'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി', 'റോഷാക്ക്', 'പവി കെയർട്ടേക്കർ', റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക' തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും കന്നഡ പ്രേക്ഷകര്‍ക്കും സുപരിചിതനായ സംഗീത സംവിധായകനാണ് മിഥുൻ മുകുന്ദൻ. ഇന്ത്യന്‍ സംഗീത മാധുര്യം എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് മിഥുന്‍ മുകുന്ദന്‍.
പ്രതിഭ സമ്പന്നത കൊണ്ട് പകരം വയ്ക്കാനില്ലാത്ത കലാകാരൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ സ്‌മൃതികളില്‍ തൊണ്ടയിടറി മിഥുൻ മുകുന്ദൻ. എസ്‌പിബിയുടെ അവസാന കന്നഡ ഗാനം തന്‍റെ സംഗീത സംവിധാനത്തിൽ ആയിരുന്നുവെന്ന് മിഥുൻ മുകുന്ദൻ.
ഇത്രയും ഊർജ്ജസ്വലനായ ഒരു മനുഷ്യൻ വളരെ പെട്ടെന്ന് ലോകത്തോട് വിട പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹത്തെ പോലൊരു കലാകാരനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തനിക്കും അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ് കുമാറിനും സ്വപ്‌ന സാക്ഷാത്കാരമായിരുന്നെന്നും മിഥുൻ മുകുന്ദൻ പറഞ്ഞു.
"പുനീത് രാജ്‌കുമാർ കേന്ദ്ര കഥാപാത്രമായ 'മായാ ബസാർ' എന്ന സിനിമയുടെ കമ്പോസിംഗ്, തിരക്കിട്ട് ബംഗളൂരുവിൽ നടക്കുകയാണ്. എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തി കഴിഞ്ഞു. 'ലോക മായ ബസാരു' എന്നു തുടങ്ങുന്ന ഇൻട്രോ ഡാൻസ് നമ്പറിന്‍റെ ട്യൂണിൽ ചെറിയൊരു കൺഫ്യൂഷൻ. എങ്കിലും അധികം വൈകാതെ തന്നെ ഗാനത്തിന്‍റെ സ്‌ട്രക്‌ച്ചറിലേയ്‌ക്ക് എത്തിച്ചേർന്നു.
കടുത്ത സംഗീത പ്രേമിയായ പുനീത് മിക്കപ്പോഴും കമ്പോസിംഗ് സമയത്ത് തന്നോടൊപ്പം സ്‌റ്റുഡിയോയിൽ ഉണ്ടാകും. പുനീതിന് ട്യൂൺ നന്നായി ഇഷ്‌ടപ്പെട്ടു. ഗാനം ആര് ആലപിക്കണം എന്നുള്ള ചർച്ച സ്‌റ്റുഡിയോയിൽ തകൃതിയായി നടക്കുന്നു. തന്‍റെ സൗണ്ട് എഞ്ചിനിയറുടെ നിർദ്ദേശം ആയിരുന്നു എസ്‌പിബി എന്ന പേര്. എസ്‌പിബി എന്ന ഓപ്ഷൻ അക്ഷരാർത്ഥത്തിൽ പുനീത് രാജ്‌കുമാറിനെ എക്സൈറ്റഡ് ആക്കി."-മിഥുൻ മുകുന്ദൻ പറഞ്ഞു.
പുനീതിന്‍റെ ഏറ്റവും വലിയ സ്വപ്‌നത്തെ കുറിച്ചും മിഥുൻ മുകുന്ദൻ വാചാലനായി. "തന്‍റെ ചേട്ടനായ ശിവരാജ് കുമാറിനും, അച്ഛനായ രാജകുമാറിനും വേണ്ടി എസ്‌പിബി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുനീതിന്‍റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു എസ്‌പിബിയുടെ ഗാനത്തിന് ചുവടു വയ്ക്കണം എന്നുള്ളത്. ഒരു ചർച്ചയിൽ ആർക്കും ആരുടെയും പേര് നിർദ്ദേശിക്കാം. അത്തരമൊരു നിർദ്ദേശത്തിൽ എസ്‌പി ബാലസുബ്രഹ്‌മണ്യം എന്ന പേര് കടന്നുവ ന്നെങ്കിലും പാട്ടുപാടാൻ അദ്ദേഹം സമ്മതം മൂളണമല്ലോ.
സമയം പാഴാക്കിയില്ല, എസ്‌പിബിയുടെ മാനേജരോട് വിളിച്ച് കാര്യം അവതരിപ്പിച്ചു. സ്വപ്‌ന സാക്ഷാത്കാരം.. അദ്ദേഹം ഗാനം ആലപിക്കാൻ സമ്മതം മൂളി. എസ്‌പിബി ഗാനമാലപിക്കാൻ സമ്മതം മൂളി എന്ന വിവരം അറിഞ്ഞതോടെ പുനീത് രാജ്‌കുമാർ അത്യന്തം സന്തോഷവാനായി. ഹൈദരാബാദിൽ എസ്‌പിബിയുടെ സ്വന്തം സ്‌റ്റുഡിയോയിൽ ആണ് ഗാനം റെക്കോർഡ് ചെയ്‌തത്.
ഞങ്ങൾ ബംഗളൂരുവിൽ ആയിരുന്നു. ഓൺലൈൻ സംവിധാനം വഴി പരസ്‌പരം കണക്‌ട് ചെയ്‌താണ് റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ഗാനം ആലപിച്ച ശേഷം വോയിസ് ട്രാക്ക്, അദ്ദേഹത്തിന്‍റെ സ്‌റ്റുഡിയോയിൽ നിന്നും അയച്ചുതന്നു. റോ വോയിസ് കേട്ട് ഞാൻ ഞെട്ടിപ്പോയി. വർഷങ്ങൾക്ക് മുമ്പ് 'റോജ'യിൽ എങ്ങനെ അദ്ദേഹത്തിന്‍റെ ശബ്‌ദം കേട്ടോ അതുപോലെ ഫ്രഷ്. ഒരല്‍പ്പം പോലും ശബ്‌ദത്തിൽ പ്രായത്തിന്‍റെ വിറയല്‍ ഇല്ല. ശരിക്കും എസ്‌പിബി അത്ഭുതപ്പെടുത്തി.
