മലയാള സിനിമയ്‌ക്ക് അഭിമാനകരമായ നിരവധി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് കോക്കേഴ്‌സ് ഫിലിംസ്. ഇതുവരെ നിർമ്മിച്ചതിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിന്‍റെ 'ദേവദൂതൻ' എന്ന് കോക്കേഴ്‌സ് ഫിലിംസ് ഉടമ സിയാദ് കോക്കർ നേരത്തെ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ 4കെ റീ മാസ്റ്റേർഡ് വെർഷൻ അറ്റ്‌മോസ് ശബ്‌ദ മികവിൽ ഉടൻ തിയേറ്ററിൽ എത്തും എന്നും അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ ആധുനിക മികവിൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിലീസ് കാലഘട്ടത്തിൽ പരാജയപ്പെട്ടു പോയെങ്കിലും മലയാളി പ്രേക്ഷകർ പിൽക്കാലത്ത് നെഞ്ചോട് ചേർത്ത ചിത്രമാണ് 'ദേവദൂതൻ'.
ഈ സിനിമയുടെ റീ റിലീസിനായി പ്രേക്ഷകർ കാത്തിരുന്നു എന്ന് വേണം പറയാൻ. സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ പകരം വയ്‌ക്കാനില്ലാത്ത പ്രകടനമാണ് നടൻ മോഹൻലാൽ കാഴ്‌ചവച്ചത്. നടൻ വിനീതിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയപ്രദ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.
വിദ്യാസാഗറിന്‍റെ സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. ഇന്നും മലയാളികളുടെ കാതുകളിൽ വീണ്ടും വീണ്ടും ഒഴുകിയെത്തുന്ന വിദ്യാസാഗറിന്‍റെ മാന്ത്രിക സംഗീതം തിയേറ്ററുകളിൽ നിന്നും അനുഭവിക്കാനാകുന്നതിന്‍റെ ത്രില്ലിലാണ് ആരാധകർ. രഘുനാഥ് പലേരിയാണ് ഈ ചിത്രത്തിന്‍റെ രചയിതാവ്. 1998ൽ ഷൂട്ടിങ് ആരംഭിച്ച 'ദേവദൂതൻ' 2000 ഡിസംബർ 22നാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ കാലം തെറ്റിയിറങ്ങിയ സിനിമ പോലെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ദേവദൂതൻ തിയേറ്ററുകളിൽ നിന്നും മടങ്ങുകയായിരുന്നു.
ALSO READ: 4കെ റിലീസിനൊരുങ്ങി 'ദേവദൂതൻ'; കോക്കേഴ്‌സ് ഫിലിംസിൽ ജനങ്ങൾക്ക് വിശ്വാസമെന്ന് സിയാദ് കോക്കർ