അല്ലു അർജുന്‍ ചിത്രങ്ങളിലെ കലാകാരനാണ് സിജു തുറവൂര്‍. താരത്തിന്‍റെ ആദ്യ ചിത്രം 'ഗംഗോത്രി 'മുതൽ 'പുഷ്‌പ 2' വരെയുള്ള പതിനെട്ടോളം ചിത്രങ്ങൾക്ക് മലയാള പരിഭാഷയിലുള്ള ഗാനങ്ങള്‍ ഒരുക്കിയത് സിജു തുറവൂർ ആണ്. 'പുഷ്‌പ ദി റൂളി'ലെ മല്ലിക ബാണന്‍റെ അമ്പുകളോ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികൾ എല്ലാ ഭാഷയിലും മലയാളത്തിൽ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വരികൾ എഴുതിയതും സിജു തുറവൂർ ആണ്.
'പുഷ്‌പ ദി റൂളി'ലെ പീലിംഗ്‌സ് എന്ന ഗാനത്തില്‍ മലയാളം ഉപയോഗിച്ചതിനെ കുറിച്ച് അടുത്തിടെ അല്ലു അര്‍ജുന്‍ വാചാലനായിരുന്നു. പീലിംഗ്‌സ് ഗാനത്തിന്‍റെ ആദ്യ വരികളിൽ എല്ലാ ഭാഷകളിലും മലയാളം ഉപയോഗിച്ചത് തനിക്ക് മലയാളത്തോടുള്ള സ്നേഹത്തിന്‍റെ ബാക്കിപത്രം ആണെന്നാണ് താരം പ്രതികരിച്ചത്. സിനിമയുടെ പ്രൊമോഷണല്‍ പരിപാടിയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
ഇപ്പോഴിതാ അല്ലു അർജുൻ സിനിമകളില്‍ ഗാനങ്ങൾ ഒരുക്കിയ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സിജു തുറവൂർ. അല്ലു അർജുന്‍റെ ആദ്യ ചിത്രം 'ഗംഗോത്രി' ആണെങ്കിലും 'ഹാപ്പി'യാണ് കേരളത്തിൽ ആദ്യമായി മൊഴി മാറ്റി എത്തുന്നതെന്ന് സിജു തുറവൂർ പറയുന്നു. ഡബ്ബിംഗ് ഗാനങ്ങൾ എഴുതുക വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ചെറിയ പ്രായം മുതൽ ഗാനങ്ങൾ എഴുതി തുടങ്ങിയിരുന്നു. ആദ്യ കാലത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അന്ന് ആൽബങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും വരികൾ എഴുതി. ഇപ്പോഴും ട്രെൻഡായി കേൾക്കുന്ന 'മിഴിയഴക് പൊഴിയും രാധാ' എന്ന് തുടങ്ങുന്ന ഗാനം ഞാൻ എഴുതിയതാണെന്ന് പലർക്കും അറിയില്ല. നിരവധി ആൽബങ്ങൾ ഹിറ്റായതോടു കൂടിയാണ് 'ഹാപ്പി' എന്ന ചിത്രത്തിൽ പാട്ടെഴുതാനായി ക്ഷണം ലഭിക്കുന്നത്.
സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ സിദ്ദിഖിന്‍റെ കഥാപാത്രം ഡബ്ബിംഗ് ഗാനങ്ങൾ എഴുതുന്ന ഒരാളാണ്. വളരെ തമാശ കലർന്ന രൂപത്തിലാണ് ഡബ്ബിംഗ് ഗാനങ്ങൾ എഴുതുന്നതെന്ന് ആ സിനിമയിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഡബ്ബിംഗ് ഗാനങ്ങൾ എഴുതുക വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒറിജിനൽ ഗാനങ്ങളേക്കാൾ നിരവധി മാനദണ്ഡങ്ങൾ ഡബ്ബിംഗ് ഗാനങ്ങൾ എഴുതുമ്പോൾ പാലിക്കപ്പെടേണ്ടതായുണ്ട്.
ഒറിജിനൽ ഭാഷയിലുള്ള ഗാനങ്ങളും സിനിമയും പൂർത്തിയാക്കിയ ശേഷം ആ ഫയൽ മൊഴിമാറ്റാനായി കേരളത്തിലേക്ക് അയച്ചു തരുന്ന പരിപാടിയൊക്കെ നിന്നിട്ട് വർഷങ്ങളായി. സിനിമയുടെ സംഗീത സംവിധായകനൊപ്പം ഇരുന്നു വേണം ഇപ്പോൾ ഗാനങ്ങൾ മൊഴിമാറ്റി എഴുതാൻ. പുഷ്‌പ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും അങ്ങനെ തന്നെയാണ് പ്രവർത്തിച്ചത്. " -സിജു തുറവൂർ വ്യക്‌തമാക്കി.
