സെപ്‌റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ കാർത്തി അരവിന്ദ് സ്വാമി ചിത്രമാണ് 'മെയ്യഴകന്‍'. മനുഷ്യര്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന്‍റെ കഥ പറഞ്ഞ ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.
ഒക്‌ടോബര്‍ 27ന് നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തിയതോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേയ്‌ക്ക് എത്തപ്പെട്ടു. ഇപ്പോഴിതാ 'മെയ്യഴകനി'ലെ ഒരു രംഗമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അരവിന്ദ് സ്വാമിയും തത്തകളും തമ്മിലുള്ള രംഗം.
വീടിന് മുകളിൽ അരവിന്ദ് സ്വാമി നൂറുകണക്കിന് തത്തകൾക്കൊപ്പം സമയം ചിലവഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രംഗം. ഇത് വിഎഫ്‌എക്‌സ് സഹായത്താല്‍ ചിത്രീകരിച്ചതെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍ ഇത് വിഎഫ്‌എക്‌സിലല്ല ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ രംഗം ഒറിജിനൽ ഷോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അത്ഭുതപ്പെടുകയാണ്.
ചെന്നൈയിലെ സിന്ദാഗരിപേട്ടൈയ് സ്വദേശി സുദർശന്‍റെ വീട്ടിലാണ് ഈ അത്ഭുത രംഗം ചിത്രീകരിച്ചിരിക്കുന്നത്. പുരച്ചി തലൈവർ എംജിആർ സെൻട്രൽ റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നും വളരെ പെട്ടെന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് സിന്ദാഗരിപേട്ടൈയ് എന്ന സ്ഥലം. കണ്ണിനെ കുളിരണിയിപ്പിക്കുന്ന തരത്തിൽ 1000 കണക്കിന് തത്തകൾ സുദർശന്‍റെ വീട്ടിലെ നിത്യ സന്ദർശകരാണ്.
കുട്ടിക്കാലം മുതൽ പക്ഷികളോടും മൃഗങ്ങളോടും വളരെ ഇഷ്‌ടമുള്ള വ്യക്തിയാണ് സുദര്‍ശന്‍. സ്‌കൂളിൽ പഠിക്കുന്ന കാലം മുതല്‍ പക്ഷികൾക്കും തെരുവ് മൃഗങ്ങൾക്കും നിത്യവും ഭക്ഷണം നൽകുക പതിവാണ്. സുദര്‍ശന്‍ തന്‍റെ വീടിന്‍റെ ടെറസിൽ പക്ഷികൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് 15 വർഷമായി. ഇതിന് പിന്നിലൊരു, കഥയുണ്ട്.
15 വർഷങ്ങൾക്ക് മുമ്പാണ് സുദർശന്‍റെ അച്ഛൻ മരിക്കുന്നത്. അച്ഛന്‍റെ വിയോഗം സുദർശനെ മാനസികമായി തളർത്തിയിരുന്നു. ആ സമയങ്ങളിൽ പലപ്പോഴും സുദർശൻ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചിരുന്നു. ഒറ്റക്കിരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാകട്ടെ സ്വന്തം വീടിന്‍റെ, ടെറസും. ആ സമയത്താണ് തന്‍റെ ടെറസിലെ നിത്യ സന്ദർശകരായ ചില പക്ഷികളെ സുദർശൻ ശ്രദ്ധിക്കാൻ ഇടവരുന്നത്.
മാനസിക സന്തോഷത്തിനുവേണ്ടി അവർക്ക് തീറ്റ നൽകാൻ തീരുമാനിച്ചു. ആദ്യമൊക്കെ അരിയാണ് തീറ്റയായി പക്ഷികൾക്ക് നൽകിയിരുന്നത്. പ്രാവ് ഒഴികെ മറ്റൊരു പക്ഷികളും അരി ഭക്ഷിച്ചിരുന്നില്ല. ശേഷം അരി വെള്ളത്തിൽ കുതിർത്ത് തീറ്റയായി നൽകിയപ്പോൾ അവിടെ എത്തുന്ന എല്ലാ പക്ഷികളും അത് ഭക്ഷിക്കാൻ ആരംഭിച്ചു. പ്രാവുകൾക്കൊപ്പം കാക്കകൾ വന്നു. പിന്നീട് ചിട്ടിക്കുരുവികളും മൈനകളും വന്നു. അവസാനമാണ് തത്ത കൂട്ടങ്ങൾ എത്തിച്ചേർന്നത്.
