ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഒരു സമയത്ത് സുപരിചിതമായ മുഖമായിരുന്നു ഇന്ദുലേഖയുടേത്. കഴിഞ്ഞ ഏഴ് വർഷമായി സിനിമകളിൽ ഒന്നുംതന്നെ മുഖം കാണിച്ചിട്ടില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്നു. അതുകൊണ്ടുതന്നെ സിനിമ പ്രേക്ഷകർക്ക് തന്നെ കാണാനില്ലല്ലോ എന്നൊരു തോന്നൽ സാധാരണം തന്നെ. ഒരു ഇടവേളയ്‌ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാകുന്നതിന്‍റെ മുന്നോടിയായി ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു ഇന്ദുലേഖ.
വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ചു നാളുകളായി സിനിമകളിൽ ഒന്നും തന്നെ അഭിനയിക്കാൻ സാധിച്ചിരുന്നില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് കടന്നുവരാൻ സാധിച്ചു. മൂന്നാം വയസ് മുതൽ നൃത്ത പഠനം ആരംഭിച്ചതാണ്. പതിമൂന്നാം വയസിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 'ഹീറോസ്' എന്ന പേരിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്‌തിരുന്ന സീരിയലിലാണ് ആദ്യം അഭിനയിക്കുന്നത്. അക്കാലഘട്ടങ്ങളിൽ ദൂരദർശൻ മാത്രമായിരുന്നു മലയാളികളുടെ ഏക ചാനൽ.
മറ്റ് സ്വകാര്യ ചാനലുകൾ പ്രചാരത്തിലാകുന്നതിന് മുമ്പ് സീരിയലുകൾ കാണാൻ മലയാളികള്‍ ആശ്രയിച്ചിരുന്നതും ദൂരദർശനാണ്. പിന്നീട് തുടർച്ചയായി ദൂരദർശനിലെ പല സീരിയലുകളിലും വേഷമിട്ടു. യാത്രയെന്ന ദുരദർശൻ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്ന സീരിയലിലെ ഇരട്ട വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടതും കരിയറിന് ഏറെ ഗുണം ചെയ്‌തു. സിനിമകളിൽ വളരെ ദൈർഘ്യമുള്ള കഥാപാത്രങ്ങളെ ഒന്നും ഇതുവരെയും അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല. ചെറിയ ചെറിയ വേഷങ്ങളാണ് പലപ്പോഴും ലഭിച്ചിട്ടുള്ളത്.
സീരിയലുകളിൽ സജീവമായിരുന്നാൽ സിനിമകളിൽ അവസരം ലഭിക്കില്ല എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വാസ്‌തവമല്ലെന്ന് ഇന്ദുലേഖ പറയുന്നു. സീരിയലിന്‍റെ സുദീർഘമായ ഷെഡ്യൂളുകൾ കാരണം സിനിമകളിൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കാതെ പോയതാണ് മികച്ച വേഷങ്ങൾ സിനിമകളിൽ ലഭിക്കാതിരിക്കാൻ കാരണം. അടുത്തിടെ റിലീസ് ചെയ്‌ത 'മായമ്മ' എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ സാധിച്ചു. ഒരുപക്ഷേ ഇനി സിനിമകളിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചതിന്‍റെ ഭാഗമായിരുന്നു മായമ്മ എന്ന ചിത്രത്തിലെ കഥാപാത്രമെന്നും ഇന്ദുലേഖ പറഞ്ഞു.
എത്രയൊക്കെ സീരിയലുകളിൽ അഭിനയിച്ചാലും ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഒരു വേഷം ചെയ്യുന്നത് അഭിമാനപരമായ സംഗതിയാണ്. സിനിമകളിലെ കഥാപാത്രങ്ങൾ പലപ്പോഴും എക്സൈറ്റ് ചെയ്യിക്കാറുണ്ട്. അതിപ്പോൾ കഥാപാത്രങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും. സീരിയലിൽ സജീവമായി നിൽക്കുന്ന പലർക്കും സിനിമയിൽ അവസരം ലഭിക്കാറില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ ഇടവേളകളിൽ അവസരങ്ങൾ തേടിവരുന്നു എന്നുള്ളത് ഭാഗ്യം ആയി കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളത്തിന്‍റെ പ്രിയതാരം ഉർവശി നിർമ്മിക്കുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഉർവശി ചേച്ചിയുമായും അവരുടെ കുടുംബവുമായും ചെറുപ്പകാലം തൊട്ടുള്ള ബന്ധമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി അഭിനയ ജീവിതത്തിൽ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ താൻ അഭിനയം പൂർണമായി നിർത്തിയെന്ന് ഉർവശി ചേച്ചി കരുതിയിരുന്നു. അവസരങ്ങൾ ഉണ്ടായിട്ടും താൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന ധാരണയിലാണ് ഉർവശി ചേച്ചി പല കഥാപാത്രങ്ങൾക്കും എന്നെ ക്ഷണിക്കാതിരുന്നത്. ബാങ്കിൽ ഒരു ജോലിയുള്ളതുകൊണ്ട് ജീവനോപാധിക്ക് വേറെ പ്രശ്‌നങ്ങൾ ഒന്നും ഇല്ല. അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ജോലിയും ഒരു വശത്തുകൂടി മുന്നോട്ടു കൊണ്ടുപോകുന്നു.