ഗാനത്തിന്‍റെ മറ്റു പണികൾ പുരോഗമിക്കവെ ഒന്ന് രണ്ട് കറക്ഷനുകൾ വേണമെന്ന് തോന്നി. പക്ഷേ ഇതെങ്ങനെ എസ്‌പിബിയോട് ആവശ്യപ്പെടും. ലെജൻഡ്, എത്രയോ സീനിയർ. എന്നെ പോലൊരു ചെറിയ കലാകാരൻ എസ്‌പിബി ആലപിച്ച ഗാനത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടാൽ അവിവേകം ആയി പോകുമോ എന്ന സംശയം. പക്ഷേ പ്രൊഫഷണലിസം എന്ന ഘടകം മാത്രം മനസ്സിൽ ചിന്തിച്ച് എസ്‌പിബിയുടെ മാനേജരോട് വിളിച്ച് കാര്യം ബോധിപ്പിച്ചു. ഗാനം മാറ്റിപ്പാടി അയച്ചുതരുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു." -മിഥുൻ മുകുന്ദൻ പറഞ്ഞു.
എസ്‌പി ബാലസുബ്രഹ്‌മണ്യം തന്നെ ആദ്യമായി ഫോണ്‍ വിളിച്ചപ്പോള്‍ ഉള്ള അനുഭവവും മിഥുന്‍ മുകുന്ദന്‍ പങ്കുവച്ചു. "രണ്ട് ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു അവധി ദിവസം. ഞാനെന്‍റെ ബംഗളൂരുവിലെ വീടിന് മുന്നിലുള്ള പെട്ടിക്കടയിൽ ഇരുന്ന് ചായ കുടിക്കുകയാണ്. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു. ആന്ധ്രപ്രദേശ് നല്ലൂർ നമ്പർ എന്നാണ് ട്രൂകോളറിൽ കാണിക്കുന്നത്. ഫോണെടുത്തു. മറുതലയ്ക്കൽ നിന്നും 'നമസ്ക്കാരാ..നാൻ എസ്‌പി ബാലസുബ്രഹ്‌മണ്യം മാട്ലാടുതുനാരു.'( എസ്‌പി ബാലസുബ്രഹ്‌മണ്യമാണ് സംസാരിക്കുന്നത്).
അദ്ദേഹത്തിന്‍റെ ശബ്‌ദം കേട്ടതും ഞാൻ ഞെട്ടിപ്പോയി. കയ്യിലിരിക്കുന്ന ചായ ഗ്ലാസ് താഴെ വയ്ക്കണോ, അതോ ചായ കുടിക്കണോ ആകെ ഒരു കൺഫ്യൂഷൻ. പക്ഷേ വളരെയധികം സൗമ്യനായി എസ്‌പി ബാലസുബ്രഹ്‌മണ്യം തന്നോട് സംസാരിക്കാൻ ആരംഭിച്ചു. എന്തൊക്കെ കറക്ഷനുകളാണ് ഗാനത്തിൽ വരുത്തേണ്ടതെന്ന് തികഞ്ഞൊരു പ്രൊഫഷണലിനെ പോലെ അദ്ദേഹം എന്നോട് ചോദിച്ചു മനസ്സിലാക്കി.
രണ്ടു ദിവസം കഴിഞ്ഞ് തനിക്ക് രണ്ട് വോയ്‌സ് ട്രാക്കുകൾ അദ്ദേഹം നേരിട്ട് അയച്ചു തന്നു. ശേഷം അദ്ദേഹം ഫോണിൽ വിളിച്ച് പറഞ്ഞത് ഇങ്ങനെയാണ്, രണ്ട് വോയിസ് ട്രാക്കുകൾ അയച്ചതിൽ ഒന്ന് താങ്കൾ പറഞ്ഞ് തന്നതിന് അനുസരിച്ച് മാറ്റം വരുത്തിയതാണ്. രണ്ട് പുനീതാണ് ഗാന രംഗത്തിൽ പെർഫോം ചെയ്യുന്നതെന്ന് മനസ്സിൽ ഉൾക്കൊണ്ട് എന്‍റേതായ ചില കോൺട്രിബ്യൂഷനുകൾ ആഡ് ചെയ്‌തത്. ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.
രണ്ട് ട്രാക്കുകളും കേട്ട് ആകെ പരിഭ്രാന്തനായി. ഒന്നിനൊന്ന് മെച്ചം. ഏതു തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിലായി. ഒടുവിൽ രണ്ടിൽ നിന്നും ആവശ്യമുള്ള ഭാഗങ്ങൾ സ്വീകരിച്ച് ഗാനമൊരുങ്ങി. എസ്‌പിബി ഗാനം ആലപിക്കുമ്പോൾ അഭിനയിച്ചു കൊണ്ടാണ് പാടുന്നതെന്ന് തോന്നുന്നു. അത്രയും പെർഫെക്‌ട് സിങ്കാണ് ഗാനത്തിന്‍റെ രംഗങ്ങളും അദ്ദേഹത്തിന്‍റെ ശബ്‌ദവും. തന്‍റെ കെരിയറിൽ നാഴികക്കല്ലായ ഗാനമാണിത്."-മിഥുൻ മുകുന്ദൻ പറഞ്ഞു.