മലയാള ഭാഷ പൊതുവെ കഠിനമാണെന്നും വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ് മൊഴിമാറ്റങ്ങള്‍ പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു. വരികള്‍ മാത്രമല്ല, അഭിനേതാവിന്‍റെ ലിപ് സിങ്കും ശ്രദ്ധിക്കണമെന്നാണ് സിജു പറയുന്നത്.
"പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് മൊഴിമാറ്റി ഗാനങ്ങൾ എഴുതുമ്പോൾ ട്യൂണിന് അനുസരിച്ച് എന്തെങ്കിലും എഴുതാൻ സാധിക്കില്ല. ഒറിജിനൽ ഭാഷയിലുള്ള വരികളുടെ അതേ അർത്ഥം തന്നെ മൊഴിമാറ്റി എഴുതുമ്പോഴും കൊണ്ടു വരണം. മലയാള ഭാഷ പൊതുവെ കഠിനമാണ്. എങ്ങനെയെങ്കിലും വരികൾ ഒപ്പിച്ചാലും മറ്റൊരു കടമ്പ കൂടി നേരിടണം. സ്ക്രീനിൽ അഭിനേതാവിന്‍റെ ചുണ്ടനക്കത്തിന് അനുസരിച്ച് കൂടി വേണം വാക്കുകൾ ഉൾപ്പെടുത്താൻ.
അതായത് ഒറിജിനൽ ലിറിക്‌സിന്‍റെ അർത്ഥവും ഉണ്ടാകണം, അഭിനേതാവിന്‍റെ ലിപ് സിങ്കും കറക്റ്റാവണം. വലിയ ബുദ്ധിമുട്ടേറിയ സംഗതിയാണ് ഈ പ്രക്രിയ. സിജു തുറവൂർ വെളിപ്പെടുത്തി. പുഷ്‌പ 2 വിലെ കിസിക് എന്ന ഗാനം അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തെലുങ്ക് ഭാഷയിലെ കൃത്യമായ അർത്ഥം തന്നെയാണ് മലയാള വരികളിലും ഉള്ളത്. വലിയ സാഹിത്യ ഭാഷ ഒന്നും ഉപയോഗിച്ചിട്ടില്ല. അതൊരു ഐറ്റം സോംഗാണ്." -സിജു തുറവൂർ പറഞ്ഞു.
എഴുത്തുകാരൻ ചന്ദ്രബാബുവാണ് 'കിസിക്കി'ന് തെലുങ്കില്‍ വരികൾ രചിച്ചിരിക്കുന്നത്. ഗാനം റെക്കോർഡ് ചെയ്യുന്ന സമയത്ത് ചന്ദ്രബാബുവും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും തന്നോടൊപ്പം ഉണ്ടായിരുന്നെന്നും സിജു പറഞ്ഞു.
"എല്ലാ ഭാഷയിലെ ഗാനങ്ങളും ഒരേ സമയത്ത് തന്നെയാണ് റെക്കോർഡ് ചെയ്‌തിട്ടുള്ളത്. ചെന്നൈയിലാണ് പുഷ്‌പ 2 വിന്‍റെ ഗാനങ്ങളെല്ലാം റെക്കോർഡ് ചെയ്‌തത്. പാട്ടിന്‍റെ ട്യൂൺ ആദ്യം തന്നെ അയച്ചുതരും. ചെന്നൈയിൽ എത്തുന്ന സമയത്തിനുള്ളിൽ ഒരു റഫ് ലിറിക്‌സ് മനസ്സിൽ തയ്യാറായിരിക്കും. അതിനനുസരിച്ച് അവിടെ ചെന്നിട്ടാകും ഫൈനൽ വരികൾ എഴുതുക.
എഴുതുന്ന സമയത്ത് ഗാനത്തിന്‍റെ സന്ദര്‍ഭങ്ങളും ഇമോഷനും എല്ലാം തന്നെ സംഗീത സംവിധായകൻ പറഞ്ഞുതരും. ഒരു ഡബ്ബിംഗ് സോംഗ് എഴുതുകയാണെന്ന് ഒരിക്കലും തോന്നുകയില്ല. ഒറിജിനൽ സോംഗ് റെക്കോർഡ് ചെയ്യുന്ന പ്രോസസ് പോലെ തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്.
ഏറ്റവും വലിയ തമാശ, തെലുങ്ക് ഭാഷ കേട്ടാൽ ചെറുതായി മനസ്സിലാകും എന്നല്ലാതെ വ്യക്തമായ ധാരണയില്ല. മൊഴിമാറ്റ ഗാനങ്ങൾ എഴുതാൻ തെലുങ്ക് ഭാഷ അറിയണമെന്നില്ല. പാട്ട് എഴുതാൻ അറിഞ്ഞിരുന്നാൽ മതി." -സിജു തുറവൂർ വെളിപ്പെടുത്തി.
