മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച അനുജ് ഥാപൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുംബൈ ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകി. ജയിലിൽ വച്ച് അനുജ് ഥാപൻ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇത് കളവാണെന്നും അനുജ് ഥാപന്‍റേത് കൊലപാതകമാണെന്നും അമ്മ റീതാ ദേവി വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. മകൻ്റെ മരണം അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് (സിബിഐ) നിർദേശിക്കണമെന്നും ഇവർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജയിലിൽ വച്ച് അനുജ് ഥാപനെ പൊലീസ് ശാരീരികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നും ഹർജിയിൽ ആരോപണമുണ്ട്.
ഥാപനെ കസ്‌റ്റഡിയിലെടുത്ത പൊലീസ് സ്‌റ്റേഷനിലെയും ലോക്കപ്പിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിനോട് ഉത്തരവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൂടാതെ വെടിവയ്‌പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് അധികാരികളുടെ കോൾ ഡാറ്റ റെക്കോർഡിങ്ങുകൾ (സിഡിആർ) സംരക്ഷിക്കണമെന്നും ഹർജിയിൽ പറഞ്ഞു. വീണ്ടും ഥാപ്പൻ്റെ പോസ്‌റ്റ്‌മോർട്ടം നടത്തണമെന്നും കോടതിയോട് കുടുംബം ആവശ്യപ്പെട്ടു.
അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. ആയുധ ഇടപാടുകാരായ തപൻ, സോനു ബിഷ്‌ണോയി, സാഗർ പാൽ, വിക്കി ഗുപ്‌ത എന്നിവരാണ് അറസ്‌റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയെയും പൊലീസ് തിരയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റൈഫിളുകളും ബുള്ളറ്റുകളും എത്തിച്ചുകൊടുത്തെന്ന ആരോപിക്കപ്പെടുന്ന ഥാപൻ, സോനു ബിഷ്‌ണോയിക്കൊപ്പം ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്നാണ് പിടിയിലായി. ഏപ്രിൽ 29ന് പൊലീസ് ഥാപൻ ഉൾപ്പടെയുള്ള നാല് പ്രതികളെയും പ്രത്യേക കോടതിയിൽ ഹാജരാക്കി, മെയ് 8 വരെ പൊലീസ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ മെയ് 1ന് ക്രോഫോർഡ് മാർക്കറ്റിലെ കമ്മീഷണറേറ്റ് കെട്ടിടത്തിൻ്റെ ക്രൈംബ്രാഞ്ച് ലോക്കപ്പിലെ ടോയ്‌ലറ്റിൽ ഥാപനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.