മലയാള സിനിമയുടെ അഭിനയ കുലപതി വിടവാങ്ങിയിട്ട് ഇന്നേയ്‌ക്ക് 12 വര്‍ഷങ്ങള്‍. സ്വന്തം ജീവിതം തന്നെ മലയാള സിനിമയ്‌ക്ക് മാറ്റിവച്ച അതുല്യ പ്രതിഭ ഒരേയൊരു ആഗ്രഹം ബാക്കിവച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മുഖത്ത് ചായം പൂശി മരണത്തെ വരവേൽക്കുക എന്നതായിരുന്നു തിലകന്‍റെ ബാക്കിയായ ആഗ്രഹം.
അഭിനയ കലയുടെ മൂർദ്ധന്യതയിൽ കഥാപാത്രമായി ശരീരവും മനസ്സും പരകായ പ്രവേശത്തിൽ നിൽക്കവെ മരണത്തിന് കീഴടങ്ങണം. അതായിരുന്നു തിലകൻ എന്ന നടന്‍റെ എക്കാലത്തെയും വലിയ ആഗ്രഹം. നടനും തിലകന്‍റെ മകനുമായ ഷമ്മി തിലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിലകന്‍റെ 12-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഷമ്മി തിലകന്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു.
'അച്ഛന്‍റെ പന്ത്രണ്ടാം ചരമ വാർഷികത്തിൽ പറയാൻ ഏറെയുണ്ട്. അംഗീകാരങ്ങളേക്കാൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കാനാണ് തിലകൻ എന്ന നടൻ എക്കാലവും ശ്രമിച്ചിട്ടുള്ളത്. എങ്കിലും അച്ഛൻ എന്നുള്ള സ്വാർത്ഥതയിൽ പറഞ്ഞു തുടങ്ങട്ടെ.
മരിക്കുമ്പോൾ പോലും ദൈവം തിലകന്‍റെ ആഗ്രഹങ്ങൾക്ക് പരിഗണന നൽകിയിരുന്നില്ല.
അവസാന കാലങ്ങളിൽ തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനയ കലയോടു പോലും അകലം പാലിച്ചാണ് തിലകൻ മരണത്തിന് കീഴടങ്ങിയത്. ചില അവസര അംഗീകാര നിഷേധങ്ങളോട് പലപ്പോഴും മുഖം തിരിക്കുന്ന ഒരു അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. അതിനൊരു ഉദാഹരണം പറയാം. 1990ൽ പെരുന്തച്ചൻ, കാട്ടുകുതിര എന്നീ മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങളും തമിഴ് ചിത്രമായ ക്ഷത്രിയനിലെ കഥാപാത്രവും ദേശീയ പുരസ്‌കാര വേദിയിൽ മാറ്റുരച്ചു.
അവസാന റൗണ്ട് വരെ തിലകൻ എന്ന പേര് ഉച്ചസ്ഥായിയിൽ ആയിരുന്നെങ്കിലും അഗ്നിപഥ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജൂറി മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചന് നൽകി. തിലകൻ എന്ന എന്‍റെ അച്ഛൻ അവതരിപ്പിച്ച മേൽപ്പറഞ്ഞ മൂന്ന് സിനിമകളിലെയും വ്യത്യസ്‌ത കഥാപാത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നില്ല അമിതാഭ് ബച്ചന്‍റെ അഗ്നിപഥിലെ കഥാപാത്രം.
രാഷ്ട്രീയ പ്രേരിതമായാണ് തിലകന് അന്ന് അവാർഡ് നിഷേധിച്ചത്. അന്നത്തെ മാധ്യമങ്ങളെല്ലാം ഈ വിഷയം വലിയ വിവാദമാക്കിയിരുന്നു. പിൽക്കാലത്ത് അതേ ദേശീയ പുരസ്‌കാര ജൂറിയിലെ പ്രധാന വ്യക്തിത്വം റിയാദ്, ഡെയിലി എന്ന ദിനപത്രത്തിൽ തിലകന് ഇനിയും അവാർഡുകൾ ലഭിക്കുമല്ലോ എന്ന ക്ഷമാപണം രുചിക്കുന്ന ഒരു പ്രസ്‌താവന നൽകുകയുണ്ടായി. അതിലൊരു കുറ്റബോധം താൻ വായിച്ചെടുത്തു.' -ഷമ്മി തിലകന്‍ പറഞ്ഞു.
തിലകൻ എന്ന വ്യക്തിത്വം ജീവിതത്തിൽ നിരാശനായി കണ്ട അപൂർവ്വം നിമിഷത്തെ കുറിച്ചും ഷമ്മി മനസ്സുതുറന്നു. 'അച്ഛനെയും അമിതാഭ് ബച്ചനെയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളി അസോസിയേഷൻ മുംബൈയിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു. ഇരുവർക്കും ഒരു സ്വീകരണം നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം. അച്ഛനെ എയർപോർട്ടിലേക്ക് വിടാനായി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ഞാനും ഒപ്പമുണ്ട്. അച്ഛൻ തൊട്ടപ്പുറത്തെ മുറിയിൽ ഡ്രസ്സുകൾ പാക്ക് ചെയ്യുകയാണ്.
