മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന 'ബറോസി'ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ബംബൂസിയ അണ്ടര്‍ വാര്‍ട്ടര്‍' എന്ന പ്രമോ സോങ് ആണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ഗാനം പങ്കുവച്ചത്.
ഫാന്‍റസി പിരിഡ് ജോണറില്‍ ഒരുങ്ങുന്ന സിനിമ പ്രധാനമായും കുട്ടികള്‍ക്കുള്ളതാണ്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഈ ചിത്രം ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മോഹൻലാൽ തന്‍റെ അഭിനയ ജീവിതത്തിന്‍റെ 46 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് 'ബറോസ്' സംവിധാനം ചെയ്യുന്നത്.
കടലിനടിയിലെ കാഴ്‌ചയുടെ പശ്ചാത്തലത്തിലാണ് ബംബൂസിയ ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിന്‍റെ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നത്.
സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പ്രമോ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് കൃഷ്‌ണദാസ് പങ്കിയാണ്.
മോഹന്‍ലാല്‍, അഞ്ജന പത്മനാഭന്‍, അമൃതവര്‍ഷിണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ബറോസിലെ 'ഇസബെല്ലാ' എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീതഞ്ജരെ അണിനിരത്തിയാണ് ലിഡിയന്‍ ഈ ചിത്രത്തിന് വേണ്ടി 'ഇസബെല്ല' എന്ന ഗാനം ഒരുക്കിയത്. മാസിഡോണിയയിലെ ഫെയിംസ് ഓര്‍ക്കസ്‌ട്രയാണ് അണിചേര്‍ന്നത്.
19 കാരനായ ലിഡിയന്‍ നാദസ്വരം ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ചിത്രത്തിന് അനുയോജ്യമായ സംഗീതമൊരുക്കാന്‍ ലിഡിയന് കഴിയുമെന്ന മോഹന്‍ലാലിന്‍റെ വിശ്വാസമാണ് അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്. ഈ പ്രൊജക്‌ടിലേക്ക് ക്ഷണിക്കുമ്പോള്‍ ലിഡിയന്‍ പ്രായം 15 ആണ്.
ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2019 ല്‍ ആണ് ബറോസ് പ്രഖ്യാപിക്കപ്പെട്ടത്. അന്നു മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. 170 ദിവസത്തോളം സിനിമയുടെ ചിത്രീകരണം നടന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Also Read:'46 കൊല്ലം മലയാളികൾ മോഹൻലാലിന് നൽകിയ സ്നേഹത്തിന്‍റെ പ്രതിഫലമാണ് ബാറോസ്'