തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 66 വയസായിരുന്നു. അസുഖബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
തിരുവനന്തപുരത്ത് വഴുതക്കാടായിരുന്നു താമസം. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ച ഗാന്ധിമതി ബാലൻ ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. കൂടാതെ 2015 നാഷണൽ ഗെയിംസ് ചീഫ് ഓർഗനൈസറുമായിരുന്നു.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതും നിർമിച്ചത് ഗാന്ധിമതി ബാലനായിരുന്നു. കെജി ജോർജ് സംവിധാനം ചെയ്‌ത പഞ്ചവടിപ്പാലം എന്ന സിനിമ ഇദ്ദേഹത്തിന്‍റെ നിർമാണത്തിലാണ് എത്തിയത്. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ ചിത്രം ഒരുപാട് ബഹുമതികൾ ഇദ്ദേഹത്തിന് നേടി കൊടുത്തിരുന്നു.
ക്ലാസിക് ചലച്ചിത്രക്കാരൻ പത്മരാജന്‍റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചതും ഗാന്ധിമതി ബാലനാണ്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‌ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് ഗാന്ധിമതി ബാലൻ നിർമാണ രംഗത്ത് എത്തിയത്. പിന്നീട് ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങിയ സിനിമകളുടെ നിർമാണവും വിതരണവും നടത്തി.
തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്ന ബാലൻ സ്‌ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. ഒരു തണുത്ത വെളുപ്പാൻ കാലത്ത് എന്ന ചിത്രം ജോഷിക്ക് വേണ്ടി ഇദ്ദേഹം നിർമ്മിക്കുകയുണ്ടായി. ഒരു ചലച്ചിത്ര നിർമ്മാതാവിൽ ഉപരി മലയാള സിനിമക്കായി മികച്ച ആശയങ്ങൾ കണ്ടെത്തുകയും അതിനായി മികച്ച ടെക്നീഷ്യന്മാരെ തന്നോടൊപ്പം ചേർത്ത് നിർത്തുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു ഗാന്ധിമതി ബാലന്‍റേത്. ബാലചന്ദ്ര മേനോൻ വേണുനാഗപ്പള്ളി തുടങ്ങി 80-കളും 90-കളും തിളങ്ങിയ സംവിധായകരുടെയും ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയോടുകൂടി സിനിമ നിർമാണത്തിൽ നിന്ന് അദ്ദേഹം പിന്തിരിയുകയായിരുന്നു. നിർമ്മാതാവ് പണം മുടക്കുന്ന ആൾ മാത്രമായി മലയാള സിനിമയിൽ ചുരുങ്ങുന്നു എന്ന ആക്ഷേപമാണ് ഈ മടക്കിത്തിന്‍റെ കാരണമായി അദ്ദേഹം കണ്ടെത്തിയത്. താരാധിപത്യം മലയാള സിനിമയുടെ നാശത്തിലേക്ക് വഴിവയ്‌ക്കും എന്നും അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. ഒരു നിർമ്മാതാവിന് അപ്പുറം സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച, മലയാള സിനിമയെ ഉന്നതങ്ങളിൽ എത്തിച്ച വ്യക്തിത്വമാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.
63-ാം വയസിൽ മകൾക്കൊപ്പം 'ആലിബൈ' എന്ന പേരിൽ സൈബർ ഫോറൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി ഇദ്ദേഹം സ്ഥാപിച്ചിരുന്നു. പിന്നീടത് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്‍റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി മാറി. അനിതയാണ് ഭാര്യ. മക്കൾ - സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്‌ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്‌ണർ - മെഡ്‌റൈഡ്, ഡയറക്‌ടർ - ലോക മെഡി സിറ്റി). മരുമക്കൾ - കെഎം ശ്യാം (ഡയറക്‌ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്‌ടർ- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).