തത്തകൾ ഉൾപ്പെടെ 6000 പക്ഷികളാണിപ്പോള്‍ സുദർശന്‍റെ വീടിന് മുകളിൽ ഭക്ഷണം കഴിക്കാനായി എത്തുന്നത്. പക്ഷികൾ സുദർശന്‍റെ ടെറസില്‍ എത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെന്നൈ നഗരത്തിൽ വികസനത്തിന്‍റെ ഭാഗമായി അന്ന് വൻതോതിൽ മരങ്ങൾ വെട്ടിമുറിച്ചിരുന്നു. ഇതോടെ നഗര ഹൃദയത്തിൽ ജീവിച്ചിരുന്ന പല പക്ഷികൾക്കും ചേക്കേറാൻ ഇടമില്ലാതായി. അങ്ങനെയാണ് തെരുവിന്‍റെ മൂലയ്‌ക്ക് സ്ഥിതി ചെയ്യുന്ന സുദര്‍ശന്‍റെ വീട്ടു തെറസില്‍ പക്ഷികള്‍ എത്തുന്നത്.
ഒരു ദിവസം, 60 കിലോ അരിയും, 10 കിലോ കപ്പലണ്ടിയും, കട്ട് ഫ്രൂട്ട്‌സും, ഇവറ്റകൾക്ക്, നൽകാൻ കരുതണം. സുദർശന്‍റെ ഈ വലിയ മനസ്സിന് ഭാര്യ വിദ്യയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. പൊതുവെ റോസ് റിംഗ് തത്തകളും വൈൽഡ് പാരറ്റുകളുമാണ് സുദർശന്‍റെ വീടിന് മുകളില്‍ എത്തുന്നത്.
സ്വന്തം മക്കളെ പോലെയാണ് പക്ഷികളെ കരുതുന്നത്. ദിവസവും രണ്ട് നേരം പക്ഷികൾക്ക് ഭക്ഷണം നൽകുന്നുണ്ട്. അവരെ പട്ടിണിക്കിടാൻ ഒരു ദിവസം പോലും സുദർശന്‍റെ മനസ് അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും ആവശ്യങ്ങൾക്കായി വീടിന് പുറത്തുപോവുക വളരെ ബുദ്ധിമുട്ടാണ്. സ്വന്തം മകളുടെ കല്യാണത്തിന് പോലും വൈകിയാണ് സുദര്‍ശന്‍ മണ്ഡപത്തിലേക്ക് പോയത്. ഇതിന്‍റെ പേരില്‍ മകള്‍ സുദർശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
എംഎസ്‌സി ഫിസിക്‌സ് ബിരുദ ധാരിയായ സുദർശൻ ഇലക്ട്രിക്കൽ ബിസിനസ് ചെയ്യുന്ന ആളാണ്. അതോടൊപ്പം തന്‍റെ വീടുകൾ വാടകയ്ക്കും നൽകുന്നുണ്ട്. ഇതിൽ നിന്നുള്ള വരുമാനമാണ് പക്ഷികൾക്ക് അന്നം നൽകാൻ ഉപകരിക്കുന്നത്. വലിയ തുകയാണ് ഓരോ ദിവസവും പക്ഷികൾക്ക് ഭക്ഷണം നൽകാൻ സുദർശൻ ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ആഡംബര ജീവിതം നയിക്കുന്നതിൽ സുദർശനും കുടുംബവും വിട്ടുനിൽക്കുന്നു. പലപ്പോഴും തങ്ങളുടെ പല ജീവിത ആവശ്യങ്ങളും വേണ്ടെന്ന് തീരുമാനിച്ചാണ് പക്ഷികൾക്ക് അന്നം നൽകുന്നത്.
