സിനിമ, സീരിയൽ, സ്‌റ്റേജ് പരിപാടികൾ തുടങ്ങി നിരവധി മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് പ്രശാന്ത് കാഞ്ഞിരമറ്റം. ജനപ്രിയ ടെലിവിഷൻ പരിപാടിയായ 'ജഗതി ജഗതി മയ'ത്തിലൂടെയാണ് പ്രശാന്ത് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. തന്‍റെ ഓണ ഓര്‍മ്മകള്‍ പ്രശാന്ത് ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു. ഒരു ഓണക്കാലത്ത് തന്‍റെ സഹപ്രവർത്തകനെ പറ്റിച്ച കഥയാണ് പ്രശാന്ത് പറയുന്നത്.
'തുടക്ക കാലത്ത് നടൻ ജയസൂര്യ, ഇപ്പോഴത്തെ പ്രശസ്‌ത സംവിധായകൻ ജിസ് ജോയ്, ജോഷി, കലാഭവൻ തുടങ്ങി നിരവധി വ്യക്തിത്വങ്ങൾക്ക് ഒപ്പമായിരുന്നു കലാപ്രവർത്തനം ആരംഭിച്ചത്. ഞങ്ങൾ ഒത്തു കൂടുമ്പോഴൊക്കെ നല്ല തമാശകൾ സംഭവിക്കുമായിരുന്നു. അത്തരം സന്ദർഭങ്ങൾ ഒക്കെ പലപ്പോഴും കോമഡി സ്‌കിറ്റുകളുടെ തിരക്കഥയായി മാറിയിട്ടുമുണ്ട്. എപ്പോഴും തമാശകൾ പറഞ്ഞു കൊണ്ടിരിക്കും. സ്വയം രസിക്കുന്നവ പ്രേക്ഷകർക്കും വിളമ്പും.
മനോജ് ഗിന്നസ് ഉടമസ്ഥത വഹിക്കുന്ന നവോദയ എന്ന പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന കാലം. മലയാളികൾക്ക് സുപരിചിതനായ കോമഡി താരവും നടനും ഒക്കെയായ കണ്ണൻ സാഗർ അക്കാലത്ത് ഞങ്ങടെ ഗ്രൂപ്പിലെ മിന്നും താരമാണ്. കണ്ണൻ സാഗറിന്‍റെ ശബ്‌ദം ഞാൻ നന്നായി അക്കാലത്ത് അനുകരിക്കുമായിരുന്നു. ഫോണിലൂടെയൊക്കെ കേൾക്കുകയാണെങ്കിൽ കറക്‌ട് കണ്ണൻ ചേട്ടൻ ആണെന്ന് തോന്നും.
തൃശ്ശൂരിൽ ഒരു ഓണ പരിപാടി അവതരിപ്പിക്കുന്നതിനായി ഞാനും, മനോജ് ഗിന്നസും തൃപ്പൂണിത്തുറ പേട്ടക്ക് അടുത്തുള്ള ഒരു സ്‌റ്റുഡിയോയിൽ ഇരുന്ന് എഴുത്ത് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് ഞങ്ങളുടെ ട്രൂപ്പിന്‍റെ ഭാഗമാകാൻ സ്ഥിരമായി അവസരം ചോദിക്കുന്ന ഒരു സ്ത്രീയുണ്ട്. അവർ ബാലെ കലാകാരിയാണ്. ബാലെ കലാകാരിക്ക് ലഭിക്കുന്ന വരുമാനവും പ്രശസ്‌തിയും പരിമിതമായത് കൊണ്ടു തന്നെ എങ്ങനെയും ഒരു മിമിക്രി ട്രൂപ്പിന്‍റെ ഭാഗമാകണം എന്നുള്ളതാണ് അവരുടെ ഉദ്ദേശം.
നവോദയയിൽ അക്കാലത്ത് പൊതുവേ സ്ത്രീ കലാകാരികളുടെ എണ്ണത്തിൽ നല്ല കുറവുണ്ട്. പല പരിപാടികൾ അവതരിപ്പിക്കുമ്പോഴും ആണുങ്ങൾ തന്നെയാണ് പെൺ വേഷം കെട്ടി ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാറ്. അവസരത്തിന് വേണ്ടി അവർ എന്നെയും മനോജ് ചേട്ടനെയും കണ്ണൻ ചേട്ടനെയും മാറി മാറി ദിവസവും ഫോൺ ചെയ്യാറുണ്ടായിരുന്നു. ഒടുവില്‍ അവരെ നവോദയയുടെ ഭാഗമാക്കാൻ മനോജ് ചേട്ടൻ തീരുമാനിക്കുകയും ചെയ്‌തു. ഞങ്ങൾ സ്‌റ്റുഡിയോയിൽ എഴുത്തു കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ അവരുടെ ഫോൺ കോളെത്തി.
