കുടുംബ പ്രേക്ഷകരെ മാത്രമല്ല എല്ലാവരെയും സംതൃപ്‌തിപ്പെടുത്തുന്ന സിനിമയാണ് ദിലീപിന്‍റെ പവി കെയർടേക്കർ എന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ രാജേഷ് രാഘവൻ. പവി കെയർടേക്കർ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ത്രീ ഡോട്‌സ്, വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്‍റെ അതിഥികൾ എന്നിവയ്‌ക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ.
യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പവി കെയർടേക്കറിന്‍റെ കഥ എഴുതി തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ വ്യക്തി ആരെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില ഏടുകൾ സിനിമയ്‌ക്ക് പ്രചോദനമായി എന്നതൊഴിച്ചാൽ തീർച്ചയായും ഒരു തിരക്കഥാകൃത്തിന്‍റെ ഭാവനയിൽ നിന്നും ഉണ്ടായത് തന്നെയാണ് ഈ ചിത്രം.
ഒരുപക്ഷേ ആ വ്യക്തി ഈ സിനിമ കാണുമ്പോൾ ചില നിമിഷങ്ങൾ സ്വന്തം ജീവിതവുമായി ചേർന്നുനിൽക്കുന്നു എന്ന് തോന്നലുണ്ടാകാം. ആ വ്യക്തിയുടെ ജീവിതം നോക്കി അപ്പാടെ പേപ്പറിലേക്ക് പകർത്താൻ ശ്രമിച്ചിട്ടുമില്ല. തിരക്കഥ എഴുതി തുടങ്ങുമ്പോൾ മനസിൽ ദിലീപ് എന്ന നടൻ ഒരിക്കലും ഉണ്ടായിരുന്നില്ല. എഴുത്ത് പുരോഗമിക്കവെ കഥാപാത്രത്തിന്‍റെ ചില ചേഷ്‌ടകൾ ദിലീപ് എന്ന നടനെ മനസിലേക്ക് കൊണ്ടുവരികയായിരുന്നു.
തിരക്കഥ പൂർത്തിയായ ശേഷമാണ് സംവിധായകൻ വിനീതിലേക്ക് എത്തിച്ചേരുന്നത്. കടലാസിൽ എഴുതിയത് തിരശീലയിലേക്ക് എത്തുമ്പോൾ താൻ ജന്മം കൊടുത്ത ആശയങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും പാത്രമായത് മലയാളത്തിലെ മികച്ച താരങ്ങളാണ്. അവരുടെ പ്രകടനം കാണുമ്പോൾ മനസിൽ സന്തോഷത്തിലുപരി ബഹുമാനമാണ് തോന്നാറ്.
പവി കെയർ ടേക്കർ സത്യത്തിൽ കൊവിഡിന് മുൻപ് തന്നെ പ്ലാനിങ്ങിൽ ഉണ്ടായിരുന്ന പ്രോജക്‌ട് ആണ്. കൊവിഡ് കാലത്താണ് തിരക്കഥ പൂർണമായി എഴുതി തീർക്കുന്നത്. തിരക്കഥ പൂർത്തിയാക്കി നടൻ ദിലീപിനോട് കഥ പറഞ്ഞു. കഥ കേട്ട ശേഷം ദിലീപ് ആദ്യം ചോദിച്ചത് ഈ സിനിമ ആര് നിർമിക്കും എന്നാണ്.
ദിലീപ് ചിത്രം ചെയ്യാമെന്ന് സമ്മതിച്ചാൽ നിർമാതാവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നായിരുന്നു ഞങ്ങളുടെ മറുപടി. പക്ഷേ മറ്റൊരു ഓപ്ഷൻ ചിന്തിക്കേണ്ടി വന്നില്ല. സിനിമ ദിലീപ് തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്ന് അറിയിച്ചു.
സിനിമയുടെ രണ്ടാം പകുതിയാണ് എഴുത്തിൽ ഏറെ തലവേദന തന്നതെന്നും രാജേഷ് രാഘവൻ പറഞ്ഞു. നായകൻ പവിയുടെ ഇമോഷൻസിലൂടെ വേണം നായികയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ. ഒരുപക്ഷേ നായികയെക്കുറിച്ച് പ്രേക്ഷകർക്ക് ലഭിക്കുന്ന സൂചനകൾ പോലും നായകൻ പവിയിലൂടെയാണ്. നായികയുടെ സ്വഭാവം, മറ്റ് ഇമോഷണൽ വശങ്ങൾ നായകനിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രോസസ് കഠിനം തന്നെയായിരുന്നു.
ഈ ചിത്രത്തിന് നേരെ നടക്കുന്ന എതിർപ്പുകൾ എന്തിനെക്കുറിച്ചുള്ളതാണെന്ന് ഞാൻ പറഞ്ഞു പ്രേക്ഷകർ മനസിലാക്കേണ്ട കാര്യമില്ല. എതിർപ്പുകൾ എന്തിന്, എങ്ങനെ സംഭവിക്കുന്നു എന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്- ഒരു വ്യക്തിക്ക് നേരെയുള്ള വിദ്വേഷം സിനിമയെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.
വ്യക്തിവിദ്വേഷം സിനിമയെ ബാധിക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കേണ്ടത് ഇവിടെയുള്ള സിനിമ സംഘടനകൾ ആണ്. സിനിമ ഒരു വ്യക്തിയിൽ മാത്രം അധിഷ്‌ഠിതമായ കലാസൃഷ്‌ടിയല്ല. എത്രയൊക്കെ എതിർപ്പുകൾ ഉണ്ടെന്ന് പറഞ്ഞാലും ചിത്രം റിലീസ് ചെയ്‌ത് നാലാം ദിവസവും മിക്ക ഷോകളും ഹൗസ് ഫുൾ ആണെന്ന് തിരക്കഥാകൃത്ത് രാജേഷ് രാഘവൻ ചൂണ്ടിക്കാട്ടി.
അതേസമയം മുൻ ചിത്രമായ അരവിന്ദന്‍റെ അതിഥികളും ഒരു യഥാർഥ വ്യക്തിയെ അധികരിച്ച് എഴുതിയ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. 'ചിത്രം മൂകാംബികയിൽ തന്നെ ഷൂട്ട് ചെയ്യണമെന്നുള്ളത് എന്‍റെ ആഗ്രഹമായിരുന്നു. മതവിശ്വാസിയല്ല മറിച്ച് സ്‌പിരിച്വൽ ആണ് ഞാൻ.
സൂഫി സംഗീതവും ക്രിസ്‌ത്യൻ പാട്ടുകളും എനിക്ക് ഏറെ ഇഷ്‌ടമാണ്. അതെനിക്ക് മതപരമായ ഒരു കാര്യമല്ല. എന്‍റെ അൾട്ടിമേറ്റ് സ്‌പിരിച്വൽ ഡെസ്റ്റിനേഷൻ ഏതാണെന്ന് ചോദിച്ചാൽ മൂകാംബിക തന്നെ. അതുകൊണ്ടുതന്നെയാണ് ആ ചിത്രം മൂകാംബികയിൽ ഷൂട്ട് ചെയ്‌തതും'- രാജേഷ് രാഘവൻ ഫറഞ്ഞു.