ആ ഫ്ലാറ്റിന്‍റെ സ്വീകരണ മുറിയിൽ തിലകൻ എന്ന നടന്‍റെ എല്ലാ തേജസും ഒപ്പിയെടുത്തിരിക്കുന്ന ഒരു ചിത്രം ഫ്രെയിം ചെയ്‌തു പിടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ അച്ഛൻ ഒരു കൈ മുകളിലേക്ക് ചൂണ്ടി ഉന്നതങ്ങളിലേക്ക് നോക്കി നിൽക്കുന്നതു പോലെയാണ് ഭാവം. പൊടുന്നനെ ഒരു ചിത്രശലഭം മുറിയിലേക്ക് കടന്നു വന്നു. മുറിക്കുള്ളിൽ ആ ശലഭം തത്തിക്കളിച്ച് ചുവരിലെ അച്ഛന്‍റെ ഫോട്ടോയുടെ അടുത്തേക്ക് പറന്നു. കൃത്യം ചൂണ്ട് വിരലിൽ തന്നെ ശലഭം വന്നിരുന്നു. കാഴ്‌ച വളരെ കൗതുകകരമായി തോന്നി.
താൻ അച്ഛനെ വിളിച്ച് ഈ കാഴ്‌ച കാണിച്ചു. ഈ കാഴ്‌ച കണ്ട മാത്രയിൽ തന്നെ അച്ഛൻ ഒന്ന് പുഞ്ചിരിച്ച് ദൃശ്യം ഒരു ക്യാമറയിൽ പകർത്താനുള്ള തത്രപ്പാടിലായി. തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ക്യാമറ എടുത്ത് കൊണ്ടു വന്ന് ഫ്രെയിം കമ്പോസ് ചെയ്യുന്നതിനിടയിൽ ശലഭം പറന്ന് പുറത്തേക്കു പോയി. തിലകൻ എന്ന വ്യക്തിത്വം ജീവിതത്തിൽ നിരാശനായി കണ്ട അപൂർവ്വം ചില നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.
പിന്നീട് ചടങ്ങിൽ പങ്കെടുക്കാൻ അച്ഛൻ പുറപ്പെട്ടു. നിർഭാഗ്യവശാൽ ചടങ്ങിൽ അമിതാഭ് ബച്ചൻ പങ്കെടുത്തിരുന്നില്ല. പക്ഷേ അവിടെയുള്ള മലയാളികളോടായി തനിക്ക് അവാർഡ് ലഭിക്കാത്തതിനെ കുറച്ച് അർത്ഥവത്തായ ചില കാര്യങ്ങൾ അച്ഛൻ വെളിപ്പെടുത്തി. അവാർഡുകൾ ചിത്രശലഭങ്ങളെ പോലെയാണ്. പറന്നു നടക്കുന്ന അതിന് പിന്നാലെ ഞാൻ പോകാറില്ല. അത് എന്നെ തേടി വരണം. സദസ്സിൽ നിർത്താതെ കരഘോഷമുയർന്നു.'-ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
തന്‍റെ അച്ഛന് മോക്ഷം ലഭിക്കുന്നതിനെ കുറിച്ചും ഷമ്മി പ്രതികരിച്ചു. 'തിലകൻ എന്ന നടനെ എക്കാലവും ചിലർ ദ്രോഹിച്ചിട്ടേ ഉള്ളൂ. 2018 വരെ ഒരു മകൻ എന്നുള്ള രീതിയിൽ അദ്ദേഹത്തിനുള്ള മരണാനന്തര കർമ്മങ്ങൾ ചെയ്‌തിരുന്നു. ഇപ്പോൾ നടക്കുന്ന സിനിമ മേഖലയിലെ സംഭവ വികാസങ്ങളെ കുറിച്ച് നിങ്ങൾക്കൊക്കെ ധാരണയുണ്ടല്ലോ. അച്ഛനെ ദ്രോഹിച്ചവരൊക്കെ കർമ്മയുടെ കരങ്ങളിൽ ഞെരിഞ്ഞ് അമരുന്നത് വരെ അച്ഛന്‍റെ ആത്‌മാവിന് മോക്ഷം ലഭിക്കുകയില്ല.
അതുകൊണ്ടു തന്നെ ഒരു മരണാനന്തര കർമ്മങ്ങൾക്കും തിലകന്‍റെ ആത്‌മാവിന് ശാന്തി ലഭിക്കാൻ കാരണമാകില്ല. അധികം വൈകാതെ എല്ലാ സത്യവും ജനങ്ങൾക്ക് ബോധ്യമാകും. അന്ന് വ്യക്തി മരിച്ചെങ്കിലും വ്യക്തിപ്രഭാവം നിലനിൽക്കുന്നതിനാൽ ജനങ്ങൾ തിലകനെ ഓർക്കും. തിലകനാണ് ശരി എന്ന് അവർ പറയുന്ന നിമിഷം അദ്ദേഹത്തിന്‍റെ ആത്‌മാവിന് ശാന്തി ലഭിക്കും. എന്നിട്ട് ആകാം മകനെന്ന ധർമ്മവും കർമ്മവും.'- ഷമ്മി തിലകൻ പ്രറഞ്ഞു.