സൂര്യാഘാതമേറ്റതിനെ തുടർന്ന് അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ഡിസ്‌ചാർജ് ചെയ്‌തു. വ്യാഴാഴ്‌ച വൈകീട്ടാണ് താരം ആശുപത്രി വിട്ടത്. മുംബൈയിലേക്ക് പോകാൻ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഷാരൂഖ് ചാർട്ടർ വിമാനത്തിൽ കയറിയതായാണ് വിവരം.
മെയ് 22നാണ് നനിർജലീകരണവും ഹീറ്റ് സ്‌ട്രോക്കും സംഭവിച്ചതിനെ തുർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 21ന് ഐപിഎൽ മത്സരം കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ്. ഇതിനിടെ കടുത്ത ചൂടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് ഷാരൂഖ് ഖാൻ. മാനേജർ പൂജ ദദ്‌ലാനി, ഇളയ മകൻ അബ്രാം, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് മത്സരം കാണാനായി എത്തിയത്. കൊൽക്കത്തയുടെ സഹ ഉടമകളായ ജൂഹി ചൗളയും ജയ് മേത്തയും സുഹാനയുടെ അടുത്ത സുഹൃത്തുക്കളായ അനന്യ പാണ്ഡെയും ഷനായ കപൂറും സ്‌റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
അതേസമയം 45 ഡിഗ്രി ചൂടായിരുന്നു അന്നേ ദിവസം അഹമ്മദാബാദിൽ രേഖപ്പെടുത്തിയത്. രാത്രി വൈകി ടീമിനൊപ്പം എത്തിയ താരത്തിന് ഐടിസി നർമദ ഹോട്ടലിൽ ഗംഭീര വരവേൽപ്പ് നൽകിയിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ കടന്നത്.
എന്നാൽ അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്‍റെ നില വഷളാവുകയും തുടർന്ന് മെയ് 22 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. നേരത്തെ, ഷാരൂഖിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്‌ഡേറ്റ് മാനേജർ പൂജ ദദ്‌ലാനി സോഷ്യൽ മീഡയിയിലൂടെ പങ്കുവച്ചിരുന്നു. ഹൃദയംഗമമായ കുറിപ്പിൽ, താര്തതിന്‍റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അവരുടെ സ്‌നേഹത്തിനും പ്രാർത്ഥനയ്‌ക്കും ഉത്കണ്‌ഠയ്‌ക്കും അവർ നന്ദി പറഞ്ഞു.
Also Read: 'ആരാധകരുടെ കരുതലിന് നന്ദി' ; ഷാരൂഖ് ഖാന്‍റെ ആരോഗ്യനില പങ്കുവച്ച് മാനേജർ