ജോലിയും ജീവിതവുമായി മുന്നോട്ടു പോകുന്നതിനിടെ ഒരു ഡാൻസ് പെർഫോമൻസിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. പ്രശസ്‌ത ഛായാഗ്രഹകൻ അനിൽ നായരുടെ മകളും അന്ന് തന്നോടൊപ്പം വേദിയിൽ പെർഫോം ചെയ്‌തു. ആ പെർഫോമൻസിന്‍റെ ഫോട്ടോസ് അനിൽ നായർ ഉർവശി ചേച്ചിയെ കാണിച്ചപ്പോഴാണ് കലാമേഖലയിൽ താൻ സജീവമാണെന്നുള്ള ബോധ്യം ഉർവശി ചേച്ചിക്ക് ഉണ്ടാകുന്നത്. തുടർന്നാണ് ഉർവശി ചേച്ചി നിർമ്മിക്കുന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നതും.
അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്ന കൂടെവിടെ എന്ന സീരിയൽ വളരെയധികം ജനപ്രിയമായതാണ്. കൂടെവിടെ മാത്രമല്ല നിരവധി സീരിയലുകളും അതിലെ തന്‍റെ കഥാപാത്രങ്ങളും എക്കാലവും ജനപ്രിയം തന്നെ. എങ്കിലും കൂടെവിടെയെ പറ്റി സംസാരിക്കുമ്പോൾ ആ സീരിയലിൽ ചെയ്‌ത കഥാപാത്രം സാധാരണക്കാരെ വളരെയധികം സ്വാധീനിച്ചു. സീരിയലിലെ തന്‍റെ കഥാപാത്രത്തിന് തലതെറിച്ച 2 പെൺകുട്ടികൾ ഉണ്ട്.
പൊതുസ്ഥലങ്ങളിലെല്ലാം വച്ച് സാധാരണക്കാർ തന്നെ കാണുമ്പോൾ സീരിയലിലെ തന്‍റെ മക്കളുടെ കഥാപാത്രങ്ങളായ പെൺകുട്ടികളെ കുറിച്ച് വിമർശനാത്മക രീതിയിലൊക്കെ സംസാരിക്കാറുണ്ട്. അവരെ നേരായ രീതിയിൽ വഴി നടത്തണം. മര്യാദ പഠിപ്പിക്കണം എന്നൊക്കെ പലരും വന്ന് ആവശ്യപ്പെടും. പലപ്പോഴും സ്നേഹത്തോടെയാവും സംസാരിക്കുക. എന്നാൽ ചില സീരിയലുകളിൽ ഞാൻ നെഗറ്റീവ് കഥാപാത്രവും ചെയ്‌തിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം പൊതുസ്ഥലങ്ങളിൽ വച്ച് തന്നെ തിരിച്ചറിയുന്നവർ വളരെ റൂഡായാണ് പെരുമാറുന്നത്.
ഒരിക്കൽ തന്‍റെ നെഗറ്റീവ് കഥാപാത്രമുള്ള സീരിയൽ സൂപ്പർ ഹിറ്റായി സംപ്രേഷണം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കേണ്ടതായി വരുന്നു. അപ്പോൾ പ്രായമായ ഒരു സ്ത്രീ തന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞത് ഇങ്ങനെയാണ്. നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. ഇതുപോലെയൊന്നും ആരോടും പെരുമാറരുത്. വളരെ ദേഷ്യ ഭാവത്തിലാണ് ആ പ്രായമായ സ്ത്രീ തന്നോട് സംസാരിച്ചത്. അതൊക്കെ ഒരുപക്ഷേ തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയായാണ് കാണുന്നതെന്ന് ഇന്ദുലേഖ പറഞ്ഞു.