ഹൈദരാബാദ്: തെലുങ്ക് നടനും രാഷ്‌ട്രീയ നേതാവുമായ നന്ദമൂരി ബാലകൃഷ്‌ണ ഒരു പരിപാടിയിൽ പങ്കെടുക്കവെ നടിയെ തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. യുവ താരമായ അഞ്ജലിയെ ആണ് ബാലകൃഷ്‌ണ തള്ളിയിടുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ ബാലകൃഷ്‌ണയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.
വിശ്വക് സെന്നും നേഹ ഷെട്ടിയും അഭിനയിക്കുന്ന ചിത്രമായ ഗാങ്‌സ് ഓഫ് ഗോദാവരിയുടെ പ്രീ-റിലീസ് ചടങ്ങിൽ വച്ചാണ് ബാലകൃഷ്ണ അഞ്ജലിയെ തള്ളിയിട്ടത്. ഈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ബാലകൃഷ്‌ണ. താരങ്ങൾ സ്‌റ്റേജിൽ അണിനിരക്കുന്നതിനിടെ അഞ്ജലിയെ തള്ളി നീക്കുകയായിരുന്നു താരം.
ബാലകൃഷ്‌ണയുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അഞ്ജലിയ്‌ക്കൊപ്പം നിൽക്കുന്ന സഹനടിയായ നേഹ ഞെട്ടുന്നതും വീഡിയോയിൽ കാണാനാകും. എന്നാൽ അഞ്ജലി ഈ സംഭവത്തെ ചിരിച്ച് കൊണ്ടാണ് നേരിട്ടത്. അഞ്ജലിയെ തള്ളുന്നതിന് മുമ്പ് ബാലകൃഷ്‌ണ പറഞ്ഞത് എന്താണെന്ന് വ്യക്തമല്ല. ഈ സംഭവം നടന്ന് കഴിഞ്ഞ് പിന്നീട് ബാലകൃഷ്‌ണ അവർക്ക് ഹൈ - ഫൈവ് നൽകുന്നതും ആരാധകർ കണ്ടു.
തമിഴ്, തെലുങ്ക് ചിത്രങ്ങളായ അങ്ങാടി തെരു, എങ്കയും എപ്പോഴും, സീതമ്മ വക്കിട്ട്‌ലോ സിരിമല്ലേ ചേട്ടു, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുള്ള നടിയാണ് അഞ്‌ജലി. അഞ്ജലി ഈ സംഭവത്തെ ഗൗരവമായി എടുത്തിട്ടില്ലെങ്കിലും ബാലകൃഷ്‌ണയുടെ ഇത്തരത്തിലുള്ള പെരുമാറ്റം സ്‌ത്രീകളോടുള്ള അദ്ദേഹത്തിന്‍റെ അനാദരവിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ആക്ഷേപം.
ബാലകൃഷ്‌ണ അഞ്ജലിയെ തള്ളുന്ന സമയം അവിടുണ്ടായിരുന്ന ആളുകൾ അത് പ്രോത്സാഹിപ്പിക്കുന്ന പോലെയാണ് പെരുമാറിയത്. 'ഇത് ബാലയ്യ' ആണ് എന്ന് പറഞ്ഞ് അദ്ദേഹത്തിന് സൗജന്യ പാസ് നൽകുന്നത് തികച്ചും ന്യായമായ കാര്യമല്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ബാലകൃഷ്‌ണ നടിയെ തള്ളിയതിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് സോഷ്യൽ മീഡിയ അദ്ദേഹത്തെ വിമർശിക്കുന്നത്.
ബാലകൃഷ്‌ണയുടെ സുഹൃത്തുക്കൾ പലപ്പോഴും അദ്ദേഹത്തിൻ്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ജയസിംഹയിൽ ബാലകൃഷ്‌ണയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകൻ കെ എസ് രവികുമാർ ഒരു പത്രസമ്മേളനത്തിൽ നടന്‍റെ ഷോർട്ട് ടെമ്പറിനെ പറ്റി ചർച്ച ചെയ്‌തിരുന്നു. ബാലകൃഷ്‌ണ വിഗ് മാറ്റിയത് കണ്ട ഒരു ആരാധകൻ അദ്ദേഹത്തെ നോക്കി ചിരിച്ചതിന് അദ്ദേഹം അസിസ്‌റ്റന്‍റ് ഡയറക്‌ടറെ മർദിക്കാൻ ശ്രമിച്ച സംഭവം രവികുമാർ പരാമർശിച്ചത് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ : ഒമർ ലുലുവിനെതിരെ ലൈംഗിക പീഡന കേസുമായി യുവനടി: പരാതി വ്യക്തിവൈരാഗ്യം മൂലമെന്ന് സംവിധായകൻ