വർഷങ്ങൾക്ക് മുൻപ് സുദർശനും പക്ഷികളുമായുള്ള ആത്‌മബന്ധം തമിഴ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മെയ്യഴകൻ സിനിമയിലെ ചില രംഗങ്ങൾ സുദർശന്‍റെ വീടിന് മുകളിൽ ചിത്രീകരിച്ചത്. തത്തകള്‍ക്കൊപ്പമുള്ള അരവിന്ദ് സ്വാമിയുടെ രംഗം ചിത്രീകരിക്കാനായി ഒരു വര്‍ഷമായി സംവിധായകൻ സുദർശന് പിന്നാലെയായിരുന്നു.
മൊത്തം പിന്നണി പ്രവർത്തകരുടെ അഞ്ച് ശതമാനം ആളുകളെ മാത്രം ഉൾക്കൊള്ളിച്ച് രംഗം ചിത്രീകരിച്ചാല്‍ മാത്രമാണ് പക്ഷികൾ പറന്നു പോകാതെ വിചാരിച്ച രീതിയിൽ ചിത്രീകരണം സാധ്യമാവുകയുള്ളൂ. എന്നാൽ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. അരവിന്ദ് സ്വാമിക്കൊപ്പമുള്ള സീനില്‍ ഇല്ലാതിരുന്നിട്ടും ചിത്രീകരണ ദിവസം രാവിലെ തന്നെ നടന്‍ കാര്‍ത്തി കുടുംബസമേതം സുദർശന്‍റെ വീട്ടിൽ എത്തിയിരുന്നു. പിന്നാലെ അരവിന്ദ് സ്വാമിയുടെ കുടുംബവും ചിത്രീകരണം കാണാനെത്തി.
അരവിന്ദ് സ്വാമിയുടെ കുടുംബവും പിന്നാലെയെത്തി. സിനിമയുടെ പിന്നണി പ്രവർത്തകരായി ഏകദേശം 500 ൽ അധികം ആൾക്കാർ ഉണ്ടായിരുന്നു. ഈ 500 പേരെ കാണാനായി അയ്യായിരത്തിലധികം നാട്ടുകാർ സുദർശന്റെ വീടിനു ചുറ്റും ഒത്തുകൂടി. ഈ ആൾക്കൂട്ടം കണ്ട് പക്ഷികൾ ഭക്ഷണം കഴിക്കാനായി വരുമോ എന്ന് പോലും സംശയം തോന്നിയിരുന്നു.
സിനിമയുടെ പിന്നണി പ്രവർത്തകര്‍ മാത്രം ഏകദേശം 500ലധികം ആളുകള്‍ ഉണ്ടായിരുന്നു. ഈ 500 പേരെ കാണാനായി അയ്യായിരത്തിലധികം നാട്ടുകാരും സുദർശന്‍റെ വീടിന് ചുറ്റും ഒത്തുകൂടി. ഈ ആള്‍ക്കൂട്ടത്തിനിടെയാണ് മെയ്യഴകനിലെ അതിമനോഹരമായ ആ രംഗം ചിത്രീകരിച്ചത്.
സുദർശന്റെ രൂപവും ഭാവവും അപ്പാടെ പകർത്തിയാണ് അരവിന്ദ് സ്വാമി ആ രംഗത്തിൽ അഭിനയിച്ചത്. എപ്പോഴും വെള്ള വസ്ത്രം ധരിക്കുന്ന ആളാണ് സുദർശൻ. കയ്യിൽ ഒരു കറുത്ത വാച്ച് കേട്ടും. ഈ വേഷവിധാനമായിരുന്നു അരവിന്ദ് സ്വാമിയും ആ രംഗത്തിൽ ധരിച്ചിരിക്കുന്നത്. എത്രയൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും രംഗം മനോഹരമായി ചിത്രീകരിക്കാൻ സാധിച്ചുവെന്ന് സുദർശൻ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read:ഛോട്ടാ മുംബൈയിലെ പാറ്റ ഡാൻസ്, മുറുക്കാൻ ചവയ്ക്കുന്ന മാലാഖ; ഫുൾ പവറിൽ ബിജുക്കുട്ടൻ