ഹൈദരാബാദ് : വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന പൈറസി വെബ്‌സൈറ്റുകൾ വിനോദ വ്യവസായത്തിന് വൻ നഷ്‌ടം വരുത്തുന്നുവെന്ന് പഠനം. പൈറസി വെബ്‌സൈറ്റുകൾ വഴി രാജ്യത്തെ ഉപഭോക്താക്കൾക്ക് വ്യക്‌തിഗത ഡാറ്റകൾ നഷ്‌ടപ്പെടുകയും, അവരുടെ കമ്പ്യൂട്ടറുകളിൽ വൈറസ് നിറയാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് നടത്തിയ പഠനം പറയുന്നു. 'ദി പൈറസി-മാൽവെയർ നെക്‌സസ് ഇൻ ഇന്ത്യ' എന്ന തലക്കെട്ടിലാണ് ഐഎസ്ബി റിപ്പോർട്ട്.
അലയൻസ് ഫോർ ക്രിയേറ്റിവിറ്റി ആൻഡ് എന്‍റർടൈൻമെന്‍റ് (എസിഇ), യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസ് (യുഎസ്‌പിടിഒ) എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യറാക്കിയത്. കഴിഞ്ഞ വർഷം മെയ് 23 നും 29 നും ഇടയിൽ 18 വയസിന് മുകളിലുള്ള 1,037 പേരിൽ സർവേ നടത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
മറ്റുള്ള ഓൺലൈൻ വെബ്സൈറ്റുകളെയും പരസ്യങ്ങളെയും അപേക്ഷിച്ച് പൈറസി വെബ്‌സൈറ്റുകൾ വളരെയേറെ അപകടകരമാണെന്ന് പഠനം പറയുന്നു. പൈറസി സൈറ്റുകൾ തുറക്കുന്നത് വഴി അതത് സിസ്‌റ്റങ്ങളിലേക്ക് വൈറസ് നുഴഞ്ഞുകയറാനുള്ള സാധ്യത 59 ശതമാനത്തോളം ആണ്. വിനോദ മേഖലയ്ക്കാണ് ഡിജിറ്റൽ പൈറസി മൂലം വലിയ നഷ്‌ടമുണ്ടാകുന്നതെന്നാണ് നിഗമനം.
ധാരാളം സമയവും പണവും ചെലവഴിച്ച് ആളുകൾ സിനിമ, സംഗീതം, ടെലിവിഷൻ ഷോകൾ, പുസ്‌തകങ്ങൾ എന്നിവ പുറത്തിറക്കുമ്പോൾ പൈറസിയിൽ ഏർപ്പെട്ടിരിക്കുന്നവർ അവയുടെ പകർപ്പവകാശം ലംഘിക്കുന്നു എന്നിട്ട് അതിന്‍റെ ഉള്ളടക്കം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നു. ഇത് വിനോദ വ്യവസായത്തിനും, നിർമാതാക്കൾക്കും, അഭിനേതാക്കൾക്കും വലിയ നഷ്‌ടം വരുത്തുന്നു. ഈ സർവെ അനുസരിച്ച് 2022 ല്‍ 25,500 കോടി രൂപയുടെ നഷ്‌ടമാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.
Also read : നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
18നും 24നും ഇടയിൽ പ്രായമുള്ളവരാണ് പൈറസി വെബ്‌സൈറ്റുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം വെബ്സൈറ്റുകളുടെ അപകട സാധ്യതയെക്കുറിച്ച് അവർ അത്ര ബോധവാന്മാരല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെക്കുറിച്ച് മതിയായ അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഐഎസ്ബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാറ്റ സയൻസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മനീഷ് ഗാംഗ്വാർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധമായ വെബ്സൈറ്റുകളുടം പ്രവർത്തനങ്ങൾ തടയാൻ കർശനമായ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.