ടൊവിനോ തോമസ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Tovino Thomas starrer Anweshippin Kandethum movie). ഡാർവിൻ കുര്യാക്കോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യർ (Manju Warrier praises Anweshippin Kandethum movie).
'മസ്റ്റ് വാച്ച്' എന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമ കണ്ട ശേഷമുള്ള താരത്തിന്‍റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം തന്‍റെ 'റിവ്യൂ' കുറിച്ചത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്‌ഷനുള്ള പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംവിധായകൻ ഡാർവിനെയും ടൊവിനോയേയും നിർമാതാവ് ഡോൾവിനെയും ഛായാഗ്രാഹകൻ ഗൗതം ശങ്കറിനെയും താരം പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
അതേസമയം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രം നേടുന്നത്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' സസ്‌പെൻസ് ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നത്. സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരനായ പൊലീസുകാരനായി ടൊവിനോ മികച്ച പ്രകടനം കാഴ്‌ചവച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ജിനു എബ്രഹാം ആണ്. 'ആദം ജോൺ', 'കടുവ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം തിരക്കഥ എഴുതിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ടൊവിനോയ്‌ക്കൊപ്പം പ്രമോദ് വെളിയനാട്, സിദ്ദിഖ്, ഇന്ദ്രൻസ്, അർഥന ബിനു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വളരെ റിയലിസ്റ്റിക് ആയി, മുൻപെങ്ങും കാണാത്ത ആഖ്യാന രീതിയിലാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' പ്രേക്ഷകർക്ക് മുന്നിലെത്തുക എന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ മാത്രം കഥയല്ല ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയും ഈ ചിത്രം സഞ്ചരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിരുന്നു.
തിയേറ്റർ ഓഫ് ഡ്രീംസാണ് ഈ ചിത്രം നിർമിച്ചത്. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയനായ സംഗീതജ്ഞൻ സന്തോഷ് നാരായണന്‍റെ മലയാള അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം. സന്തോഷ് നാരായണൻ ഈണവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന ഖ്യാതിയുമായാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' തിയേറ്ററുകളിൽ എത്തിയത്.