ലൈംഗിക ആരോപണ കേസിൽ അറസ്‌റ്റ് ഭയന്ന് നടൻ സിദ്ദിഖ് ഒളിവിൽ ഇരിക്കുന്ന സാഹചര്യത്തിൽ നടന്‍റെ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സിദ്ദിഖ് മുമ്പൊരിക്കല്‍ പ്രസ്‌താവിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മീടൂ ക്യാമ്പയിന് പിന്തുണ നൽകി സംസാരിച്ച സിദ്ദിഖിന്‍റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മീടൂ ക്യാമ്പയിൻ ആധുനിക സമൂഹത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല സമൂഹത്തിലെ സമസ്‌ത മേഖലകളിലെയും പെൺകുട്ടികൾ അതിക്രമം നേരിട്ടാൽ സധൈര്യം മുന്നോട്ട് വരണമെന്നും സിദ്ദിഖ് വീഡിയോയില്‍ പറയുന്നുണ്ട്.
ലൈംഗിക അതിക്രമത്തിന് ഇരയായാൽ പത്തും ഇരുപതും വർഷം മറച്ചു വച്ചിട്ട് വെളിപ്പെടുത്തേണ്ട കാര്യമില്ല. അതിക്രമം നേരിടുന്ന നിമിഷം തന്നെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് ആളിന്‍റെ പേര് വെളിപ്പെടുത്തണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തനിക്കെതിരെ ഒരു ലൈംഗിക ആരോപണം ഉണ്ടായാൽ താൻ തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ നടപടി എടുക്കണമെന്ന് തന്നെയാണ് തന്‍റെ അഭിപ്രായം. പക്ഷേ ഞാൻ അപ്പോൾ കുറ്റാരോപിതൻ മാത്രമെ ആകുന്നുള്ളൂ. 2018ല്‍ നടൻ ദിലീപിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ദിഖിന്‍റെ ഈ പ്രതികരണം.
2018 ഒക്‌ടോബര്‍ 15നാണ് മീടൂ ക്യാമ്പയിന് പിന്തുണ നൽകി സിദ്ദിഖ് മാധ്യമങ്ങളോട് സംസാരിച്ചത്. സിദ്ദിഖ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അന്തരിച്ച അഭിനേത്രി കെപിഎസ്‌സി ലളിതയും ഒപ്പമുണ്ടായിരുന്നു.
സിദ്ദിഖിന്‍റെ ഈ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ കടുത്ത ഭാഷയില്‍ സിദ്ദിഖിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രൂക്ഷമായ ഭാഷയിലും പരിഹാസ രൂപത്തിലുള്ള കമന്‍റുകളാണ് വീഡിയോയ്‌ക്കും സിദ്ദിഖിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ലൈംഗിക അതിക്രമ കേസിൽ നടൻ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക.
അതേസമയം അവസാന ശ്രമം എന്ന നിലയില്‍ സിദ്ദിഖ്, ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് പരാതി നല്‍കിയത് അടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം.