്ടി, മോഹൻലാൽ ഇവരൊക്കെയാണ് പ്രചോദനം.
പുതിയ കാലത്ത് സിനിമ എടുക്കുമ്പോൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയങ്ങളുടെ മേൽ സംവിധായകനോ തിരക്കഥാകൃത്തിനോ ഭയമല്ല ഉണ്ടാകുന്നത്, നിയന്ത്രണങ്ങളാണ്. സിനിമയുടെ ആശയങ്ങൾക്ക് എത്രത്തോളം സ്വാതന്ത്ര്യം പഴയ കാലത്തേക്കാൾ ലഭിച്ചിട്ടുണ്ടോ, അത്രയും തന്നെ നിയന്ത്രണങ്ങളും സംഭവിച്ചിട്ടുണ്ട്. മതം ജാതി രാഷ്ട്രീയം എന്നീ കാഴ്‌ചപ്പാടുകളിലൊക്കെ വലിയ നിയന്ത്രണം സംഭവിച്ചിരിക്കുന്നു. 'നിർമാല്യ'ത്തിന്‍റെ ക്ലൈമാക്‌സ് പോലെ ഒന്ന് ഇക്കാലത്ത് ചിന്തിക്കാൻ പോലും സാധിക്കില്ല. സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ സിനിമയിലും സംഭവിക്കും.' -സുധീർ കരമന പറഞ്ഞു.