റോബർട്ട് ഡൗണി ജൂനിയർ മാർവല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് (എംസിയു) തിരിച്ചെത്തുന്നു. എന്നാല്‍ ഇത്തവണ റോബർട്ട് ഡൗണിയുടെ വരവ് അയൺമാൻ ആയല്ല, പകരം വില്ലനായ ഡോക്‌ടർ ഡൂം ആയാണ്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്‌ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്.
അവഞ്ചേഴ്‌സ്: ഡൂംസ്‍ഡെയിലാണ് ഡൗണി ഡോക്‌ടർ ഡൂം ആയി എത്തുന്നത്. റൂസോ സഹോദരങ്ങളായ ജോയും ആന്‍റണിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2026 മെയിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 2027 ല്‍ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ് എന്ന ചിത്രത്തിലും ഡോക്‌ടർ ഡൂമായി എത്തുന്നത് റോബർട്ട് ഡൗണിയാണ്.
ഡോക്‌ടർ ഡൂം സ്ക്രീനിലേക്ക് എത്തിക്കുകയാണെങ്കില്‍ ആ കഥാപാത്രമായിരിക്കും ഏറ്റവും സങ്കീർണമായതും രസകരമായതുമെന്ന് ജോ റൂസൊ പറഞ്ഞു. ഈ കഥാപാത്രം ചെയ്യാൻ ഏറ്റവും മികച്ച അഭിനേതാവിനെ ആവശ്യമാണെന്ന് പറഞ്ഞായാരിന്നു ജോ, റോബർട്ട് ഡൗണിയെ വേദിയിലേക്ക് ക്ഷണിച്ചത്.
2008 ല്‍ അയണ്‍മാൻ (ടോണി സ്റ്റാർക്ക്) എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി മാർവല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാകുന്നത്. ഇത് ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിലൊന്നായി മാറി. 2019 അവഞ്ചേഴ്‌സ് എൻഡ് ഗെയിമോടെയാണ് ടോണി സ്റ്റാർക്ക് എന്ന കഥാപാത്രം അവസാനിച്ചത്. ചിത്രത്തില്‍ കഥാപാത്രം മരിക്കുകയായിരുന്നു.