ചെന്നൈ: സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ കൂലി എന്ന പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് സംഗീത സംവിധായകന്‍ ഇളയരാജയുടെ പകര്‍പ്പവകാശ നോട്ടീസ്. ചിത്രത്തിന്‍റെ പ്രഖ്യാപന ടീസറില്‍ ഉപയോഗിച്ചത് തന്‍റെ സംഗീതത്തിന്‍റെ പുനഃസൃഷ്‌ടിയാണെന്ന് ആരോപിച്ചാണ് നടപടി.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനായി സംവിധായകൻ ലോകേഷ് കനകരാജ് ടീസർ പുറത്തിറക്കിയിരുന്നു. അനിരുദ്ധാണ് ടീസറിന് സംഗീതം നൽകിയത്. ഇതിൽ ഇളയരാജയുടെ ‘ഡിസ്കോ ഡിസ്കോ’ എന്ന ഗാനത്തിന്‍റെ സംഗീതം പുനഃസൃഷ്ടിച്ചിരുന്നു.
ടീസറും മ്യൂസിക്കും പുറത്തിറങ്ങി ആരാധകർ ആഘോഷമാക്കിയിരിക്കെയാണ് ഇളയരാജ തന്‍റെ അഭിഭാഷകൻ മുഖേന കൂലിയുടെ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിൽ, ഇളയരാജയുടെ 'തങ്കമഗൻ' (1983) എന്ന ചിത്രത്തിലെ 'വാ വാ പക്കം വാ' എന്ന ഗാനത്തിലെ ചില വരികൾ പുനഃസൃഷ്ടിച്ചിട്ടുണ്ടെന്നും ഇളയരാജയിൽ നിന്ന് ഔപചാരികമായ അനുമതി വാങ്ങിയിട്ടില്ലെന്നും പരാമർശമുണ്ട്.
ഇളയരാജയുടെ എല്ലാ ഗാനങ്ങളുടെയും സംഗീതത്തിന്‍റെയും ആദ്യ ഉടമ അദ്ദേഹമാണ്, പക്ഷേ അദ്ദേഹത്തിന്‍റെ അവകാശങ്ങൾ ലഭിക്കാതെ തന്നെ പുനർനിർമ്മിച്ചു. ഈ പ്രവൃത്തി പ്രത്യേകമായി പകർപ്പവകാശ നിയമം 1957 പ്രകാരം കുറ്റകരമാണ്. ഈ ചിത്രത്തിന്‍റെ ലോകേഷ് കനകരാജ് അനുമതിയില്ലാതെ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്സിന് അയച്ച നോട്ടീസിലും ഇളയരാജ ചൂണ്ടിക്കാട്ടുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'വിക്രം' എന്ന ചിത്രത്തിലെ 'വിക്രം.. വിക്രം' എന്ന ഗാനവും, ലോകി നിർമ്മിച്ച 'ഫൈറ്റ് ക്ലബ്ബ്' എന്ന ചിത്രത്തിലെ 'എൻ ജോഡി മഞ്ഞ കുരുവി' എന്ന ഗാനത്തിന്‍റെ സംഗീതവും അവർ പുനഃസൃഷ്‌ടിച്ചു. ഇതിനും അവർ അനുമതി വാങ്ങിയിട്ടില്ലെന്ന് ഇളയരാജ പറയുന്നു. അതുകൊണ്ട് തന്നെ 'കൂലി' സിനിമയുടെ ടീസറിൽ വരുന്ന സംഗീതം കൃത്യമായ അനുമതിയോടെ പുനർനിർമ്മിക്കുകയോ ആ പ്രത്യേക ഭാഗം നീക്കം ചെയ്യുകയോ വേണം. അവർ അങ്ങനെ ചെയ്‌തില്ലെങ്കിൽ, ബന്ധപ്പെട്ട എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ഇളയരാജയുടെ അഭിഭാഷകൻ ത്യാഗരാജൻ മുഖേനയാണ് സൺ പിക്ചേഴ്സിന് നോട്ടീസ് അയച്ചിരിക്കുന്നത്.