സ്വപ്‌നക്കൂടിലെ 'കറുപ്പിനഴക്', ഇമ്മിണി നല്ലൊരാൾ എന്ന ചിത്രത്തിലെ 'കോമളവല്ലി', നാട്ടുരാജാവിലെ 'നാട്ടുരാജാവേ' എന്നിങ്ങനെ രണ്ടായിരത്തിൽ മലയാളികൾ പാടി നടന്ന ഒരുപാട് ഹിറ്റ് ഗാനങ്ങളുടെ ശബ്‌ദമായ ശ്രീ രാജേഷ് വിജയ് ഒരു ഇടവേളക്കുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ. തന്‍റെ ഏറ്റവും പുതിയ സംഗീത സംവിധാന സംരംഭമായ മായമ്മ എന്ന ചിത്രത്തിലെ പ്രമോഷന്‍റെ ഭാഗമായാണ് രാജേഷ് വിജയ് ഇടിവി ഭാരതിനോട് സംസാരിച്ചത്.
ചെറിയ പ്രായം മുതൽക്ക് തന്നെ ഒരു ഗായകനിലുപരി ഒരു മികച്ച പെർഫോമർ ആകണം എന്നുള്ളതായിരുന്നു മോഹം. ആയതിനാൽ സിംഗിംഗ് കരിയറിനോടൊപ്പം സംവിധാന മോഹവും ഒരുപോലെ കൊണ്ടുനടന്നു. ജയരാജ് സാറിന്‍റെ സംവിധാനത്തിൽ ജാസി പാട്ടൊരുക്കുന്ന ഹിന്ദി ചിത്രമായ ഭീഭത്സയിലാണ് ഗായകനായി തുടക്കം കുറിച്ചത്.
പ്രശസ്‌ത ഗായകൻ ഹരിഹരൻ പാടേണ്ടിയിരുന്ന തൻഹായി മേ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ട്രാക്ക് പാടാൻ ജാസി ഗിഫ്റ്റ് തന്നെ ക്ഷണിച്ചു. ഹിന്ദി ഗാനമായിരുന്നു അത്. ഗാനം പാടി വച്ചശേഷം സംവിധായകൻ അത് കേൾക്കാൻ ഇടവരുകയും. ഹരിഹരനെ കൊണ്ട് പഠിക്കാതെ തന്‍റെ ശബ്‌ദം തന്നെ പാട്ടിൽ ഉപയോഗിക്കുകയും ചെയ്‌തതാണ് വഴിത്തിരിവായത്. പിന്നീടങ്ങോട്ട് ഇരുപതോളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ. റിയാലിറ്റി ഷോകളുടെ വരവോടെ ധാരാളം ഗായകർ മലയാളത്തിന് ലഭിച്ചു തുടങ്ങി. അതോടെ കിട്ടുന്ന അവസരങ്ങൾ കുറഞ്ഞോ എന്ന് സംശയം ഉള്ളിൽ ഉദിച്ചു. നേരെ ചെന്നൈയ്ക്ക് വണ്ടി കയറി. ഒരു സ്വതന്ത്ര സംഗീത സംവിധായകനാകണമെന്ന മോഹമായിരുന്നു ഉള്ളില്‍.
അന്തരം, കോപം തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് അവിടെ നിന്നു തന്നെ സംഗീത സംവിധാനം നിർവഹിച്ചു. അത്യാവശ്യം പരസ്യ ചിത്രങ്ങളും ചില തമിഴ് സിനിമകളുടെ ജോലികളും ഒക്കെ ലഭിച്ചതോടെ ജീവിതം സെറ്റിൽ ആയി. അതോടൊപ്പം സ്വന്തമായി ഒരു ബാന്‍റും ഉണ്ടാക്കി. കുൽഫി എന്ന തമിഴ് ചിത്രത്തിന്‍റെയും പണിപ്പുരയിലാണ് ഇപ്പോള്‍.
തിരുവനന്തപുരത്ത് ഒരു ഗാനമേളക്ക് സൂര്യയുടെ കാക്ക കാക്ക എന്ന ചിത്രത്തിലെ ഉയിരിൻ ഉയിരേ എന്ന് തുടങ്ങുന്ന ഗാനം റിമി ടോമിക്ക് ഒപ്പം തിമിർത്തു പാടിയത് സംവിധായകൻ രാജസേനൻ കാണാനിടവരികയും, ഇമ്മിണി നല്ലൊരാൾ എന്ന ചിത്രത്തിലെ കോമളവല്ലി എന്ന ഗാനം പാടാന്‍ അവസരം ലഭിക്കുകയും ചെയ്‌തു. ഒരിക്കൽ തിരുവനന്തപുരം പൂജപ്പുര മൈതാനിയിൽ എൻ ശ്വാസ കാട്രെ എന്ന പാട്ട് പാടുമ്പോൾ ചിത്ര ചേച്ചി തന്നെ നോക്കി സൂപ്പർ എന്ന ആഗ്യം കാണിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കാര്യമാണ്. മായമ്മ എന്ന ചിത്രം മലയാളത്തിൽ തുടരെത്തുടരെ അവസരങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്നുവെന്നും രാജേഷ് വിജയ് പ്രതികരിച്ചു.