അനധികൃത സ്വത്ത് സമ്പാദിച്ച വിഷയവുമായി ബന്ധപ്പെട്ട് നടൻ മണികണ്‌ഠൻ ആചാരിയുടെ പേരിൽ വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം മലപ്പുറം എഡിഷനിലാണ് നടന്‍റെ പേരില്‍ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മണികണ്‌ഠൻ ആചാരി രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്‍റെ പ്രതികരണം. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് മണികണ്‌ഠൻ ആചാരി.
പറയേണ്ടതൊക്കെ എന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ ഒരു വീഡിയോ രൂപത്തിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൃത്യമായി അന്വേഷിച്ച് അതിൽ എന്തെങ്കിലും ഗൂഢാലോചന പരമായ കാര്യം ഉണ്ടെങ്കിൽ മാത്രമേ നിയമപരമായി മുന്നോട്ടു നീങ്ങുന്നുള്ളൂ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കേണ്ടതായിട്ടുണ്ട്." -മണികണ്‌ഠൻ ആചാരി പ്രതികരിച്ചു.
നടൻ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റിലായ വാര്‍ത്തയ്‌ക്ക് തന്‍റെ ഫോട്ടോ ഉപയോഗിച്ചതിനെതായണ് നടന്‍ രംഗത്തെത്തിയത്. മലയാള മനോരമയുടെ മലപ്പുറം എഡിഷനില്‍ വന്ന വാര്‍ത്തയിലായിരുന്നു ഇത്. മനോരമയ്‌ക്ക് തന്‍റെ പടം കണ്ടാല്‍ അറിയില്ലേ എന്നും മനോരമയ്ക്ക് അറിയാത്ത ഒരാളാണോ താന്‍ എന്ന് സംശയിക്കുന്നു എന്നുമാണ് വീഡിയോയില്‍ മണികണ്‌ഠന്‍ പറഞ്ഞത്.
"ഫോട്ടോ ദുരുപയോഗം ചെയ്‌തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്‌റ്റിലാലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി, അത് ഞാനല്ലെന്ന്. അയാള്‍ അറസ്‌റ്റിലായി, വേറൊരാളെ കാസ്‌റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കില്‍ എന്‍റെ അവസരവും നഷ്‌ടപ്പെട്ടേനെ. ഇനി എത്ര അവസരം നഷ്‌ടപ്പെടുമെന്ന് അറിയില്ല.
നിയമപരമായി മുന്നോട്ടു പോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. അത് ഉണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്‍റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു. നിയമപരമായി മുന്നോട്ടു പോകും." -ഇപ്രകാരമാണ് മണികണ്‌ഠന്‍ ആചാരി വീഡിയോയില്‍ പറഞ്ഞത്.
Also Read: ശ്രീധരൻ മാഷും നീലിയും വീണ്ടും... നീലക്കുയിലിന്‍റെ 70-ാം വര്‍ഷത്തില്‍ നാടകം