ഹൈദരാബാദ്: ബോളിവുഡ് താരങ്ങള്‍ ദക്ഷിണേന്ത്യന്‍ സംവിധായകരുമായി ഒന്നിച്ചതിലൂടെ നിരവധി ചിത്രങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അതുപോലെ സിനിമ മേഖലയിലും പ്രേക്ഷകരിലും ഏറ്റവും ആവേശകരമാകുന്ന ഒരു ഒന്നിക്കലിനെ കുറിച്ചാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രശസ്‌ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം രണ്‍വീര്‍ സിങ് ഒന്നിക്കുന്നതിനെ കുറിച്ചാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള ആക്ഷന്‍ ത്രില്ലറിനെ കുറിച്ച് ഏതാനും നാളുകളായി ചര്‍ച്ച നടന്ന് വരികയാണെന്ന് വാര്‍ത്തകള്‍ ഉയരുന്നുണ്ട്. പാ രഞ്ജിത്തിന്‍റെ സിനിമയില്‍ അഭിനനയിക്കുന്നതിന് രണ്‍വീര്‍ സിങ് താത്‌പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ താരത്തിന്‍റെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ബാക്കി നില്‍ക്കെ ഹിന്ദി സിനിമയിലേക്കുള്ള തന്‍റെ ചുവടുമാറ്റത്തെ കുറിച്ച് പാ രഞ്ജിത്ത് സ്ഥീരികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലൂടെയാണ് ഹിന്ദിയിലേക്ക് അരങ്ങേറ്റത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ കൂട്ട്‌ക്കെട്ടിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
താന്‍ ഹിന്ദി സിനിമയിലേക്ക് കടക്കുകയാണ്. എന്നാല്‍ സിനിമയിലെ നായകന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഹിന്ദി അരങ്ങേറ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തക്കസമയത്ത് വെളിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടിയ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ ജീവിതം ഇതിവൃത്തമാക്കിയാണ് പാ രഞ്ജിന്‍റെ പുതിയ ചിത്രം ഒരുക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ചിത്രത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് സംവിധായകന്‍. എല്ലാം ശരിയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്‍റെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
അതേസമയം ധ്രുവ് വിക്രമും അനുപമ പരമേശ്വരനും അഭിനയിക്കുന്ന വരാനിരിക്കുന്ന സ്പോർട്‌സ് ഡ്രാമയുടെ നിർമാണത്തിലും പാ രഞ്ജിത്ത് പങ്കാളിയാണ്. മാരി സെൽവരാജ് സംവിധാനം ചെയ്‌ത ഈ ചിത്രം പാ രഞ്ജിത്ത് നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ ഹൗസായ അപ്ലാസ് എന്‍റര്‍ടൈമെന്‍റിന്‍റെയും നീലം സ്റ്റുഡിയോസിന്‍റെയും മൾട്ടി ഫിലിം പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ പ്രോജക്റ്റാണ്.