തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ പുത്തന്‍ റിലീസാണ് 'കങ്കുവ'. കഴിഞ്ഞ ദിവസമാണ് സിരുത്തൈ ശിവ സംവിധാനം ചെയ്‌ത ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 'കങ്കുവ'യ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 'കങ്കുവ'യിലെ പശ്ചാത്തല സംഗീതത്തിനും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും പ്രതികരിച്ചിരിക്കുകയാണ്.
ഒരു ദേശീയ മാധ്യമത്തില്‍ വന്ന 'കങ്കുവ' റിവ്യൂ പങ്കുവച്ച് കൊണ്ടാണ് റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചരിക്കുന്നത്. 'കങ്കുവ'യിലെ സൗണ്ടിനെ കുറിച്ചുള്ള റിവ്യൂ കാണുമ്പോള്‍ നിരാശയുണ്ടെന്ന് റസൂല്‍ പൂക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.
"റീ റെക്കോര്‍ഡിംഗ് മിക്‌സറായ ഒരു സുഹൃത്താണ് ഇതെനിക്ക് അയച്ചു തന്നത്. നമ്മുടെ ജനപ്രിയ സിനിമകളില്‍ ഒന്നിന്‍റെ ശബ്‌ദത്തെ കുറിച്ച് ഇത്തരത്തിലൊരു റിവ്യൂ കാണുന്നത് ഏറെ വിഷമിപ്പിക്കുന്നു. ഈ 'ലൗഡ്‌നെസ് വാറില്‍' അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സൗണ്ട് ചെയ്‌ത ആ വ്യക്‌തിയെയോ?
അതോ എല്ലാ അരക്ഷിതത്വങ്ങളെയും തൃപ്‌തിപ്പെടുത്താന്‍ അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ. നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങള്‍ ഉറക്കെയും വ്യക്‌തമായും പറയേണ്ട സമയമാണ് ഇത്. തലവേദനയോടെ തിയേറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയേറ്ററിലേക്ക് എത്തില്ല."-റസൂല്‍ പൂക്കുട്ടി കുറിച്ചു.
നിരവധി കമന്‍റുകളും റസൂല്‍ പൂക്കുട്ടിയുടെ പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. "ഇപ്പോഴും ചെവി വേദനയുണ്ട്. ഒരു ബഹളം ആയിരുന്നു മൊത്തത്തിൽ. തലവേദന ചെവി വേദന ഇല്ലാതെ എത്ര പേർക്ക് കണ്ട് തീർക്കാമെന്ന് അറിയില്ല" -ഇപ്രകാരമാണ് ഒരാള്‍ കുറിച്ചത്.
"ഞാൻ പടം കണ്ടപ്പോ തോന്നിയ കാര്യം വല്ലാത്ത സൗണ്ടാണല്ലോ, ഇന്‍റര്‍വെല്‍ ടൈമിൽ ബാക്കിയുള്ള ആളുകളും സൗണ്ട് ഓവർ ആണെന്ന് പറയുന്നത് കേട്ടു. പടം കണ്ടിറങ്ങി വരുമ്പോ ഒരാൾ തിയേറ്ററിൽ ജോലി ചെയ്യുന്ന ആളോട് നിങ്ങള്‍ക്കിത്തിരി സൗണ്ട് കുറച്ച് വെച്ചൂടായിരുന്നോ എന്ന് ചോദിക്കുന്നതും കേട്ടു. പിന്നെ സോഷ്യൽ മീഡിയ വാർത്തകളിൽ കണ്ടപ്പോഴാണ് മനസിലായത് തിയേറ്റര്‍കാരുടെ കുഴപ്പമല്ല, മൊത്തം പടത്തിന്‍റെ അവസ്ഥ ഇതാണെന്ന്. ഈ പടം വിജയിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു?"-മറ്റൊരാള്‍ കുറിച്ചു.
ലോകമൊട്ടാകെയുള്ള 3500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്‌തിരുന്നു. സൂര്യയെ കൂടാതെ ബോബി ഡിയോള്‍, ജഗപതി ബാബു, ദിഷ പടാനി, യോഗി ബാബു, നടരാജന്‍ സുബ്രഹ്‌മണ്യം, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെഇ ജ്ഞാനവേല്‍ രാജ, യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് 'കങ്കുവ'യുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ഒരു പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.
Also Read: "ഇത് എന്നെ കണ്ണീരണിയിക്കുന്നു", മലയാളികളുടെ സ്നേഹത്തിൽ വീർപ്പുമുട്ടി സൂര്യ