ചെന്നൈ: മലയാള സിനിമ മേഖലയിൽ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ഹേമ കമ്മിറ്റിയെ കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോൾ അതിനെപ്പറ്റി എനിക്കൊന്നുമറിയില്ല സോറി എന്നാണ് നടന്‍ പ്രതികരിച്ചത്. തമിഴ് സിനിമ മേഖലയിലും ഹേമ കമ്മറ്റി മാതൃകയില്‍ കമ്മറ്റി കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടന്‍റെ പ്രതികരണം.
അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുളള ചോദ്യത്തെ തുടര്‍ന്ന് തമിഴ് നടന്‍ ജീവയും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തനിക്ക് ഒന്നും അറിയില്ലെന്ന് നടന്‍ പറഞ്ഞു. പിന്നീടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മലയാള സിനിമയിൽ മാത്രമാണ് പ്രശ്‌നങ്ങളെന്നും തമിഴ് സിനിമയിൽ ഒരു പ്രശ്‌നവും ഇല്ലെന്നും ജീവ പ്രതികരിച്ചു. ഒരു സ്വകാര്യ ടെക്സ്റ്റൈൽ ഷോപ്പ് ഉദ്ഘാടനം ചെയ്‌തതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മലയാള സിനിമ മേഖലയിലെ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപികരിച്ചതാണ് ഹേമ കമ്മറ്റി. കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. നിരവധി നിയമ പോരാട്ടത്തിനൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്ക് എതിരെയും ലൈംഗികാരോപണം ഉയര്‍ന്നുവന്നു.