ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഇന്ത്യൻ 2' രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് സംവിധായകൻ ഷങ്കർ. ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യന്‍' സിനിമയുടെ തുടര്‍ച്ചയാണ് 'ഇന്ത്യൻ 2'.
ഒരു ഭാഗമായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്‍റെ ദൈർഘ്യം ആറ് മണിക്കൂറില്‍ കൂടുതലായതിനെ തുടര്‍ന്നാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍റെ കഥാപശ്ചാത്തലം ഒരു സംസ്ഥാനം മാത്രമായിരുന്നിട്ടും സിനിമയ്‌ക്ക് 3 മണിക്കൂര്‍ 20 മിനിറ്റ് ദൈർഘ്യമുണ്ട്.
അതേസമയം 'ഇന്ത്യൻ 2'ന്‍റെ കഥാപശ്ചാത്തലം രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യവും കൂടി. എന്നിരുന്നാലും ഒരു ഭാഗം മാത്രം ചെയ്യുക എന്നതായിരുന്നു ആദ്യ തീരുമാനം.
പക്ഷേ എഡിറ്റിങ് സമയത്ത് മുഴുവൻ സീനുകളും കംപ്രസ് ചെയ്‌താൽ ഓരോ സീനിൻ്റെയും ആത്മാവും ഫീലും നഷ്‌ടപ്പെടുമെന്ന് മനസിലായി. മാത്രമല്ല എനിക്ക് അതില്‍ രണ്ട് സിനിമ കാണാനും കഴിഞ്ഞു. അങ്ങനെയാണ് രണ്ട് ഭാഗങ്ങളാക്കാം എന്ന് തീരുമാനിക്കുന്നത് എന്ന് സംവിധായകന്‍ പറഞ്ഞു. ഓരോ ഭാഗത്തിനും അതിൻ്റേതായ ശക്തിയും ആകർഷകമായ രംഗങ്ങളും ഉണ്ടാകും. രണ്ടും തുടക്കവും ബോഡിയും ക്ലൈമാക്‌സുമുളള സിനിമകളായിരിക്കുമെന്നും സംവിധായകന്‍ ഉറപ്പുനല്‍കി.
സിനിമ രണ്ട് ഭാഗമായി ചെയ്യാനുളള തീരുമാനം സംവിധായകന്‍റേത് മാത്രമാണെന്ന് ഉലകനായകന്‍ പറഞ്ഞു. കഴിവുള്ള പല സംവിധായകരും ഒരു സിനിമ ചെയ്യാൻ നിർമ്മാതാവിനെ അന്വേഷിച്ച് നടക്കുന്നു. ഷങ്കറിന് രണ്ട് സിനിമ നിർമിക്കാൻ അവസരം ലഭിച്ചു. എന്തുകൊണ്ട് ആ അവസരം ഉപയോഗിക്കാതിരിക്കണം എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നതെന്നും കമൽ ഹാസന്‍ പറഞ്ഞു.
ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ പ്രതികരമാണ് ലഭിക്കുന്നത്. ട്രെയിലറിലുടനീളം കമൽ ഹാസൻ വ്യത്യസ്‌ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ഇന്ത്യന്‍' സിനിമയിലൂടെ ഒരിക്കൽ വ്യവസ്ഥിതിക്കെതിരെ പോരാടിയ കമലിൻ്റെ സേനാപതി എന്ന കഥാപാത്രം സമൂഹത്തെ രക്ഷിക്കാനായി തിരിച്ചെത്തിയിരിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ചിത്രം 'ഇന്ത്യൻ 2' 2024 ജൂലൈ 12ന് ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും.
Also Read: 'ഇത് രണ്ടാം സ്വാതന്ത്ര്യ സമരം'; ഉലകനായകനും ഷങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2' ട്രെയിലർ പുറത്ത്