ഇംഗ്ലീഷ് ഭാഷ വശമുള്ളതു കൊണ്ട് സംഗീത സംവിധായകനും ഗാന രചയിതാവുമൊക്കെ തന്നോട് ഇംഗ്ലീഷ് ഭാഷയിലാകും സംവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പുഷ്‌പ ആദ്യ ഭാഗത്തിലെ ശ്രീവല്ലി ഗാനം മലയാളം വേർഷനാണ് ഏറ്റവും അധികം ഹിറ്റായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഗംഗോത്രി, ഹാപ്പി, ആര്യ 2, ബണ്ണി, ഹീറോ തുടങ്ങി പതിനെട്ടോളം അല്ലു അർജുൻ ചിത്രങ്ങൾക്ക് മലയാള ഭാഷയിൽ ഗാനങ്ങൾ ഒരുക്കി. ഞാൻ എഴുതിയ മിക്ക്യ അല്ലു അർജുൻ ഗാനങ്ങളും മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഹാപ്പിയിലെ ഗാനങ്ങളെല്ലാം തന്നെ അക്കാലത്ത് ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. മൈ ലവ് ഈസ് ഗോണ്‍, ചെണ്ടുമല്ലിക പൂവു നീ, ഹാപ്പി അടിപൊളി ഹാപ്പി, ഞാനിപ്പോൾ ഹൈദരാബാദി തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങൾ.
അഴകേ നീ എന്നെ പിരിയല്ലേ എന്ന ഗാനമൊക്കെ ആ സമയത്ത് ചെറുപ്പക്കാരുടെ ഹരം ആയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ചിരിച്ചു കൊഞ്ചുന്ന വണ്ടേ എന്ന പാട്ട് ഇന്‍റർനെറ്റ് സെൻസേഷനായി മാറിയിരുന്നു. ഡബ്ബിംഗ് ഗാനങ്ങളെ വലിയ രീതിയിൽ വിമർശിക്കും. എങ്കിലും ഡബ്ബിംഗ് ഗാനങ്ങൾക്ക് എക്കാലവും മലയാളി വലിയ സ്വീകാര്യത നൽകിയിരുന്നു."-സിജു തുറവൂർ വ്യക്‌തമാക്കി.
ആദ്യ കാലങ്ങളിൽ മൊഴിമാറ്റ ഗാനങ്ങൾ എഴുതിയതിനെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. താന്‍ മൊഴിമാറ്റിയ പല ഹിറ്റ് ഗാനങ്ങള്‍ക്കും പിന്നില്‍ താനാണെന്ന് പലര്‍ക്കും അറിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
"ആദ്യകാലങ്ങളിൽ മൊഴിമാറ്റ ഗാനങ്ങൾ എഴുതാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഒന്ന്, വരികൾ ട്യൂണിന് അനുസരിച്ച് വരണം. രണ്ട്, തെലുങ്കിലെ അതേ അർത്ഥം തന്നെ ആയിരിക്കണം. മൂന്ന്, അഭിനേതാവിന്‍റെ ലിപ് സിങ്ക് കറക്റ്റ് ആവണം. മൊഴിമാറ്റ ഗാനങ്ങൾ എഴുതുക എന്നാൽ ഒരു അഭ്യാസം തന്നെയാണ്. അതിനൊരു ടെക്‌നിക് ഉണ്ട്. അത് കിട്ടിയാൽ പിന്നെ കാര്യങ്ങളെല്ലാം സിമ്പിളാണ്.
കൃഷ്‌ണ എന്ന ചിത്രത്തിലെ ചെമ്പനീർ പൂവേ എന്ന ഗാനം വളരെ ബുദ്ധിമുട്ടി എഴുതിയ പാട്ടുകളിൽ ഒന്നാണ്. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലെ ഗാനങ്ങൾ എക്കാലവും ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ട്. മനസ്സിന് മറയില്ല എന്ന ഗാനമൊക്കെ ഒരു സമയത്ത് കോളേജുകളെ ഇളക്കിമറിച്ചിരുന്നു. ആ ഗാനങ്ങൾക്കൊക്കെ പിന്നിൽ ഞാനാണെന്ന് പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്‌തവം. ഇപ്പോൾ കാര്യങ്ങൾ മാറി, നമ്മളെയൊക്കെ തിരിച്ചറിയുന്നുണ്ട്." -സിജു തുറവൂർ പറഞ്ഞു.
