ചെന്നൈ: നടി മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കള്ളപ്പണം തടയാൻ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ ഊർജിത പരിശോധന നടത്തുകയാണ്.
ഇതിനിടെയാണ് നടി മഞ്ജു വാര്യരുടെ കാറും ഉദ്യോഗസ്ഥർ പരിശോധിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മഞ്ജുവിന്‍റെ കേരള രജിസ്‌ട്രേഷനിലുള്ള കാർ പരിശോധിക്കുന്നത്. ഇലക്ഷൻ ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഓഫിസർ രഞ്ജിത്ത് കുമാറിൻ്റെ മേൽനോട്ടത്തിൽ, പൊലീസ് സബ് ഇൻസ്‌പെക്‌ടർ കൗസല്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിർത്തിയിട്ട കാറിൽ മഞ്ജുവിനെ കണ്ടതോടെ മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ സെൽഫിയെടുക്കാൻ എത്തി. ഇതോടെ തിരക്ക് ഒഴിവാക്കാൻ പരിശോധന വേഗത്തിലാക്കി താരത്തിന്‍റെ വാഹനം കടത്തിവിടുകയായിരുന്നു.
വിടുതലൈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ട്രിച്ചിക്ക് അടുത്തുള്ള ലാൽഗുഡി മേഖലയിലാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ALSO READ: അതിർത്തി മേഖലകളിൽ ഇലക്‌ടറൽ ഫ്ലയിങ് സ്‌ക്വാഡുമായി ഇലക്ഷൻ കമ്മിഷൻ; പരിശോധന തുടങ്ങി