രാജ്യത്തുടനീളം ഉള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കഴിഞ്ഞ ദിവസം മാനേജ്മെന്‍റ് അറിയിച്ചിരുന്നു. ഏപ്രിൽ 11ന് റിലീസ് ചെയ്‌ത 'ആവേശം', 'വർഷങ്ങൾക്കുശേഷം', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങളുടെ ബുക്കിങ് പിവിആർ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴിതാ പിവിആർ അധികൃതർക്ക് മറുപടിയുമായി സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്.
പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്‌ടപരിഹാരം നല്‍കാതെ പ്രസ്‌തുത മള്‍ട്ടിപ്ലെക്‌സ് ശൃംഖലയ്‌ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും അധികൃതർ അറിയിച്ചു. ബി ഉണ്ണികൃഷ്‌ണനൊപ്പം രഞ്ജി പണിക്കർ, സിബി മലയിൽ. ബ്ലെസി എന്നിവരും ചേർന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് കൊച്ചിയിൽ ആരംഭിച്ച ഫോറം മാളിലെ പിവിആർ സ്‌ക്രീനുകളിൽ വെർച്വൽ പ്രിവ്യു ഫീ (Virtual Preview Fee) അതായത്, തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള സെർവർ വാടക സംബന്ധിച്ച് മാനേജ്മെന്‍റ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഉണ്ടായ തർക്കം പരിഹരിക്കുന്നതിന് തിയേറ്റർ ഉടമകൾ മുൻകൈ എടുക്കാത്ത പക്ഷം മാളിലെ സ്‌ക്രീനുകൾ സിനിമകൾ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് നിർമ്മാതാക്കൾ തീരുമാനമെടുത്തു.
തുടർന്ന് ഇന്ത്യയിലെ ഒരു സ്‌ക്രീനുകളിലും മലയാള സിനിമ പ്രദർശിപ്പിക്കില്ല എന്ന് പിവിആറും വ്യക്തമാക്കി. തന്നോടൊപ്പം ഉള്ള ബ്ലസി എന്ന സംവിധായകന്‍റെ അവസ്ഥ പോലും മനസിലാക്കാൻ പിവിആർ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം മുതൽ കോടികളുടെ നഷ്‌ടമാണ് ആടുജീവിതം നേരിട്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യപരമായി എന്ത് പ്രശ്‌നങ്ങളും നേരിടാനുള്ള പക്വത മലയാളിക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തെയാണ് പിവിആർ ഈ അവസരത്തിൽ ചോദ്യം ചെയ്യുന്നത്. ഇത്തരം ഒരു തീരുമാനം തമിഴ്‌നാട്ടിലോ തെലങ്കാനയിലോ കർണാടകയിലോ പിവിആറിന് എടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പിവിആറിന്‍റെ പ്രവർത്തനം തടസപ്പെടുത്താൻ തങ്ങൾ ശ്രമിക്കുന്നില്ല.
മറ്റ് ഭാഷ സിനിമകളുടെ പ്രദർശനവും തടസപ്പെടുത്തില്ല. മലയാള സിനിമകൾ പ്രദർശിപ്പിക്കണം എന്ന് മാത്രമാണ് ആവശ്യം. കഴിഞ്ഞ ദിവസം നിർത്തിവച്ചത് മുതലുള്ള മലയാള സിനിമയുടെ നഷ്‌ടം പരിഹരിക്കപ്പെടാതെ പിവിആറിൽ ഒരു മലയാള സിനിമയും പ്രദർശിപ്പിക്കില്ല എന്നാണ് നിർമാതാക്കളുടെ അസോസിയേഷന്‍റെ തീരുമാനം.