സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഏറെ സുപരിചിതമാണ് റീലുകൾ. ട്രെൻഡിനൊപ്പം വ്യത്യസ്‌തങ്ങളായ റീലുകൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കാറുണ്ട്. റീലുകളിലൂടെയും ഷോർട്‌സുകളിലൂടെയും ഒരു ദിവസമെങ്കിലും വിരലോടിക്കാതെ നാം കടന്ന് പോകാറില്ല, അല്ലേ?
റീക്രിയേഷൻ ആയിരിക്കും പൊതുവ റീലുകളുടെയും ഷോർട്‌സുകളുടെയും ആശയങ്ങൾ. എങ്കിലും സ്വന്തമായി ആശയങ്ങൾ നിർമ്മിച്ച് ഇഷ്‌ടക്കാരെ സ്വന്തമാക്കിയവരും ഏറെയുണ്ട്. എക്കാലവും ഇത്തരം സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാക്കപ്പെടുന്ന നിരവധി ട്രെൻഡുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു ട്രെൻഡിനെ കുറിച്ചാണ് ഇന്നത്തെ സംസാരം.
കഴിഞ്ഞ കുറച്ചു നാളുകളായി റീലുകളും ഷോർട്‌സുകളും അടക്കി ഭരിക്കുന്ന ഒരു ട്രെൻഡ് ആണ് സിനിമയിലെ ദൃശ്യങ്ങൾ വെർട്ടിക്കലായി ചിത്രീകരിച്ചിരുന്നെങ്കിൽ അത് ഇപ്രകാരമായിരിക്കും എന്നുള്ളത്- 'If the scene shot in vertically'. പഴയ സിനിമകൾ എന്നോ പുതിയ സിനിമകൾ എന്നോ തരംതിരിവില്ലാതെ ദൃശ്യങ്ങൾ ഫോട്ടോഷോപ്പ്, എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചിറക്കുന്ന ഇത്തരം റീലുകൾക്ക് ആരാധകർ ഏറെയാണ്.
സിനിമ രംഗങ്ങളുടെ വെർട്ടിക്കൽ രീതിയിലുള്ള റീലുകൾക്ക് പിന്നിലെ കഥ പറയുകയാണ് കണ്ടന്‍റ് ക്രിയേറ്ററായ ശ്രീജുലാൽ. തിരുവനന്തപുരം സ്വദേശിയായ ശ്രീജുലാൽ ഇത്തരം റീലുകൾ നിർമ്മിച്ച് പോസ്‌റ്റ് ചെയ്യാറുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ശ്രീജു ഒഴിവ് സമയങ്ങളിലാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സ്വന്തം ആശയങ്ങൾ വീഡിയോ രൂപത്തിൽ പോസ്‌റ്റ് ചെയ്യാറ്.
വെർട്ടിക്കൽ രൂപത്തിലേക്ക് മാറ്റേണ്ട രംഗങ്ങൾ സ്‌റ്റഡി ഷോട്ടുകൾ ആയിരിക്കണം. അത്തരം രംഗങ്ങൾ സിനിമയിൽ നിന്ന് കട്ട് ചെയ്‌തെടുക്കുകയാണ് ചെയ്യുക. തുടർന്ന് ഫോട്ടോഷോപ്പിലെ എഐ സാങ്കേതിക വിദ്യയിലൂടെ ഷോട്ടിലെ ഒരു ഫ്രെയിം വെർട്ടിക്കൽ രൂപത്തിലേക്കാൻ ഫിൽ ചെയ്യേണ്ട ഭാഗം ജനറേറ്റ് ചെയ്‌തെടുക്കുന്നു.
ശേഷം ഒരു മികച്ച എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ഇത്തരത്തിൽ ക്രിയേറ്റ് ചെയ്‌ത ഷോട്ടുകൾ ഒന്നിപ്പിക്കുകയും, കളർ കറക്ഷൻ ചെയ്‌ത്, മ്യൂസിക് മിക്‌സ് ചെയ്യുന്നതോടെ കാര്യം കഴിഞ്ഞു. കേൾക്കാൻ വളരെ എളുപ്പമെന്ന് തോന്നുമെങ്കിലും ഒരു റീൽ ക്രിയേറ്റ് ചെയ്യുന്നതിന് ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവരും. ഇത്തരം ഒരു ട്രെൻഡ് ഇൻസ്‌റ്റഗ്രാമിലും യൂട്യൂബിലും ചർച്ചയായപ്പോൾ ദുൽഖർ സൽമാനും മണിരത്നവും അടക്കം സമാന വീഡിയോകൾ തങ്ങളുടെ സ്‌റ്റോറിയായി പങ്കുവച്ചിരുന്നു.
Also Read: