മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ഷെയ്‌ൻ നിഗം നായകനായി പുതിയ ചിത്രം വരുന്നു. 'ഹാൽ' എന്ന പ്രണയ ചിത്രമാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
ഈദ് ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഷെയ്‌നും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 'എന്താ ഇപ്പ ഹാൽ...അപ്പോ ഒരു ലവ് സ്റ്റോറി ആയാലോ...നിങ്ങളെ വീണ്ടും പ്രണയത്തിൽ വീഴ്‌ത്തുന്ന ഒരു റൊമാൻ്റിക് എൻ്റർടെയ്‌നറിനായി തയ്യാറാകൂ!' എന്ന് കുറിച്ചുകൊണ്ടാണ് ഷെയ്‌ൻ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
![SHANE NIGAM NEW MOVIE HAAL MALAYALAM UPCOMING MOVIES SHANE NIGAM MOVIES ഷെയ്‌ൻ നിഗം ഹാൽ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/11-04-2024/21198786_haal.jpeg)
നിഷാദ് കോയയാണ് 'ഹാൽ' സിനിമയുടെ രചന നിർവഹിക്കുന്നത്. 'ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു' എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണിത്. ജെവിജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് 'ഹാൽ' ഒരുങ്ങുന്നത്.
സംഗീതത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നന്ദു ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരു കംപ്ലീറ്റ് എന്‍റർടെയിനർ ആയാണ് അണിയറ പ്രവർത്തകർ 'ഹാൽ' ഒരുക്കുന്നത് എന്നാണ് വിവരം. ഷെയ്‌ൻ നിഗത്തിന്‍റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ മലയാളത്തിനൊപ്പം ഹിന്ദി, തെലുഗു, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ആലോചിക്കുന്നത്.
മെയ് ആദ്യവാരം കോഴിക്കോട്ട് ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രീകരണം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. നിലവിൽ 'മദ്രാസ്‌ക്കാരൻ' എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് ഷെയ്‌ൻ. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ താരം 'ഹാലി'ൽ ജോയിൻ ചെയ്യും.
കാർത്തിക് മുത്തുകുമാർ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കുന്നു. കോസ്റ്റ്യൂംസ് : സമീറ സനീഷ്, മേക്കപ്പ് : അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, വിഎഫ്എക്‌സ് : ഡിജിറ്റൽ ടർബോ മീഡിയ, ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഒ : ആതിര ദിൽജിത്ത് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ഷാനവാസ് കെ ബാവക്കുട്ടിയുടെ 'ഒരു കട്ടിൽ ഒരു മുറി' വരുന്നു; റിലീസ് തീയതി പുറത്ത്