അപ്പോൾ തോന്നിയ തമാശയ്ക്ക് ഞാനവരോട് കണ്ണൻ ചേട്ടന്‍റെ ശബ്‌ദത്തിലാണ് തിരിച്ചു സംസാരിച്ചത്. വിളിച്ച സ്ത്രീ ശരിക്കും വിശ്വസിച്ചു, കണ്ണൻ സാഗർ തന്നെയാണ് തന്നോട് സംസാരിക്കുന്നതെന്ന്. എങ്കിലും അവർ സംശയത്തോടെ ചോദിച്ചു, അല്ല ഞാൻ പ്രശാന്തിന്‍റെ ഫോണിൽ ആണല്ലോ വിളിച്ചത്.
ഞാൻ കണ്ണൻ ചേട്ടന്‍റെ ശബ്‌ദത്തിൽ തിരിച്ചു പറഞ്ഞു, പ്രശാന്ത് കിടന്നുറങ്ങുകയാണ്, ഇയാൾ എന്താന്ന് വെച്ചാൽ പറയു. നാളെ പരിപാടി ഉണ്ടെന്ന് അറിഞ്ഞു. ഞാനും കൂടി പോന്നോട്ടെ എന്ന് സ്ത്രീയുടെ ആവശ്യം. ആ പോന്നേക്ക് എന്ന് കണ്ണൻ ചേട്ടന്‍റെ ശബ്‌ദത്തിൽ തിരിച്ചു ഞാനും. താൻ എങ്ങനെ എറണാകുളത്തേയ്‌ക്ക് വരുമെന്നുള്ള ചോദ്യത്തിന് മറുപടിയായി ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് പോന്നോളാൻ കണ്ണൻ ചേട്ടന്‍റെ ശബ്‌ദത്തിൽ ഞാൻ ആ സ്ത്രീയോട് പറഞ്ഞു.
പിന്നീട് പറ്റിച്ചതാണെന്നും തമാശയ്ക്ക് വേണ്ടി ചെയ്‌തതാണെന്നും കണ്ണൻ ചേട്ടനെയും ഈ സ്ത്രീയെയും വിളിച്ചു പറയാൻ മറന്നു. ഈ സ്ത്രീയുടെ വീട് തിരുവല്ലയിലും കണ്ണൻ ചേട്ടന്‍റെ വീട് ചങ്ങനാശേരിയിലും ആണ്. ഈ സ്ത്രീ പെട്ടെന്ന് രാവിലെ കണ്ണൻ ചേട്ടന്‍റെ വീട്ടിലെത്തിച്ചേർന്നു. ഒന്നും അറിയാതെ കണ്ണൻ ചേട്ടൻ രാവിലെ ഷേവ് ചെയ്‌തു കൊണ്ടിരിക്കുന്നു. കണ്ണൻ ചേട്ടന്‍റെ ഭാര്യ ഈ സ്ത്രീയെ കണ്ട് ഉമ്മറത്തേയ്‌ക്ക് ഇറങ്ങിച്ചെന്നു. എന്താന്നുള്ള ചോദ്യത്തിന് കണ്ണൻ ചേട്ടൻ, വരാൻ പറഞ്ഞു എന്ന് മറുപടി.
നവോദയയിൽ സ്ത്രീകൾ ഇല്ലല്ലോ എന്ന ചോദ്യത്തിന് കണ്ണൻ ചേട്ടൻ അവസരമുണ്ടെന്ന് പറഞ്ഞതിനാലാണ് വന്നതെന്ന് സ്ത്രീ ഉറപ്പിച്ചു പറഞ്ഞു. കണ്ണൻ ചേട്ടന്‍റെ ഭാര്യ കണ്ണൻ ചേട്ടനോട് കാര്യം ഉന്നയിച്ചപ്പോൾ പുള്ളിക്കാരൻ ആശയക്കുഴപ്പത്തിലായി. കാരണം കണ്ണൻ ചേട്ടൻ അക്കാലത്ത് വൈകുന്നേരങ്ങളിൽ രണ്ടെണ്ണം അടിക്കുമായിരുന്നു. അങ്ങനെ മദ്യലഹരിയിൽ പോന്നോളാൻ പറഞ്ഞതാണോ എന്ന് സംശയത്തിൽ
കണ്ണൻ ചേട്ടൻ ഭാര്യയോട് പറഞ്ഞു, ഞാൻ പറഞ്ഞിട്ടാ വന്നതെന്ന്.
