അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്‌പ 2:ദിറൂള്‍' തിയേറ്ററുകളില്‍ എത്താന്‍ ആറുദിവസം. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി 11,500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.
രണ്ടാം ഭാഗത്തിലും വലിയ ദൃശ്യാനുഭവം നല്‍കാന്‍ തന്നെയാണ് അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്. രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അടുത്തിടെ തീപിടിക്കുന്ന തരത്തിലുള്ള ചുവടുകളുമായി അല്ലു അര്‍ജുനും ശ്രീലീലയും തകര്‍ത്താടിയ 'കിസിക്' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. മണിക്കൂറുകള്‍ക്കുല്‍ തന്നെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് പ്രേഷകരില്‍ നിന്നും ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങാന്‍ പോകുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പീലിങ് ഗാനത്തിന്‍റെ പ്രമോ പുറത്തിറങ്ങി. 'മല്ലികബാണന്‍റെ അമ്പുകളോ പുഞ്ചിരി' എന്നു തുടങ്ങുന്ന പ്രമോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന്‍റെ ആദ്യത്തെ നാലു വരി മലയാളത്തിലാണ്. രശ്‌മികയും അല്ലു അര്‍ജുനും തകര്‍ത്തഭിനയിച്ചിരിക്കുന്ന ഗാനമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഡിസംബര്‍ ഒന്നിനാണ് ഗാനം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക.
ആറു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അതിലെല്ലാം ഈ വരികള്‍ മലയാളത്തില്‍ തന്നെയാകും ഉണ്ടായിരിക്കുന്നതെന്ന് അല്ലു അര്‍ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളികളോടുള്ള തന്‍റെ സ്‌നേഹം അടയാളപ്പെടുത്താനുള്ള ചെറിയ പരിശ്രമമാണിതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
ചിത്രത്തിന്‍റെ ട്രെയിലറും കിസിക് ഗാനമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.
അതേസമയം തിയേറ്ററില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അതി ഗംഭീരമായ റിലീസ് മാമാങ്കത്തിനാണ് പുഷ്‌പ 2 ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകളിലും അന്താരാഷ്‌ട്ര തലത്തില്‍ 5,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
ഒരു ഇന്ത്യന്‍ ചിത്രത്തിന്‍റെ എക്കാലത്തെയും വമ്പന്‍ റീലീസാണിത്. നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സുമാണ് ഇക്കാര്യം അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തെലുഗാനയുടെ മണ്ണില്‍ നിന്ന് പുഷ്‌പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് ആണ്. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.
പുഷ്‌പ ഫ്രാഞ്ചൈസിയുടെ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്‌ത വർഷത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്‌തു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ആഗോളതലത്തില്‍ വന്‍ ചുവട് വയ്പ്പ് നടത്തുമെന്ന് തന്നെയാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.