എറണാകുളം : 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമ നിര്‍മാതാക്കൾക്കെതിരായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നിർമാതാക്കളുടെ അക്കൗണ്ട് വിവരങ്ങൾ തേടി ബാങ്കുകൾക്ക് പൊലീസ് നോട്ടിസ് നൽകി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. നിർമാതാക്കളെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്ന നടപടികളിലേക്കടക്കം പൊലീസ് കടന്നേക്കും.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് മരട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. സിനിമ നിർമാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്.
'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമ നിർമാണത്തിൽ ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നായിരുന്നു സിറാജിൻ്റെ പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. നേരത്തെ സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു.
നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണർ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്‍റെ നിര്‍മാണ പങ്കാളിയായ സിറാജ് താൻ ഏഴ് കോടിരൂപ സിനിമയ്‌ക്കായി ചെലഴിച്ചതായാണ് അവകാശപ്പെടുന്നത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു പണം നല്‍കുമ്പോള്‍ പ്രധാന നിര്‍മാതാക്കള്‍ അറിയിച്ചത്.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും ഇദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. രജ്യാന്തര തലത്തിൽ ഹിറ്റായ സിനിമ ഇതുവരെ 220 കോടിരൂപ കലക്ഷന്‍ നേടിയെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് നോട്ടിസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ നിയമ നടപടികളുമായി മജിസ്‌ട്രേറ്റ് കോടതിയെ സിറാജ് സമീപിച്ചത്.
ALSO READ: 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്