'പ്രേമം' സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സായി പല്ലവി. മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരം പിന്നീട് അന്യഭാഷകളിലും അനായാസം ചേക്കേറി. മലയാളത്തിലും അന്യഭാഷകളിലുമായി വലിയൊരു ആരാധക വലയമാണ് താരത്തിനുള്ളത്.
തന്‍റേതായ നിലപാടുകള്‍ കൊണ്ടും പലപ്പോഴും താരം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ സായി പല്ലവിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിവരമാണ് പുറത്തു വരുന്നത്. അടുത്തിടെയായിരുന്നു സായി പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹം നടന്നത്.
പൂജയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹാഘോഷ ചടങ്ങിന്‍റെ ചിത്രങ്ങളും മറ്റും കണ്ടതോടെ ആരാധകരില്‍ സംശയവും ആകാംക്ഷയും വര്‍ദ്ധിച്ചു. സാധാരണ കണ്ട് വരാറുള്ള രീതിയിലുള്ള ചടങ്ങുകളോ വസ്‌ത്രധാരണമോ ഒന്നുമായിരുന്നില്ല പൂജയുടെ വിവാഹത്തിന് ഉണ്ടായിരുന്നത് എന്നതാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് കാരണം.
കേരള സാരിയുടേതിന് സമാനമായ നേര്‍ത്ത ഗോള്‍ഡണ്‍ ബോഡറുള്ള സിംപിള്‍ വര്‍ക്കുള്ള വെളുത്ത സാരിയാണ് വധു പൂജ ധരിച്ചിരുന്നത്. ഗോള്‍ഡണ്‍ ബോഡറുള്ള മുണ്ടും ഷര്‍ട്ടും ആയിരുന്നു വരന്‍റെ വേഷം. വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂ-വരന്‍മാര്‍ താലിക്കെട്ട് ചടങ്ങിന് എത്തിയത്. താലികെട്ട് ചടങ്ങിന് ആഭരണങ്ങള്‍ ഒന്നും തന്നെ വധു ധരിച്ചിരുന്നില്ല.
Treasured moments of Saipallavi's family in Pooja kannan wedding...@Sai_Pallavi92 🥹♥️#SaiPallavi #RadhAmma#SenthamaraiKannan #SaiPallaviSisterWedding pic.twitter.com/QnttvV8AwF
— Sai Pallavi FC™ (@SaipallaviFC) September 7, 2024
പൂജയുടെ ചേച്ചിയായ സായി പല്ലവി ഉള്‍പ്പെടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്‌ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ വ്യത്യസ്‌തമായ വിവാഹ ചടങ്ങിന് പിന്നിലെ കാരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഇതിനുള്ള മറുപടി തന്‍റെ കരിയറിന്‍റെ തുടക്കക്കാലത്തെ അഭിമുഖങ്ങളില്‍ സായി പല്ലവി തന്നെ പറഞ്ഞിട്ടുണ്ട്. ആദിവാസി സമൂഹത്തില്‍പ്പെട്ട ബഡഗ ഗോത്ര വിഭാഗത്തിലെ കുടുംബമാണ് സായി പല്ലവിയുടേത്. ഈ ഗോത്ര വിഭാഗത്തിന്‍റെ വിശ്വാസപ്രകാരം പരമ്പരാഗതമായ രീതിയിലാണ് സായി പല്ലവിയുടെ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.