മലയാളത്തിൽ റൊക്കോർഡ് നേട്ടവുമായി പ്രദർശനം തുടരുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ബോക്‌സ് ഓഫിസിൽ 200 കോടിയും കടന്നാണ് ഈ സിനിമയിടെ ജൈത്രയാത്ര. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സ്' ആഴ്‌ചകൾ പിന്നിട്ടിട്ടും വിവിധയിടങ്ങളിൽ പ്രദർശനം തുടരുകയാണ്.
'ജാൻ-എ-മൻ' എന്ന സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്‌ത 'മഞ്ഞുമ്മൽ ബോയ്‌സ്' യഥാർഥ കഥയെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ഗുണ കേവിലേക്ക് ടൂർ പോകുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം. മലയാളത്തിലെ ഏറ്റവും ഉയർന്ന തിയേറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞ 'മഞ്ഞുമ്മൽ ബോയ്‌സ്' തമിഴ്‌നാട്ടിലും വമ്പൻ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ 'മഞ്ഞുമ്മൽ ബോയ്‌സി’നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്.
തന്‍റെ അഭിനന്ദനം അറിയിക്കാനാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെയും താരങ്ങളെയും അദ്ദേഹം ക്ഷണിച്ചത്. തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ഇടവേളയിൽ വീട്ടിലെത്തിയ അദ്ദേഹം 'മഞ്ഞുമ്മൽ ബോയ്‌സി'നെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് തമിഴകത്തിന്‍റെ സ്‌റ്റൈൽ മന്നനെ സന്ദർശിക്കാൻ വീട്ടിലെത്തിയത്.
രജനികാന്തുമായുള്ള സമാഗമം താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് സർവൈവൽ ത്രില്ലറായി ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്‌സ്' സ്വന്തമാക്കിയത്. പറവ ഫിലിംസിന്‍റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർക്കൊപ്പം ഗോകുലം മുവീസും ചേർന്നാണ് ഈ സിനിമയുടെ നിർമാണം.
അമേരിക്കയിൽ ഒരു മില്യൻ ഡോളർ കളക്ഷൻ (ഏകദേശം 8 കോടി രൂപ) നേടുന്ന ആദ്യ മലയാള സിനിമയെന്ന റൊക്കോർഡും 'മഞ്ഞുമ്മൽ ബോയ്‌സ്' നേരത്തെ നേടിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിദംബരത്തിന്‍റെ സംവിധാന മികവിനൊപ്പം അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും ഷൈജു ഖാലിദിന്‍റെ ഛായാഗ്രാഹണവും സുഷിൻ ശ്യാമിന്‍റെ സംഗീതവും എല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു.