വിവാഹിതരാകാൻ ഒരുങ്ങി ബോളിവുഡിന്‍റെ ക്യൂട്ട് കപ്പിൾസായ രാകുൽ പ്രീത് സിംഗും ജാക്കി ഭഗ്‌നാനിയും. ഇരുവരും തമ്മിലുള്ള വിവാഹം ഈ മാസം 21ന് (ഫെബ്രുവരി 21) നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Rakul Preet Singh and Jackky Bhagnani wedding). ഫെബ്രുവരി 21 ന് ഇവർ വിവാഹിതരാകുമെന്ന് വെളിപ്പെടുത്തുന്ന വിവാഹ ക്ഷണക്കത്തുകളുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രാകുൽ പ്രീത് സിംഗും ജാക്കി ഭഗ്‌നാനിയും ബീച്ച് സൈഡ് വിവാഹമാകും നടത്തുക എന്നാണ് ക്ഷണക്കത്തിന്‍റെ വൈറൽ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ സമൂഹമാധ്യങ്ങളിൽ തകൃതിയായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇരു താരങ്ങളുടെയും ആരാധകർ.
ബോളിവുഡ് വിവാഹങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വെഡിംഗ് ഡെസ്റ്റിനേഷൻ മുതൽ വിരുന്നു സൽക്കാരങ്ങൾ വരെയും വിവാഹ വസ്‌ത്രങ്ങൾ മുതൽ ആക്‌സസറീസ് വരെയും സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ രാകുൽ പ്രീത് സിംഗ് - ജാക്കി ഭഗ്‌നാനി വിവാഹ വാർത്തകൾ പ്രചരിക്കുമ്പോഴും അത്തരം ചർച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.
ഏത് തരം വിവാഹ വസ്‌ത്രമാകും ഇവർ തങ്ങളുടെ 'ബിഗ് ഡേ'യ്‌ക്കായി തെരഞ്ഞെടുക്കുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സബ്യസാചിയുടെ ഡിസൈനർ വസ്‌ത്രങ്ങളാണോ അതോ മനീഷ് മൽഹോത്രയുടെ കാലാതീതമായ ഡിസൈനുകളിലാകുമോ ഇവർ അമ്പരപ്പിക്കുക എന്നറിയാവുള്ള കാത്തിരിപ്പിലാണിവർ. ഒപ്പം തരുൺ താഹിലിയാനി സംഘത്തിൻ്റെയും സന്ദീപ് ഖോസ്‌ലയുടെയും അബു ജാനിയുടെയും പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
2021 ഒക്ടോബറിലാണ് രാകുൽ പ്രീതും ജാക്കിയും തങ്ങളുടെ ബന്ധം ലോകത്തിന് മുൻപാകെ വെളിപ്പെടുത്തിയത്. പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ രാകുലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, ജാക്കി അവരുടെ ചിത്രം പങ്കുവച്ചിരുന്നു. പ്രണയാർദ്രമായ അടിക്കുറിപ്പോടെയാണ് ജാക്കി രാതുലിന് ആശംസകൾ നേർന്നത്.
"നീയില്ലാത്ത ദിവസങ്ങൾ ദിവസങ്ങളായി തോന്നുന്നില്ല. നീയില്ലാതെ, ഏറ്റവും രുചികരമായ ഭക്ഷണം പോലും രസകരമാവുന്നില്ല. എന്‍റെ ലോകത്തെ അർത്ഥമാക്കുന്ന ഏറ്റവും സുന്ദരിയായ നിനക്ക് ജന്മദിനാശംസകൾ!!! നിന്‍റെ ഈ ദിവസം നിന്‍റെ പുഞ്ചിരി പോലെ പ്രകാശപൂരിതവും മനോഹരവുമാകട്ടെ, ജന്മദിനാശംസകൾ'- ജാക്കിയുടെ വാക്കുകൾ ഇങ്ങനെ.
അതേസമയം കമൽഹാസനൊപ്പം 'ഇന്ത്യൻ 2'വിൽ ആണ് രാകുൽ നിലവിൽ അഭിനയിക്കുന്നത്. ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് രാകുൽ പ്രത്യക്ഷപ്പെടുന്നത്. ഷങ്കര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 1996-ൽ ഷങ്കറിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. കമല്‍ ഹാസന്‍ - ഷങ്കര്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമയ്‌ക്കായി ആവേശപൂർവമാണ് ആരാധകർ കാത്തിരിക്കുന്നത്.