മമ്മൂട്ടി ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രമാണ് 'ടർബോ'. അടുത്തിടെ പുറത്തിറങ്ങിയ മുഴുവന്‍ സിനിമകളും മികവുകൊണ്ടും കലക്ഷൻ കൊണ്ടും ഗംഭീരമാക്കിയ മമ്മൂട്ടി പുതിയ ചിത്രവുമായി എത്തുമ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം ഹാപ്പിയാണ്. വൈശാഖാണ് മമ്മൂട്ടിയുടെ 'ടർബോ' സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ പുതിയ അപ്‌ഡേറ്റാണ് ഏവരുടെയും ചർച്ച വിഷയം. 'ടര്‍ബോ'യിലെ മ്യൂസിക് സംബന്ധിച്ച അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ സംഗീത വിഭാഗത്തിന്‍റെ ജോലികള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് സംബന്ധിച്ച പുതിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധകരില്‍ ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതമായിരിക്കും 'ടർബോ' സിനിമയിലേതെന്ന് ഉറപ്പാക്കുന്നതാണ് ഈ വീഡിയോ.
മമ്മൂട്ടി മാസായിട്ടാകും 'ടർബോ'യിൽ എത്തുകയെന്ന സൂചനയും ഈ വീഡിയോ നൽകുന്നു. ഏതായാലും ചിത്രം തിയേറ്ററുകൾ ഇളക്കി മറിക്കുമെന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ടർബോ'യ്‌ക്ക്. മമ്മൂട്ടി ടർബോ ജോസായി എത്തുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.
മമ്മൂട്ടി കമ്പനിയാണ് 'ടർബോ'യുടെ നിർമാണം. ഈ ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് 'ടർബോ'. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് 'ടർബോ' സിനിമയുടെ കേരള ഡിസ്‌ട്രിബ്യൂഷൻ റൈറ്റ്‌സ് സ്വന്തമാക്കിയത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഈ ചിത്രത്തിന്‍റെ ഓവർസീസ് പാർട്‌ണറാണ്.
കന്നഡ താരം രാജ് ബി ഷെട്ടി, തെലുഗു നടൻ സുനിൽ ഉൾപ്പടെ വമ്പൻ താരനിരയാണ് 'ടർബോ'യിൽ അണിനിരക്കുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന നിലയിലുള്ള മാസ് - ആക്ഷൻ സിനിമയായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. 'ടർബോ'യിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് എന്നതും ശ്രദ്ധേയം. ഒരു മലയാള സിനിമയ്‌ക്ക് സംഘട്ടനം ഒരുക്കാൻ വിയറ്റ്നാം ഫൈറ്റേർസ് എത്തുക അപൂർവ്വമായൊരു സംഭവം തന്നെയാണ്.
ജസ്റ്റിൻ വർഗീസാണ് 'ടർബോ'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിഷ്‌ണു ശർമ്മയും എഡിറ്റർ ഷമീർ മുഹമ്മദുമാണ്.
കോ ഡയറക്‌ടർ - ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.
ALSO READ: 'ടർബോ ജോസ് അണ്ടർ അറസ്റ്റ്'; വൈറലായി സെക്കൻഡ് ലുക്ക് പോസ്റ്റർ