എറണാകുളം: മോഹൻലാലിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍. കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ മോഹൻലാലിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് താരത്തോടടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
കടുത്ത പനി, ശ്വാസംമുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. ശ്വാസകോശ സംബന്ധമായ അണുബാധയും അദ്ദേഹത്തെ ബാധിച്ചിരുന്നു.
നിലവില്‍ എറണാകുളത്തെ സ്വവസതിയിൽ വിശ്രമത്തിലാണ് മോഹൻലാൽ. അഞ്ച് ദിവസത്തെ വിശ്രമാണ് ആരോഗ്യവിദഗ്‌ധര്‍ നിര്‍ദേശിച്ചത്. അതേസമയം മോഹൻലാൽ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശുപത്രി അധികൃതർ നിരാകരിച്ചു. മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകളോട് താരത്തോടടുത്ത വൃത്തങ്ങളും പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ 15നാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ മോഹൻലാലിന്‍റെ അസുഖത്തെ സംബന്ധിച്ചുള്ള ആശുപത്രി അധികൃതർ പുറത്തിറക്കിയ കുറിപ്പ് ഓഗസ്‌റ്റ് 16 എന്ന തീയതിയിൽ ഉള്ളതാണ്. അതേ ദിവസം അസുഖ ബാധിതനായിരിക്കെ തന്നെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ചില ഔദ്യോഗിക സമ്മേളനങ്ങളില്‍ മേജർ രവിക്കൊപ്പം മോഹന്‍ലാല്‍ പങ്കെടുത്തതായി ശനിയാഴ്‌ച വൈകുന്നേരം മേജർ രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Also Read: '47 വർഷത്തെ സിനിമ ജീവിതത്തിൽ മികച്ച കഥാപാത്രങ്ങൾ സൃഷ്‌ടിച്ച എം ടി': മോഹൻലാൽ