രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത് വൈനോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച സിനിമയാണ് 'ഭ്രമയുഗം'. മലയാളികളുടെ അഭിമാന താരം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിലേക്ക് എത്തുകയായി. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു (Bramayugam press meet).
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന സവിശേഷതയാണ് ഭ്രമയുഗത്തെ വ്യത്യസ്‌തമാക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിന്‍റെ സിനിമയായതുകൊണ്ടുതന്നെ തിരക്കഥ ഒരുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്‍റെ വേഷവിധാനങ്ങളെ കുറിച്ച് കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു. ട്രെയിലറുകളിലൂടെയും പോസ്റ്ററുകളിലൂടെയും കണ്ട മമ്മൂട്ടിയുടെ വേഷങ്ങൾ അത്തരത്തിൽ ചിട്ടപ്പെടുത്തിയതാണ്. ആ വേഷത്തിൽ പുതുമ തോന്നി എന്ന അഭിപ്രായങ്ങളോട് സന്തോഷം പ്രകടിപ്പിക്കുന്നതായും സംവിധായകൻ പറഞ്ഞു.
അതേസമയം സിനിമയെ കുറിച്ച് ഒന്നും പ്രതീക്ഷിക്കരുതെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നടൻ മമ്മൂട്ടി വ്യക്തമാക്കി. കഥ ഇങ്ങനെയാകാം അങ്ങനെയാകാം എന്നൊന്നും പ്രതീക്ഷിക്കരുത് എന്നാണ് അബുദാബിയിൽ നടന്ന ചടങ്ങിൽ പറഞ്ഞത്. ഓരോ പ്രതീക്ഷയുമായി വന്ന് സിനിമ കണ്ടിട്ട് പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്ന് പറയുന്നതിൽ അർഥമില്ല.
ഒരു സിനിമയുടെ കഥ സിനിമ കണ്ടുതന്നെ അറിയുന്നതാണ് ഭംഗി. വാക്കുകൾ വളച്ചൊടിച്ച് തന്നെ കുറ്റപ്പെടുത്തരുതെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ട്രെയിലറും പോസ്റ്ററും എല്ലാം കണ്ട് ചിലർ സിനിമ ഇങ്ങനെയായിരിക്കാം എന്നൊക്കെ പറയും. അതൊന്നും ഒരിക്കലും അങ്ങനെ തന്നെ ആകണമെന്നില്ല. ഇതൊക്കെ മനസിലേറ്റിയാണ് സിനിമ കാണാൻ വരുന്നതെങ്കിൽ പൂർണമായും സിനിമയുടെ ആസ്വാദന ചരട് നഷ്‌ടപ്പെടും.
സിനിമ ഇല്ലാതിരുന്ന ഒരു കാലത്തെ കഥ പറയുന്നതുകൊണ്ടാണ് ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ തലമുറയ്‌ക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പുതിയ അനുഭവമായിരിക്കും. ഇപ്പോഴും പല ഹോളിവുഡ് ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റില്‍ ചിത്രീകരിക്കുന്നുണ്ട്. ഓസ്‌കർ അവാർഡ് നേടിയ ആർട്ടിസ്റ്റ് എന്ന ചിത്രം 35 mm ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം കറുത്ത ഷർട്ടും വെള്ള മുണ്ടും അണിഞ്ഞാണ് താരങ്ങളും അണിയറ പ്രവർത്തകരും പ്രസ് മീറ്റിന് എത്തിയത്. മമ്മൂക്ക വെള്ള ഷർട്ടും ഗ്രേ ജീൻസും ധരിച്ചപ്പോൾ അമാൽഡ ലിസും വെളുത്ത വസ്‌ത്രത്തിലാണ് എത്തിയത്. താൻ ബാക്കിയുള്ളവരിൽ നിന്ന് വ്യത്യസ്‌തനാകാൻ നോക്കിയതാണെന്ന് മമ്മൂട്ടിയുടെ മാസ് മറുപടിയും.
ഭ്രമയുഗം ഒരു ടൈം ലൂപ് സിനിമയോണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സംവിധായകന്‍റെ മറുപടി. ട്രെയിലർ കണ്ടാൽ ഒരുപക്ഷേ അങ്ങനെ തോന്നിയേക്കും. എന്നാൽ ടൈം ലൂപ് അല്ലെന്നും മറ്റ് ചില പരീക്ഷണങ്ങൾ ചിത്രത്തിൽ നടത്തിയിട്ടുണ്ടെന്നും സംവിധായകൻ രാഹുൽ സദാശിവൻ വ്യക്തമാക്കി.
ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വില്ലനാണോ എന്ന ചോദ്യവും ഉയർന്നു. വില്ലൻ എന്ന പദം സിനിമയിൽ ഉപയോഗിക്കുന്നതിന് മുമ്പുള്ള കഥയാണിത്. ചിത്രം റിലീസ് ചെയ്യാൻ രണ്ടുമൂന്നു ദിവസം കൂടിയല്ലേ ഉള്ളൂ ഒന്ന് ക്ഷമിച്ചുകൂടേയെന്നും വീണ്ടും ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ മറുപടി. ദുഷ്‌ട കഥാപാത്രങ്ങളെ വില്ലൻ എന്ന് വിളിക്കുന്ന ഒരു കാലം ഇല്ലായിരുന്നു. പ്രയോഗങ്ങളൊക്കെ പിന്നീടുണ്ടായതാണ്. കൂടുതൽ പഴയ കാര്യങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. ഞാനീ അടുത്തകാലത്ത് ജനിച്ച ഒരാളാണ്- മമ്മൂട്ടി പറഞ്ഞു.
ALSO READ: പ്രേക്ഷകരെ വിറപ്പിക്കാൻ മമ്മൂട്ടിയും കൂട്ടരും ; 'ഭ്രമയുഗം' ട്രെയിലർ പുറത്ത്
ഭ്രമയുഗം സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്‌ഠൻ ആചാരി, അമാൽഡ ലിസ്, തിരക്കഥാകൃത്ത് ടി ഡി രാമകൃഷ്‌ണൻ, നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ തുടങ്ങിയവരും പ്രസ് മീറ്റിൽ പങ്കെടുത്തു.