തിരുവനന്തപുരം: 'ദേവദൂതന്‍', 'സ്‌ഫടികം' തുടങ്ങി ഒരുകാലത്തെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അടുത്തിടെ കേരളത്തില്‍ റീ റിലീസ് ചെയ്‌തതിരുന്നു. ഫോര്‍ കെ ദൃശ്യമികവോടെയുള്ള 'ദേവദൂതന്‍' സിനിമയുടെ വിജയാഘോഷ വേളയില്‍, ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്ക് റീ റിലീസ് ചിത്രങ്ങള്‍ പരിഗണിക്കാനുള്ള നിയമസാധുത പരിശോധിക്കുമെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി സിയാദ് കോക്കര്‍ പ്രസ്‌താവിച്ചിരുന്നു.
തുടര്‍ന്ന് റീ റിലീസിനെത്തിയ പല ചിത്രങ്ങളും സംസ്ഥാന പുരസ്‌കാര മത്സര വിഭാഗത്തില്‍ എത്തുന്നുവെന്ന കിംവതന്തികള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. എന്നാല്‍ റീ റിലീസ് സിനിമകളെ അവാര്‍ഡിന് പരിഗണിക്കാനുള്ള നിയമസാധുതയില്ലെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പ് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം. ഈ വര്‍ഷം 160 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുള്ളത്. രണ്ട് പ്രാഥമിക ജൂറികള്‍ അംഗീകരിച്ച സിനിമകള്‍ നിലവില്‍ അവസാന ജൂറി സ്‌ക്രീനിംഗ് ഘട്ടത്തിലാണ്.
വര്‍ഷത്തില്‍ 70ല്‍ കുറവ് സിനിമകള്‍ മാത്രമാണെങ്കില്‍, ഒറ്റ ഘട്ട ജൂറി സ്‌ക്രീനിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം അവാര്‍ഡ് നിര്‍ണ്ണയം നടത്തണമെന്നാണ് നിയമാവലിയിലുള്ളതെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍റെ ജൂറി അംഗം ഇടിവി ഭാരതിനോട് വ്യക്തമാക്കി.
പഴയ ചിത്രങ്ങള്‍ ഫോര്‍ കെ ദൃശ്യ മികവില്‍ പുനരാവിഷ്‌കരിച്ച ശേഷമാണ് ഇപ്പോള്‍ റീ റിലീസിന് എത്തിയിരിക്കുന്നത്. ഇത്തരം സിനിമകള്‍ റിമാസ്‌റ്റര്‍ ചെയ്യുക മാത്രമാണിവിടെ. കഥ ഉള്‍പ്പെടെയുള്ള സിനിമയുടെ മറ്റെല്ലാ ഘടകങ്ങളും പഴയത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. നിരവധി സ്വതന്ത്ര സംവിധായകരാണ് ഇത്തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അപേക്ഷിച്ചിട്ടുള്ളതെന്നും ജൂറി അംഗം പറഞ്ഞു.