മലയാളത്തിലും വിറപ്പിക്കാൻ രാജ് ബി ഷെട്ടി എത്തുന്നു. കന്നഡ സിനിമകളിലൂടെ മലയാളി മനസിലും ഇടംപിടിച്ച നടനും സംവിധായകനുമായ കലാകാരനാണ് രാജ് ബി ഷെട്ടി. രാജ് ബി ഷെട്ടിയുടെ ഗരുഡ ഗമന ഋഷഭ വാഹന, ടോബി തുടങ്ങിയ കന്നട ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. മമ്മൂട്ടി ചിത്രം ടർബോ, ആന്‍റണി വർഗീസ് ചിത്രം കൊണ്ടൽ തുടങ്ങിയ മലയാള സിനിമകളിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴതാ രുധിരം എന്ന ഒരു മുഴുനീള മലയാള ചിത്രത്തിൽ രാജ് ബി ഷെട്ടി നായകനായി എത്തുകയാണ്.
ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ലിഷോ ആന്‍റണിയാണ്. അപർണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രൈലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പ്രചാരണാർത്ഥം കഴിഞ്ഞദിവസം രാജ് ബി ഷെട്ടി അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടിരുന്നു. ഒരു സിമ്പിൾ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം എന്നാണ് രുധിരത്തെ രാജ് ബി ഷെട്ടി പ്രെസ് മീറ്റിൽ വിശേഷിപ്പിച്ചത്. പക്ഷേ ട്രെയിലർ ഇതൊരു സിമ്പിൾ ചിത്രം ആയിരിക്കില്ലെന്നാണ് സൂചന നല്‍കുന്നത്.
മാത്യു ജോസ് എന്നൊരു ഡോക്ടറുടെ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് രാജ് ബി ഷെട്ടി വെളിപ്പെടുത്തി. തിരക്കഥ കേട്ടപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് സംഭവിച്ച സിനിമയല്ല രുധിരം. സ്ക്രിപ്റ്റിൽ എല്ലാവരും നന്നായി പണിയെടുത്തിട്ടുണ്ട്. എല്ലാ കൺഫ്യൂഷൻസും തീർത്തിട്ടാണ് സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നതെന്ന് രാജ് ബി ഷെട്ടി പറയുകയുണ്ടായി.
എല്ലാ അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവർത്തകരും തങ്ങളുടെ മാക്‌സിമം ഈ സിനിമയ്ക്ക് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. തന്‍റെ കഥാപാത്രത്തിന് ഒരു നായക സ്വഭാവവും ഒരു ചെകുത്താന്‍റെ സ്വഭാവവും ഉണ്ട്. അയാൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടാൻ പോകുന്നതെന്ന് പ്രേക്ഷകർ തിയേറ്ററിൽ നിന്ന് തന്നെ കണ്ടു മനസ്സിലാക്കണമെന്ന് രാജ് ബി ഷെട്ടി അഭിപ്രായപ്പെട്ടു.
![RAJ B SHETTY MALAYALAM MOVIE RUDHIRAM MOVIE രുധിരം ട്രെയിലര്‍ രാജ് ബി ഷെട്ടി മലയാളം സിനിമ രുധിരം](https://etvbharatimages.akamaized.net/etvbharat/prod-images/08-12-2024/kl-ekm-1-rudhirammediameet-7211893_08122024084653_0812f_1733627813_269.jpg)
ഒരുപാട് സർവൈവൽ ത്രില്ലറുകളുടെ ഭാഗമായിട്ടുള്ള വ്യക്തിയാണ് താനെന്ന് അപർണ ബാലമുരളി പറഞ്ഞു. എങ്കിലും ഈ ചിത്രം ഇതുവരെ ചെയ്‌ത സിനിമകളിൽ നിന്നും വ്യത്യസ്‌ത മാണ്. ഒരു അഭിനയത്രി എന്നുള്ള നിലയിൽ ഒരുപാട് പുതിയ കാര്യങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി ചെയ്യുവാൻ ശ്രമിച്ചു. സിനിമയുടെ മികച്ച ആസ്വാദനത്തിനു സിനിമയെ കുറിച്ചുള്ള ആകാംക്ഷ കൂടി പ്രേക്ഷകർക്ക് ആവശ്യമുണ്ട്. വലിയ ആകാംക്ഷയോടെ തിയേറ്ററുകളിലേക്ക് എത്തിയാൽ മാത്രമേ സിനിമയുടെ ഉള്ളടക്കം കൃത്യമായി പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആവുകയുള്ളൂ എന്ന് അപർണ ബാലമുരളി പറഞ്ഞു.
രുധിരം ഡിസംബർ 13ന് തിയേറ്ററുകളിലെത്തും. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് രുധിരത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.
'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും വന്യമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. 123 മ്യൂസിക്‌സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ. ചിത്രത്തിന്‍റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് കന്നഡയിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ്.
ഇന്ത്യൻ സിനിമയിൽ ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത 'കെജിഎഫ്', 'കെജിഎഫ് 2', 'സലാർ' തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് 'ആടുജീവിതം', 'എആർഎം' തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു കന്നഡ നടൻ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്.