ഹൈദരാബാദ് : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി കോമിക് രൂപത്തിലെത്തുന്നു. ബാഹുബലി താരം റാണ ദഗ്ഗുബതിയുടെ കമ്പനിയായ സ്‌പിരിറ്റ് മീഡിയ, ടിങ്കിൾ കോമിക്‌സുമായി ചേർന്നാണ് 'ഇന്ത്യൻ സൂപ്പർ ഹീറോ' മിന്നൽ മുരളിയെ അവതരിപ്പിക്കുന്ന ഗ്രാഫിക് നോവൽ അവതരിപ്പിക്കുന്നത്.
സോഫിയ പോളിന്‍റെ വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ നിര്‍മാണത്തില്‍ ബേസിൽ ജോസഫ് ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. ടോവിനോ തോമസാണ് മിന്നല്‍ മുരളിയായി പ്രേക്ഷകര്‍ക്ക് മുന്നെലത്തിയത്. 2021-ൽ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്‌ത ചിത്രം ലോക സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നു.
ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ, ദഗ്ഗുബതി ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിനോട് തൻ്റെ ആവേശം പ്രകടിപ്പിച്ചു, 'ടിങ്കിളിന്‍റെ ഗ്രാഫിക് നോവൽ മിന്നൽ മുരളിയുടെ അരങ്ങേറ്റം മുംബൈ കോമിക്-കോണിൽ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് റാണ ദഗ്ഗുബതി ലോഞ്ചിങ് വേളയില്‍ പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ഇന്ത്യൻ കോമിക്ക് മേഖല വികസിക്കുന്നത് വലിയ അഭിമാനത്തിന്‍റെയും ആവേശത്തിന്‍റെയും നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1980-ൽ സ്ഥാപിതമായ ടിങ്കിൾ കോമിക്‌സ് അമർ ചിത്ര കഥയ്ക്കും ശുപ്പാണ്ടി, ശിക്കാരി ശംഭു തുടങ്ങിയ പ്രശസ്‌ത കഥാപാത്രങ്ങൾക്കും ഏറെ പേരുകേട്ടതാണ്. ഗ്രാഫിക് നോവൽ വിഭാഗത്തിലെ ടിങ്കിളിന്‍റെ ആദ്യ സംരംഭമാണ് മിന്നൽ മുരളി.
Also Read : കുട്ടേട്ടനും പിള്ളേരും ഒടിടിയിലേക്ക്; 'മഞ്ഞുമ്മൽ ബോയ്‌സ്' സ്‌ട്രീമിങ് ഉടൻ