ബലാത്സംഗക്കേസിൽ നടന്‍ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്‌ക്ക്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക.
അതേസമയം അവസാന ശ്രമം എന്ന നിലയില്‍ സിദ്ദിഖ്, ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് പരാതി നല്‍കിയത് അടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം.
സിദ്ദിഖിന്‍റെ നീക്കത്തിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. കേസിൽ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു സിദ്ദിഖിന്‍റെ ഈ നീക്കം.
ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. കേസില്‍ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണ്, അറസ്‌റ്റ് വിലക്കണമെന്ന സിദ്ദിഖിന്‍റെ ആവശ്യം ജസ്‌റ്റിസ് സിഎസ് ഡയസ് നിരസിച്ചത്. ഇതോടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്‌ത് നടന്‍ മുങ്ങുകയായിരുന്നു.
സിദ്ദിഖിനെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നടന്‍ വിദേശത്ത് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് സിദ്ദിഖിനായി വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.
2016ല്‍ നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തില്‍ 2024ലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.