ബെംഗളൂരു (കർണാടക) : പ്രമുഖ കന്നഡ സിനിമ നിർമാതാവ് സൗന്ദര്യ ജഗദീഷ് അന്തരിച്ചു. ബെംഗളൂരുവിലെ മഹാലക്ഷ്‌മി ലേഔട്ടിലെ വസതിയിൽ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് നിഗമനം. സ്നേഹിതരു, അപ്പു പപ്പു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സൗന്ദര്യ ജഗദീഷിന്‍റെ വിയോഗം കന്നഡ സിനിമ മേഖല വലിയ ഞെട്ടലോടെയാണ് നോക്കികാണുന്നത്.
സൗന്ദര്യ ജഗദീഷിനെ അവസാനമായി ആരാധകർ കണ്ടത് തന്‍റെ കുടുംബത്തോടൊപ്പം പ്രിയങ്ക ഉപേന്ദ്രയുടെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ്. ബെംഗളൂരുവിെലെ പ്രശസ്‌തമായ ജെറ്റ്‌ലാഗ് പബ് നടത്തിയിരുന്ന ജഗദീഷ്, ബിൽഡർ, ബിസിനസ്‌മാൻ, സിനിമ നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഈയിടെയായി അദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്നു. വീട് ജപ്‌തി ചെയ്‌തെന്നും, മുൻപ് ആത്‌മഹത്യ ശ്രമം നടത്തിയിരുന്നു എന്നുമാണ് വിവരം. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അദ്ദേഹം ആത്‌മഹത്യ ചെയ്‌തതാണോ എന്ന് സംശയവും പൊലീസിനുണ്ടെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത് ശ്രേയസ് പറഞ്ഞു.
അടുത്തിടെ നടന്ന വ്യവസായ സമ്മേളനങ്ങളിൽ, അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും സിനിമകളുടെ വിതരണ ചടങ്ങിൽ സജീവമായി പങ്കെടുക്കുകയും മകൻ നെകിഷിനെ സാൻഡൽവുഡിലേക്ക് പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം നടന്നിരുന്നു. ആത്മഹത്യയാണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഭാര്യ പരാതി നൽകുകയും ഹൃദയാഘാതമാണ് കാരണമെന്നും പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
മരണത്തിന്‍റെ വിശദാംശങ്ങൾ ഇപ്പോഴും അറിവായിട്ടില്ല. മഹാലക്ഷ്‌മി ലേഔട്ട് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉടൻ തന്നെ എംഎസ് രാമയ്യ ആശുപത്രിയിലെത്തി എന്നും ശ്രേയസ് കൂട്ടിച്ചേർത്തു.