പിറ്റേന്ന് പരിപാടിക്ക് പോകാൻ കണ്ണൻ ചേട്ടൻ ഈ സ്ത്രീയുമായി നവോദയയിൽ എത്തിച്ചേരുമ്പോഴാണ് ഞാനീ കാര്യം ഓർക്കുന്നത് പോലും. അപ്പോൾ തന്നെ രണ്ടു പേരോടും മാപ്പ് പറഞ്ഞു. ഇനിയിപ്പോ മാപ്പ് പറഞ്ഞിട്ട് എന്ത് പ്രയോജനം. അന്ന് പരിപാടി കഴിഞ്ഞപ്പോൾ പിറ്റേന്ന് പുലർച്ചയായി. പുലർച്ചെ ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ല വരെ 700 രൂപ ഓട്ടോറിക്ഷക്ക് ചിലവാക്കിയാണ് കണ്ണൻ ചേട്ടൻ ആ സ്ത്രീയെ തിരിച്ചു വീട്ടിൽ കൊണ്ടാക്കിയത്. പ്രശ്‌നം അവിടെയൊന്നുമല്ല സംഭവിച്ചത്, കണ്ണൻ ചേട്ടന്റെ വീട്ടിൽ ആയിരുന്നു. തലേദിവസം രാവിലെ വീട്ടിലെത്തിയ സ്ത്രീയുമായി പോയ കണ്ണൻ ചേട്ടൻ പിറ്റേന്ന് രാവിലെയാണ് തിരിച്ചു വരുന്നത്. അതിനിടയിൽ ആ സ്ത്രീയെ വീട്ടിൽ കൊണ്ടാക്കാൻ തിരുവല്ല വരെ 700 രൂപ ഓട്ടോക്കൂലി കൊടുത്തു, ഒപ്പം പോയി എന്ന് അറിഞ്ഞതോടെ കണ്ണൻ ചേട്ടന്‍റെ ഭാര്യയ്ക്ക് സംശയവും ദേഷ്യവും മൂർദ്ധ്യവസ്ഥയിൽ എത്തി.
പിന്നീടാ വീട്ടിൽ എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. പിന്നീട് കണ്ണൻ ചേട്ടന്‍റെ ഭാര്യയോട് താൻ ഫോണിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എങ്കിലും മറ്റൊരു ദിവസം കോട്ടയം ഭാഗത്തേക്ക് ഒരു പരിപാടിക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിൽ കണ്ണൻ ചേട്ടന്റെ വീട്ടിൽ ഇറങ്ങി കണ്ണൻ ചേട്ടന്‍റെ ഭാര്യയുടെ കാലുപിടിച്ച് മാപ്പ് പറയാം എന്ന് തീരുമാനിച്ചു. അങ്ങനെ ചങ്ങനാശ്ശേരിയിൽ എത്തി കണ്ണൻ ചേട്ടനോട് ഫോണിൽ വഴി ചോദിച്ചപ്പോൾ നീ എന്തിനാ ഇങ്ങോട്ട് വരുന്നതെന്ന ചോദ്യമുയർന്നു.
ചേച്ചിയുടെ കാലുപിടിച്ച് മാപ്പ് പറയാം എന്ന് എന്‍റെ മറുപടി. അവൾ മീൻ വെട്ടി കൊണ്ടിരിക്കുകയാണ്. കയ്യിൽ നല്ല മൂർച്ചയുള്ള കത്തി ഇരിപ്പുണ്ട്. ജീവൻ വേണമെങ്കിൽ സ്ഥലം വിട്ടോ എന്ന് കണ്ണൻ ചേട്ടൻ മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു. ഒരു ഓണക്കാലത്തെ പറ്റിക്കലിന്‍റെ ഓർമ്മ..' -പ്രശാന്ത് പറഞ്ഞു നിർത്തി.