ആന്‍റണി വർഗീസിനെ നായകനാക്കി നവാഗത സംവിധായകനായ അജിത് മാമ്പള്ളി ഒരുക്കുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്‌തത്. മലയാള സിനിമയിൽ തന്‍റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ ചിത്രത്തിന്‍റെ നിർമ്മാതാവായ സോഫിയ പോൾ പുഷ്‌പഹാരം നൽകി സ്വീകരിച്ചു.
'ആർ ഡി എക്‌സി'ൻ്റെ വൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. 'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), 'ടോബി' (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്.
ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 'ടർബോ'യുടെ സെറ്റിൽ നിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയുള്ള ഈ സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തും.
100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. കടലിൻ്റെ പശ്ചാത്തലത്തിൽ, പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്‌ചയെന്നോണം ഒരുങ്ങുന്ന ഈ സിനിമ തീരപ്രദേശത്തിൻ്റെ സംസ്‌കാരവും ജീവിതവും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു.
കടൽ പശ്ചാത്തലമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ് മലയാളത്തിൽ. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്ക വിധമാണ് ചിത്രത്തിൻ്റെ അവതരണം.
എഴുപതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചിത്രീകരണത്തിലേറെയും കടലിലെ രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. 'കെ ജി എഫ് ചാപ്റ്റർ 1', 'കാന്താര' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്. ചിത്രത്തിലെ നായികയായെത്തുന്നത് പുതുമുഖ താരമാണ്.
ഗൗതമി നായരും ഷബീർ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്‌സ് ഫെയിം), ജയക്കുറുപ്പ്, ആഭ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സാം സി.എസ്സിൻ്റെ സംഗീതത്തിന് ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് രാധാകൃഷ്‌ണൻ, ഫിനാൻസ് കൺട്രോളർ - സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്). റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി ആർ ഒ - ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.