ഹൈദരാബാദ്: സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യന്‍ ചിത്രം 'പുഷ്‌പ 2' വിന്‍റെ റിലീസ് മാറ്റി. ഓഗസ്റ്റ് 15 നായിരുന്നു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ ഇപ്പോള്‍ അറിയിക്കുന്നത് 'പുഷ്‌പ 2: ദി റൂള്‍' ഈ വര്‍ഷം ഡിസംബര്‍ ആറിന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ്.
'എല്ലാ ഭാഷകളിലെയും ഞങ്ങളുടെ ടീസറുകൾക്കും ഗാനങ്ങൾക്കും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ധൈര്യം പകരുന്നതാണ്. നിങ്ങൾ ശരിക്കും ഇഷ്‌ടപ്പെടുന്ന ഒരു സിനിമ തന്നെ നൽകുമെന്ന് ഞങ്ങൾ ഉറപ്പു തരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും ഞങ്ങളുടെ പങ്കാളികൾക്കും അവരുടെ ശക്തമായ പിന്തുണയ്‌ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
2024 ഡിസംബർ 6-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങൾക്ക് സിനിമയില്‍ മികച്ചത് മാത്രമേ കാണാനാകൂ'- എന്ന് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അല്ലു അർജുനെ നായകനാക്കി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്‌മികയാണ് നായിക. ഒന്നാം ഭാഗം ബ്ലോക്ക്ബസ്റ്റർ ആയതിനാൽ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആദ്യം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ പ്രമോഷണൽ ചിത്രങ്ങൾ അത് ഇരട്ടിയാക്കുകയും ചെയ്‌തു. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഗ്രാമീണ രംഗങ്ങൾക്കൊപ്പം മറ്റു ചില പ്രധാന രംഗങ്ങളും ഇവിടെ ചിത്രീകരിക്കുന്നുണ്ട്. 2021 ഡിസംബർ 17 ന് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്, മൂന്ന് വർഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ കൈകാര്യം ചെയ്‌ത പുഷ്‌പ രാജ്, ശ്രീവല്ലി, ഭൻവർ സിങ് ഷെകാവത്ത് എന്നീ കാഥാപാത്രങ്ങളെ ആദ്യ ഭാഗത്തിലൂടെ തന്നെ പ്രക്ഷകര്‍ നെഞ്ചിലേറ്റി. ആദ്യ ഭാഗത്തിലെ അഭിനയത്തിന് നായകനായ അല്ലു അർജുന് ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. രക്തചന്ദനം കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തിലുള്ള തർക്കങ്ങളാണ് പുഷ്‌പയുടെ ആദ്യഭാഗത്തിന്‍റെ കഥാപശ്ചാത്തലം.
ALSO READ: 'കൽക്കി 2898 എഡി'യിലെ 'ഭൈരവ ആന്തം' റിലീസായി; പ്രഭാസിനൊപ്പം തിളങ്ങി ദിൽജിത് ദോസഞ്ചും