മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് അൻവർ സാദത്ത്. വേറിട്ട ശബ്‌ദമാധുരിയിലൂടെ ശ്രോതാക്കൾക്ക് നവ്യമായ അനുഭൂതി സമ്മാനിച്ച ഗായകൻ. 20 വർഷത്തിലേറെയായി സിനിമ പിന്നണി രംഗത്തുണ്ട് അൻവർ സാദത്ത്. തന്‍റെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.
സിനിമയിൽ പാടിത്തെളിയുന്നതിന് മുൻപ് സ്റ്റേജുകളിൽ തിളങ്ങുന്ന ഗാനമേള കലാകാരനായിരുന്നു അൻവർ സാദത്ത്. സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിന്‍റെ കോറസ് ടീമിലും അദ്ദേഹം പ്രവർത്തിച്ചു. അൻവർ സാദത്ത് എന്ന ഗായകനെ ആദ്യം മലയാളികൾ ശ്രദ്ധിക്കുന്നത് ചിലപ്പോൾ പാടിയ മൂന്നാമത്തെ ചിത്രത്തിലെ ഗാനത്തിലൂടെയാകും.
മലയാളത്തിന്‍റെ വിഖ്യാത സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രം 'കാഴ്‌ച'യിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം. സിനിമാസ്വാദകരുടെ മനസിൽ മുറിവേൽപ്പിച്ച 'ജുഗുനൂരേ ജുഗുനൂരേ...'. ഗുജറാത്തിലെ കച്ച് ഭാഷയിലുള്ളതാണ് ഈ ഗാനം.
വളരെ യാദൃശ്ചികമായാണ് താനാ ഗാനം ആലപിച്ചതെന്ന് അൻവർ സാദത്ത് പറയുന്നു. ആ ഗാനത്തിന്‍റെ ട്രാക്ക് പാടാനാണ് സത്യത്തിൽ ചേതന സ്റ്റുഡിയോയിൽ എത്തുന്നത്. പക്ഷേ ട്രാക്ക് പാടിയത് കേട്ട് സംഗീത സംവിധായകനും നിർമാതാവായ നൗഷാദിനും വളരെയധികം ഇഷ്‌ടപ്പെട്ടു. ഇതോടെ ഈ ഗാനം മറ്റൊരാൾ പാടേണ്ട എന്ന് സംവിധായകന്‍റെയും സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടി - ദിലീപ് ചിത്രം 'കമ്മത്ത് ആൻഡ് കമ്മത്തി'ലെ അൻവർ സാദത്ത് ആലപിച്ച 'നിന്‍റെ പിന്നാലെ' എന്നുതുടങ്ങുന്ന ഗാനം ഇപ്പോൾ സൈബറിടത്തിൽ സെൻസേഷൻ ആണ്. ഇൻസ്റ്റഗ്രാമോ യൂട്യൂബോ തുറന്നാൽ ഈ ഗാനം പശ്ചാത്തലമാക്കിയ റീലുകളുടെ മലവെള്ളപ്പാച്ചിലാണ്. ഗാനം റിലീസ് ചെയ്‌തിരുന്ന സമയത്ത് അത്യാവശ്യം ആൾക്കാർ കേട്ടുപോയി എന്നല്ലാതെ ഓർത്തിരിക്കുന്ന ഒരു ഗാനമായി അത് മാറിയിരുന്നില്ല.
പക്ഷേ കഴിഞ്ഞ കുറച്ചുനാളുകളായി ഏത് വേദിയിൽ പോയാലും ഈ ഗാനം ആലപിക്കാതെ തന്നെ വിടാറില്ലെന്ന് അൻവർ പറയുന്നു. ഗായിക ചിത്രയുമായി ചേർന്ന് പാടിയ 'വീരാളിപ്പട്ട്' എന്ന പൃഥ്വിരാജ് ചിത്രത്തിലെ 'ഇളനീരിൽ' എന്ന് തുടങ്ങുന്ന ഗാനവും അൻവറിന് ഏറെ പ്രിയപ്പെട്ടതാണ്. 'വിശുദ്ധൻ, കാഴ്‌ച' തുടങ്ങി പാടിയ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടത് തന്നെയെന്ന് അൻവർ പറയുന്നു.
അന്തരിച്ച വിഖ്യാത എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി എഴുതിയ അവസാന ഗാനം പാടാൻ അവസരം ലഭിച്ചതും അൻവർ സാദത്തിനാണ്. കൃത്യം മീറ്ററാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്. വാക്കുകളിങ്ങനെ അനർഗള നിർഗളം വിരലുകളിൽ നിന്ന് പ്രവഹിക്കും. 'പ്രമാണി' എന്ന മമ്മൂട്ടി ചിത്രത്തിലെ 'കിങ്ങിണി താറാവ്' എന്ന് തുടങ്ങുന്ന ഗാനം അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാനാകാത്ത പാട്ടുകളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടെ വർക്ക് ചെയ്‌തതിൽ ഏറ്റവും എളിമയുള്ള സംഗീത സംവിധായകരിൽ ഒരാളാണ് രവി ബസ്റൂർ. മലയാളത്തിൽ ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്‌തതിൽ ഏറ്റവും ക്വാളിറ്റിയുള്ള പ്രൊഡക്ഷനായിരുന്നു 'കെജിഎഫ് 2'. സാധാരണ ഒരു ഡബ്ബിങ് ചിത്രം പോലെയല്ല 'കെജിഎഫ് 2'വിന്‍റെ മലയാളം പതിപ്പ്. മലയാള ഗാനങ്ങൾ എല്ലാം ആലപിച്ചത് രവി ബസ്‌റൂറിന്‍റെ വീട്ടിലെ സ്റ്റുഡിയോയിൽവച്ചാണെന്ന് അൻവർ ഓർത്തെടുത്തു.
വളരെയധികം എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ചിത്രത്തിൽ രണ്ട് ഗാനങ്ങളാണ് മലയാളത്തിൽ ആലപിച്ചത്. 'തൂഫാൻ' എന്ന് തുടങ്ങുന്ന ഗാനവും, 'സുൽത്താൻ' എന്ന് തുടങ്ങുന്ന ഗാനവും. ഡബ്ബിങ് ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ ഒരുകാലത്ത് അല്ലു അർജുൻ ചിത്രങ്ങളുടെ മലയാള പരിഭാഷയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അൻവർ സാദത്ത്.
ഇപ്പോൾ 'പ്രേമലു' എന്ന ചിത്രം റിലീസ് ചെയ്‌തതിനുശേഷം എല്ലാവരും പാടി നടക്കുന്ന 'ചൽ ചൽ ചൽ ചൽ മേരെ സാഥി' ഞാനിപ്പോൾ ഹൈദരാബാദി എന്ന അല്ലു അർജുന്‍റെ ഹിറ്റ് ഗാനം ആലപിച്ചതും അൻവറാണ്. 'ഹാപ്പി' എന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പിലെ ഗാനമായിരുന്നു അത്.