ഹൈദരാബാദ്: ബോളിവുഡ് സിനിമ ലോകത്തെ താരറാണിയാണ് പരിനീതി ചോപ്ര. ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ താരത്തിന് സ്വന്തമായതാകട്ടെ നിരവധി ആരാധകരും. താരത്തിന്‍റെയും ഭര്‍ത്താവും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ രാഘവ് ഛദ്ദയുടെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഒരു കഫേയില്‍ ഇരുന്ന് ആവി പറക്കുന്ന ഒരു കപ്പ് കാപ്പി കുടിക്കുന്നതിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വെള്ള വസ്‌ത്രമണിഞ്ഞ് അലസമായി മുടിയിഴകള്‍ അഴിച്ചിട്ട് ഹെഡ് ഫോണില്‍ പാട്ടും കേട്ടാണ് താരം കഫേയില്‍ ചായ ആസ്വദിക്കുന്നത്.
പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഈ ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വെന്‍ ഹി 'Sneakily' ക്ലിക്ക്‌സ് ഫോട്ടോസ് ഓഫ് മോയ് എന്ന ക്യാപ്‌ഷനൊപ്പം ഇമോജികളും ചേര്‍ത്താണ് താരം ചിത്രം ഷെയര്‍ ചെയ്‌തിരിക്കുന്നത്. താരം പോസ്‌റ്റ് ചെയ്‌ത ഫോട്ടോ ഭര്‍ത്താവ് രാഘവ് ഛദ്ദ ടാഗ് ചെയ്യുകയും ചെയ്‌തു. ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റി വച്ച് സമാധാനന്തരീക്ഷത്തിലുള്ള ചിത്രമാണിതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകും. ദമ്പതികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ളൊരു നേര്‍ക്കാഴ്‌ച കൂടിയാണ് ചിത്രം.
കഴിഞ്ഞ മെയ് 13നാണ് ന്യൂഡല്‍ഹിയില്‍ വച്ച് പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതാകട്ടെ പരിനീതിയുടെ ബന്ധുവും സിനിമ നടിയുമായ പ്രിയങ്ക ചോപ്രയുമാണ്. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് ഇരുവരുടെയും വിവാഹത്തിന് വേദിയൊരുങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എംപി സഞ്ജയ് സിങ് തുടങ്ങി നിരവധി രാഷ്‌ട്രീയ പ്രമുഖരും ചടങ്ങിന് സാക്ഷികളായിരുന്നു. വിവാഹത്തിന് പിന്നാലെ വധൂവരന്മാരുടെ നിരവധി ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു.