എറണാകുളം: നടൻ സൈജു കുറുപ്പിന്‍റെ പിറന്നാൾ ആഘോഷം 'ഭരതനാട്യം' ചിത്രത്തിന്‍റെ ലോക്കേഷനിൽ. ഭരതനാട്യം ചിത്രത്തിന്‍റെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്നാണ് ഈ ജന്മദിനം ആഘോഷിച്ചത്. സൈജു കുറുപ്പ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ഭരതനാട്യം. സൈജു എന്‍റർടൈൻമെന്‍റസും തോമസ് തിരുവല്ല ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതും സൈജു കുറുപ്പാണ് (Saiju Kurup's Birthday Celebrated At Bharatanatyam Movie Location).
എറണാകുളത്തുവെച്ചുളള ലൊക്കേഷനിടെയാണ് താരത്തിന്‍റെ ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത്. നടൻ സായികുമാർ, സൈജുവിന്‍റെ ഭാര്യയും ചിത്രത്തിന്‍റെ പ്രൊഡ്യൂസറുമായ അനുപമ ബി നമ്പ്യാർ, നിർമ്മാതാവ് തോമസ് തിരുവല്ല, ഡോക്‌ടർ ദീദി ജോർജ് എന്നിവരും സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പിറന്നാൾ ദിനാഘോഷത്തിൽ പങ്കെടുത്തു.
ALSO READ:'റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്' ; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി ദുൽഖർ സൽമാൻ
വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്‌ണ ദാസ് മുരളിയാണ് ചിത്രത്തിന് തിരക്കഥയും സംവിധാനം നിർവഹിക്കുന്നത്. ഇടത്തരം ഗ്രാമ പശ്ചാത്തിലൊരുക്കി നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടുളള ഒരു ഫാമിലി ഡ്രാമയാണ് ഭരതനാട്യം.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമൊക്കെ ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ക്ഷേത്ര കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായ ഒരു യുവാവിനെ ചുറ്റിപറ്റിയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.