പുഷ്‌പ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലുമായി 10 ഗാനങ്ങളാണ് സിജു തുറവൂർ എഴുതിയിട്ടുള്ളത്. മലയാളം വരികൾ എഴുതാൻ ഭാഗ്യം ലഭിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ സുകുമാറും അല്ലു അർജുനും സംഗീത സംവിധായകനും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു എല്ലാ ഭാഷയിലും പീലിംഗ് ഗാനത്തിലെ ആദ്യ വരികൾ മലയാളം ആക്കാം എന്നുള്ളത്.
മലയാളികൾ അല്ലു അർജുനോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്‍റെ ട്രൈബ്യൂട്ട് ആയാണ് പുഷ്‌പ 2വിന്‍റെ അണിയറ പ്രവർത്തകർ അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊച്ചിയിൽ അല്ലു അർജുൻ പുഷ്‌പ 2വിന്‍റെ പ്രെമോഷന്‍ പരിപാടിയില്‍ എത്തിച്ചേർന്നപ്പോൾ താനും ആ സദസ്സിൽ സന്നിഹിതനായിരുന്നുവെന്നും തന്നെ കണ്ട മാത്രയിൽ താരം അടുത്തേക്ക് വന്ന് പീലിംഗ് ഗാനത്തെ കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"വരികൾ വളരെ നന്നായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. അല്ലു അർജുനെ നിരവധി തവണ കാണാനും സംസാരിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും നിറഞ്ഞ സ്നേഹമാണ് ലഭിച്ചിട്ടുള്ളതും. മാത്രമല്ല തന്‍റെ മൊഴിമാറ്റ സിനിമകളിൽ അല്ലു അർജുൻ മലയാളം ഗാനങ്ങൾ കൃത്യമായി കേട്ട് അഭിപ്രായം പറയും.
അല്ലു അർജുൻ ചിത്രങ്ങളുടെ ഗാനങ്ങൾ എഴുതുമ്പോൾ ഒരു പ്രത്യേക എനർജിയാണ്. എന്‍റെ കരിയറിൽ വലിയ ഉയർച്ചയ്ക്ക് കാരണമായത് അല്ലു അർജുൻ സിനിമകളാണ്. മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ഒന്നിക്കുന്ന കണ്ണപ്പ എന്ന ചിത്രത്തിലാണ് അടുത്തതായി ഞാൻ പ്രവർത്തിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന്‍റെ പാൻ ഇന്ത്യൻ സിനിമയിലും ഭാഗമാകുന്നുണ്ട്."-സിജു തുറവൂർ പറഞ്ഞു.
താനെഴുതുന്ന മൊഴിമാറ്റ ഗാനങ്ങൾ ഗായകർക്ക് ആലപിക്കാൻ വളരെ എളുപ്പമാണെന്നും എന്നാൽ വളരെയധികം ബുദ്ധിമുട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിജു തുറവൂര്‍. അന്യഭാഷ ഗായകർക്കാണ് അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശ്രീവല്ലി എന്ന ഗാനം മലയാളത്തിലും ആലപിച്ചിരിക്കുന്നത് സിഡ് ശ്രീറാം ആണ്. മലയാള ഭാഷയിലെ കൃത്യമായ ഉച്ചാരണം ലഭിക്കാതെ അദ്ദേഹം വളരെയധികം കഷ്‌ടപ്പെട്ട് പോയിട്ടുണ്ട്. അതുപോലെ തന്നെയാണ് പുഷ്‌പ 2വിലെ ഗാനങ്ങൾ ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട്. വളരെ പെട്ടെന്ന് മലയാള ഭാഷ മനസ്സിലാക്കാൻ കഴിവുള്ള കലാകാരിയാണ് ശ്രേയ. എങ്കിലും ചില വാക്കുകൾ അവരെ വല്ലാതെ കഷ്‌ടപ്പെടുത്തിയിരുന്നു.
ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവം ചിരഞ്‌ജീവി നായകനായ സെയ്‌റാ നരസിംഹ റെഡി എന്ന സിനിമയിലെ ഒരു ഗാനം മലയാളത്തിൽ റെക്കോർഡ് ചെയ്യാനായിരുന്നു. സുനിതി ചൗഹാൻ ആയിരുന്നു ഗായിക. മലയാളം വാക്കുകൾ അവർക്ക് ഉച്ചരിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.
പക്ഷേ അവർ അതൊരു ചലഞ്ചായി ഏറ്റെടുത്തു. ഞാന്‍ ആവുന്ന രീതിയിൽ വാക്കുകളെ അവർക്ക് പരിചയപ്പെടുത്തി. രണ്ട് ദിവസം കൊണ്ടാണ് ആ ഗാനം ആലപിച്ചത്. ഇവരൊക്കെ നല്ല ഗായകരാണ്. മലയാള ഭാഷയാണ് പ്രശ്‌നം എന്ന് മനസ്സിലാക്കണം." -സിജു തുറവൂർ വ്യക്‌തമാക്കി.