തിരുവനന്തപുരം: ഐസിസികൾ ഫലപ്രദമല്ലെന്നും മൊഴികൾ നൽകി മറഞ്ഞിരിക്കാതെ പരാതി തുറന്ന് പറയണമെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാർ. ദുരനുഭവം ഉണ്ടായാൽ ഭയന്ന് ഒളിച്ചിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍റേണല്‍ കംപ്ലൈന്‍റ്‌സ് കമ്മിറ്റി ഓരോ സെറ്റിലും ഓരോ ഘടനയിലാണ്. ആരോപണം ഉന്നയിക്കുന്നവർ മൊഴികൾ നൽകി മറഞ്ഞിരിക്കരുത്. പരാതി തുറന്ന് പറയണം. നടി ആക്രമിക്കപെട്ട കേസിൽ ആക്രമിക്കപ്പെട്ട നടി ശക്തമായ നിലപാട് സ്വീകരിച്ചു. ആ കേസിൽ വലിയൊരു ക്രിമിനൽ ജയിലിൽ കിടക്കുകയാണ്. നടി സ്വീകരിച്ച ശക്തമായ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചത്.
ദുരനുഭവം ഉണ്ടായാൽ ഭയന്ന് ഒളിച്ചിരിക്കേണ്ടതില്ല. അങ്ങനെ ഒരു സാമൂഹിക സാഹചര്യമില്ല. ഇത് കേരളമാണ്. ഞാൻ സിനിമയിൽ എത്തിയിട്ട് 30 വർഷത്തോളമായി. പല ആരോപണങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. വ്യക്തിപരമായി ആരും ഇതു പറഞ്ഞിട്ടില്ല. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ പലരും ഇതു പറഞ്ഞു. പല ആരോപണങ്ങളും അതിന് ശേഷം ഉണ്ടായി. പ്രത്യേക അന്വേഷണ സംഘം ഇത് അന്വേഷിക്കും.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ജസ്‌റ്റിസ് ഹേമ കമ്മിറ്റി പോലെയൊരു കമ്മിറ്റി നിലവിൽ വരുന്നത്. ഇങ്ങനെ ഒരു സമിതി രൂപീകരിച്ചത് തന്നെ ധീരമായ നിലപാട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണ്. പല സെറ്റുകളിലും നേരിടുന്ന അവഗണനകളും ചൂഷണങ്ങളും വരെ കമ്മിറ്റിക്ക് മുന്നിൽ പലരും തുറന്നു പറഞ്ഞു. റിപ്പോർട്ട് സർക്കാർ പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് കുറച്ചു കൂടി നേരത്തെ പുറത്തു വരണമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.
വ്യക്തിപരമായ അനുഭവത്തിൽ പവർ ഗ്രൂപ്പ് ഇല്ല. അധികാര കേന്ദ്രങ്ങൾ ഉണ്ടാകാം. അതു പരിശോധിക്കപ്പെടണം. ആരോപണം നേരിട്ടവരുമായി വേദി പങ്കിടാൻ താല്‍പ്പര്യം ഉണ്ടെങ്കില്‍ അവർ അതു പറയണം. സിനിമ നയരൂപീകരണം സദ്ദുദേശത്തോടെയാണ്. സർക്കാരിന്‍റെ ഭാഗത്ത് പല സാങ്കേതിക തടസങ്ങളും ഉണ്ടായിരുന്നു.' -പ്രേം കുമാർ പറഞ്ഞു.