ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ബംഗാളി നടി നല്‍കിയ പരാതിയിന്‍മേലാണ് സംവിധായകൻ രഞ്ജിത്ത് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു മുഖേനയാണ് രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. താന്‍ അസുഖ ബാധിതനായി ചികിത്സയിലാണെന്നും അറസ്‌റ്റിന് സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നുമാണ് രഞ്ജിത്തിന്‍റെ ആവശ്യം.
15 വർഷത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് പ്രധാന വാദം. സിനിമയിൽ അഭിനയിപ്പിക്കാത്തതിന്‍റെ നീരസമാണ് പരാതിക്ക് കാരണം. നടിയുമായി സംസാരിക്കുമ്പോള്‍ അണിയറപ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്ന ഉദ്ദേശവും പരാതിക്ക് പിന്നിൽ ഉണ്ടെന്നും ഹർജിയിൽ പറയുന്നു. രഞ്ജിത്ത് നല്‍കിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
കേസിൽ സംവിധായകൻ ജോഷി ജോസഫിന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ സംഭവം നടി, ജോഷി ജോസഫിനോട് നേരത്തെ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിയിരുന്നു മൊഴി രേഖപ്പെടുത്തൽ. 2009 ൽ സിനിമ ചർച്ചകൾക്കായി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം കാട്ടിയെന്നായിരുന്നു രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി. നടിയുടെ പരാതിയിന്‍മേല്‍ എറണാകുളം നോർത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
Also Read: 'ആദ്യം വളകളില്‍ തൊട്ടു, പിന്നീട് മുടിയിഴകളിലും'; സംവിധായകന്‍ രഞ്‌ജിത്തിനെതിരെ ബംഗാളി നടിയുടെ ഗുരുതര വെളിപ്പെടുത്തല്‍ - Bengali actress against Ranjith