സിനിമാസ്വാദകർ ആവേശപൂർവം കാത്തിരിക്കുന്ന മണിരത്നം - കമൽ ഹാസൻ ചിത്രം 'തഗ് ലൈഫി'ന്‍റെ നിർണായക അപ്‌ഡേറ്റ് പുറത്ത്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ടിആർ അഥവാ ചിമ്പു 'തഗ് ലൈഫി'ൽ പ്രധാന റോളിൽ എത്തുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാക്കൾ. താരത്തിന്‍റെ കാരക്‌ടർ ടീസറും പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തു.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന, ത്രസിപ്പിക്കുന്ന ടീസർ തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മണലാരണ്യത്തിൽ ബോർഡർ പട്രോൾ വാഹനത്തിൽ കുതിച്ച് പായുന്ന സിലമ്പരശനാണ് ടീസറിൽ. നിമിഷനേരം കൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കൈയിൽ തോക്കുമായി തീപ്പൊരി ലുക്കിലാണ് ചിമ്പുവിന്‍റെ 'തഗ് ലൈഫി'ലേക്കുള്ള എൻട്രി.
![THUG LIFE UPDATES THUG LIFE RELEASE KAMAL HAASAN MANI RATNAM COMBO തഗ് ലൈഫ് സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/08-05-2024/kl-ekm-1-vinayak-script_08052024102337_0805f_1715144017_900.jpeg)
'ന്യൂ തഗ് ഇൻ ടൗൺ' എന്ന അടിക്കുറിപ്പോടുകൂടി പങ്കുവച്ച ടീസറും പോസ്റ്ററുമെല്ലാം ചിത്രം ആക്ഷനും ഏറെ പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നതെന്ന സൂചന നൽകുന്നുണ്ട്. മണിരത്നം, കമൽഹാസൻ എന്നി രണ്ട് ഇതിഹാസ ചലച്ചിത്രകാരന്മാരുടെ പുനഃസമാഗമത്തിന് സാക്ഷ്യം വഹിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിമ്പു ഉൾപ്പടെ വമ്പൻ താരനിരയും അണിനിരക്കുന്ന 'തഗ് ലൈഫ്' ഈ വർഷം ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ്.
- " class="align-text-top noRightClick twitterSection" data="">
'നായകൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്‌ക്ക് പിന്നാലെ, 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തഗ് ലൈഫ്'. രാജ്‌കമൽ ഫിലിംസ് ഇന്‍റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
മലയാളികളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്‌മി, അഭിരാമി എന്നിവർക്ക് പുറമെ തൃഷയും 'തഗ് ലൈഫി'ൽ പ്രധാന വേഷത്തിലുണ്ട്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും കൈകോർക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്‍റെ 'കന്നത്തിൽ മുത്തമിട്ടാൽ', 'ആയുധ എഴുത്ത്' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് 'തഗ് ലൈഫി'നായും കാമറ ചലിപ്പിക്കുന്നത്.
അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ സ്വീക്വൻസുകൾക്ക് പിന്നിൽ. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്‌ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും ഈ ചിത്രത്തിന്‍റെ അണിയറയിലുണ്ട്. പിആർഒ - പ്രതീഷ് ശേഖർ.
ALSO READ: വമ്പൻ താരനിരയുമായി 'മച്ചാന്‍റെ മാലാഖ' തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പുറത്ത്